പള്ളിയിലെ കാര്യം പള്ളിയിലല്ലേ പറയേണ്ടത്... വിമര്‍ശകര്‍ എന്നും വിമര്‍ശകര്‍ എന്ന് പിഎംഎ സലാം
കോഴിക്കോട്: പള്ളിയിലെ കാര്യങ്ങള്‍ പള്ളിയിലല്ലാതെ വെറെ എവിടെയാണ് പറയുക എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. വഖഫ് വിവാദം സബന്ധിച്ച് വെള്ളിയാഴ്ച പള്ളികളില്‍ ബോധല്‍ക്കരണം നടത്താനുള്ള തീരുമാനത്തിനെതിരെ കെടി ജലീല്‍ എംഎല്‍എ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് സലാമിന്റെ മറുപടി. മുസ്ലിം സംഘടനകളുടെ തീരുമാനമാണത്. മുസ്ലിം ലീഗ് തീരുമാനിച്ചതല്ല. വിഷയം ലീഗ് രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സലാം പറഞ്ഞു.
വഖഫ് സ്വത്തുക്കളുടെ കൈകാര്യം സംബന്ധിച്ച വിഷയങ്ങളാണ് പള്ളിയില്‍ പറയാന്‍ തീരുമാനിച്ചത്. പള്ളിയുടെ കാര്യമാണത്. മുസ്ലിം സംഘടനകളുടെ യോഗത്തിന്റെ കണ്‍വീനര്‍ എന്ന നിലയിലാണ് കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. യോഗത്തില്‍ പങ്കെടുത്തത് മുസ്ലിം സംഘടനാ പ്രതിനിധികളാണ്. അത് ലീഗിന്റെ തീരുമാനങ്ങളല്ല. മുസ്ലിം ലീഗിനെ ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ എക്കാലത്തും മുസ്ലിം ലീഗിനെ വിമര്‍ശിച്ചവരാണ്. മുസ്ലിം ലീഗ് നല്ലത് ചെയ്തുവെന്ന് ഒരുകാലത്തും ഇക്കൂട്ടര്‍ പറഞ്ഞിട്ടില്ല. എല്ലാ മതസ്ഥരും അവരെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. അതിന് സ്വാതന്ത്ര്യമുണ്ട്. വിശ്വാസികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും പിഎംഎ സലാം ചോദിച്ചു.

പള്ളിയില്‍ പറയുന്നത് മതകാര്യമാണെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചു. വഖഫ് നിയമന വിഷയം രാഷ്ട്രീയകാര്യമല്ല. മതകാര്യമാണ്. മുസ്ലിം സംഘടനകളുടെ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. യോഗ തീരുമാനം അറിയിക്കുക മാത്രമാണ് പിഎംഎ സലാം ചെയ്തതെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. മുസ്ലിം ലീഗ് പള്ളികളെ രാഷ്ട്രീകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നാരോപിച്ച് കെടി ജലീല്‍ രംഗത്തുവന്നിരുന്നു. മുഹ്‌സിന്‍ എംഎല്‍എയും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ജലീലിന്റെ വാക്കുകള്‍ ഇങ്ങനെ...
ലീഗിനിത് എന്തുപറ്റി?
പള്ളികള്‍ രാഷ്ട്രീയ ദുര്‍ലാക്കോടെയുള്ള സമരങ്ങള്‍ക്ക് വേദിയാക്കിയാല്‍ അമ്പലങ്ങളും ചര്‍ച്ചുകളും സമാനമായി ദുരുപയോഗം ചെയ്യില്ലേ? അപ്പോള്‍ ലീഗിന്റെ അഭിപ്രായം എന്താകും? മുസ്ലിം സമുദായത്തിലെ എല്ലാ സംഘടനകളും ഒരുപോലെ യോജിക്കുന്ന വിഷയങ്ങളില്‍ (ശരീരത്ത്, പൗരത്വം, മുത്തലാഖ്) പള്ളികളില്‍ വെച്ച് ഉല്‍ബോധനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ലീഗ് ഇപ്പോള്‍ പറയുന്ന കാരണങ്ങള്‍ തീര്‍ത്തും രാഷ്ട്രീയ വിരോധത്തോടെയുള്ളതാണെന്ന് ഉറപ്പുള്ളത് കൊണ്ടാണ് നിരവധി പള്ളികളുടെ നിയന്ത്രണമുള്ള ശൈഖുനാ എ.പി അബൂബക്കര്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗം ലീഗ് തട്ടിപ്പടച്ചുണ്ടാക്കിയ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് വിട്ട് നിന്നതും ലീഗിന്റെ നിലപാടിനോട് വിയോജിച്ചതും. ഏറ്റവുമധികം പള്ളികളുള്ള സമസ്തയുടെ പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളോ ജനറല്‍ സെക്രട്ടറി പ്രൊ: ആലിക്കുട്ടി മുസ്ല്യാരോ കോഡിനേഷന്‍ കമ്മിറ്റിയില്‍ പങ്കെടുത്തിട്ടില്ല. ദക്ഷിണ കേരള ജംഇയ്യത്തും ഉലമയുടെ പ്രധാനികളാരും ലീഗ് ഉപഗ്രഹ യോഗത്തില്‍ സംബന്ധിച്ചതായി അറിവില്ല. വിവിധ മുസ്ലിം സംഘടനകളിലെ ലീഗുകാരായ രണ്ടാം നിരക്കാരായവര്‍ പങ്കെടുത്ത യോഗമാണ് കോഴിക്കോട്ട് നടന്നതെന്നത്.
രാഷ്ടീയമായി ഒരു സമരം ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാകുമ്പോഴാണ് പള്ളികളെയും മത ചിഹ്നങ്ങളെയും ലീഗ് വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരിക. പള്ളികള്‍ മുസ്ലിം ലീഗിന്റെ ആപ്പീസുകളല്ലെന്ന് ഇനിയെങ്കിലും അവര്‍ മനസ്സിലാക്കണം. കേരളത്തിലെ മഹല്ലുകമ്മിറ്റികളില്‍ (കരയോഗം/ഇടവക) കാലങ്ങളായി നിലനില്‍ക്കുന്ന ഐക്യത്തിന്റെ കടക്കാണ് ലീഗ് പുതിയ നീക്കത്തിലൂടെ കത്തിവെക്കുന്നത്. വെള്ളിയാഴ്ച പള്ളികളില്‍ ലീഗനുകൂല ഇമാമുമാര്‍ പ്രസംഗിക്കുമ്പോള്‍ എതിരഭിപ്രായമുള്ളവര്‍ അതിനോട് പ്രതികരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. സ്വാഭാവികമായും അത് തര്‍ക്കങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കും ഇടവെച്ചേക്കും. നിരവധി പള്ളികളുടെ 'ഖാളി' സ്ഥാനം അലങ്കരിക്കുന്ന ബഹുമാന്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈ തീക്കളിയില്‍ നിന്ന് ലീഗിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
കഴിഞ്ഞ ദിവസം പിഎംഎ സലാം മുസ്ലിം സംഘടനകളുടെ യോഗത്തിന്റെ തീരുമാനം വിശദീകരിച്ചത് ഇങ്ങനെ...
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം നേതൃസമിതി പ്രത്യക്ഷ സമരപരിപാടികള്‍ക്ക് രൂപം നല്‍കി. മുസ്ലിം സമുദായത്തിന്റെ നിരന്തരമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പുറംതിരിഞ്ഞ് നില്‍ക്കുന്ന ഇടത് സര്‍ക്കാറിന്റെ ധിക്കാരപരമായ സമീപനങ്ങള്‍ക്കതിരായാണ് സമര പ്രഖ്യാപനം. സ്‌കോളര്‍ഷിപ്പ് വിഷയത്തിലും, സി.എ.എ, എന്‍.ആര്‍.സി കേസുകള്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം നിറവേറ്റാതിരിക്കുന്നതിലും നിയമനങ്ങളില്‍ സംവരണ അട്ടിമറി തടയാതിരിക്കുന്നതിലും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉള്ള സെന്‍ട്രല്‍ സ്‌കോളര്‍ഷിപ്പുകള്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് അന്യമാക്കപ്പെട്ട നിലപാടിലും എ.ഐ.പി സ്‌കൂളുകള്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ എടുത്തുമാറ്റിയതിലും മലബാര്‍ പ്രദേശത്തെ വിദ്യാഭ്യാസ അസൗകര്യങ്ങള്‍ പരിഹരിക്കപെടാതെ കിടക്കുന്നതിലുമടക്കം ഇടത് മുന്നണി സര്‍ക്കാറിന്റെ മുസ്ലിം വിരുദ്ധ സമീപനങ്ങള്‍ക്കെതിരെയാണ് സമരം.
സമരങ്ങളുടെ ആദ്യഘട്ടം ഡിസംബര്‍ 3ന് വെള്ളിയാഴ്ച ആരംഭിക്കും. അന്നേദിവസം എല്ലാ മഹല്ലുകളില്‍ ജുമുഅ നിസ്‌കാരത്തോടനുബന്ധിച്ച് നടത്തുന്ന പ്രഭാഷണങ്ങളില്‍ ഇത് സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കും. ഡിസംബര്‍ 7ന് ചൊവ്വാഴ്ച വൈകുന്നേരം എല്ലാ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് പ്രതിഷേധ റാലി സംഘടിപ്പിക്കും. തുടര്‍ന്ന് സംസ്ഥാന മുസ്ലിം നേതൃസമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും ബഹുജന പ്രതിഷേധ സമ്മേളനങ്ങള്‍ നടത്തും. സംസ്ഥാന മുസ്ലിം നേതൃസമിതിയുടെ തീരുമാനപ്രകാരം ഇന്ന് കോഴിക്കോട്ട് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗമാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കിയത്. വഖഫ് ബോര്‍ഡ് ഭേദഗതി നിയമത്തെ നിയമപരമായി നേരിടുന്നതിനും സമിതിയോഗം തീരുമാനിച്ചു.












Click it and Unblock the Notifications