അയ്യപ്പൻ വിളിച്ചു, 'ശ്രീലക്ഷ്മി' കൂടെപ്പോയി! ആനയെ കടത്തിക്കൊണ്ടുപോയ 21കാരനായ പാപ്പാൻ പിടിയിൽ...
ഈ പരിചയമാകണം ആന അയ്യപ്പന്റെ കൂടെ പോകാൻ കാരണമായതെന്നാണ് നിലവിലെ പാപ്പാന്മാർ പറയുന്നത്.
തിരുവനന്തപുരം: ആനയെ മോഷ്ടിച്ച് കടന്നുകളഞ്ഞ പാപ്പാനെ പോലീസ് പിന്തുടർന്ന് പിടികൂടി. തിരുനെൽവേലി മുത്തമ്മാൽ തെരുവിൽ അയ്യപ്പനെ(21)യാണ് തെങ്കാശി പാതയിൽ ചിപ്പൻച്ചിറയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
ചുള്ളിമാനൂരിന് സമീപത്തെ പുരയിടത്തിൽ കെട്ടിയിട്ടിരുന്ന വിതുര സ്വദേശി രവീന്ദ്രന്റെ ശ്രീലക്ഷ്മി എന്ന പിടിയാനയെയാണ് അയ്യപ്പൻ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. നേരത്തെ ഈ ആനയുടെ സഹായിയായി അയ്യപ്പൻ ജോലി ചെയ്തിട്ടുണ്ട്. ഈ പരിചയമാകണം ആന അയ്യപ്പന്റെ കൂടെ പോകാൻ കാരണമായതെന്നാണ് നിലവിലെ പാപ്പാന്മാർ പറയുന്നത്.

വെള്ളിയാഴ്ച രാവിലെ ഭക്ഷണം കൊടുക്കാനെത്തിയ പാപ്പാന്മാരാണ് ആനയെ കാണാനില്ലെന്ന വിവരം പോലീസിൽ അറിയിച്ചത്. അയ്യപ്പനെക്കുറിച്ചുള്ള സംശയവും ഇവർ പറഞ്ഞിരുന്നതിനാൽ വലിയമല പോലീസ് തമിഴ്നാട് ഭാഗത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. തുടർന്ന് തെങ്കാശി പാതയിൽ വെച്ചാണ് അയ്യപ്പനെയും ആനയെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
ചിപ്പൻച്ചിറയിൽ വെച്ച് കസ്റ്റഡിയിലെടുത്ത ആനയെയും അയ്യപ്പനെയും വലിയമല പോലീസ് സ്റ്റേഷനിലെത്തിച്ചു. കസ്റ്റഡിയിലെടുത്ത ആനയെ കോടതി ആവശ്യപ്പെടുമ്പോൾ ഹാജരാക്കാമെന്ന രേഖാമൂലമുള്ള ഉറപ്പിന്മേലാണ് ഉടമയ്ക്ക് വിട്ടുകൊടുത്തത്. മുൻ പാപ്പാനായ അയ്യപ്പന്റെ കൂടെ പോയതിന് കോടതി കയറേണ്ടി വന്നെങ്കിലും ശ്രീലക്ഷ്മിയ്ക്ക് ഗംഭീര സ്വീകരണമാണ് വലിയമല പോലീസ് സ്റ്റേഷനിൽ ലഭിച്ചത്.












Click it and Unblock the Notifications