മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ പോയ പോലീസുകാരന്‍ ഫിറ്റായി: നടുറോഡില്‍ അഴിഞ്ഞാട്ടം
ആറ്റിങ്ങല്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സുരക്ഷയൊരുക്കാന്‍ എത്തിയ പോലീസുകാരന്‍ മദ്യലഹരിയില്‍ അക്രമം നടത്തിയതിന് അറസ്റ്റിലായി. മദ്യലഹരിയില്‍ ഇയാള്‍ റോഡിലും പോലീസ് സ്‌റ്റേഷനിലും അക്രമം നടത്തുകായായിരുന്നു. തിരുവനന്തപുരം റൂറല്‍ എആര്‍ ക്യാംപ് സിപിഒ ശ്രീനിവാസന്‍ (45) ആണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ആറ്റിങ്ങല്‍ മൂന്നമുക്കില്‍ നിര്‍മിച്ച ഗോഡൗണിന്റെ ഉദ്ഘാടനം ബുധനാഴ്ച മുന്നുമണിക്ക് നിര്‍വഹിക്കേണ്ടതായിരുന്നു.
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ വേണ്ടി റൂറല്‍ ക്യാംപില്‍ നിന്നും ഉച്ചയോടെ എത്തിയതായിരുന്നു ശ്രീനിവാസനും സംഘവും. എന്നാല്‍ മുഖ്യമന്ത്രി എത്തിച്ചേരില്ലെന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം ആറ്റിങ്ങലിലെ സ്‌റ്റേഷനിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ യൂണിഫോം ഊരി ടീഷര്‍ട്ട് ധരിച്ച് പുറത്തിറങ്ങിയ ശ്രീനിവാസന്‍ കച്ചേരി നടയ്ക്കു സമീപം നാട്ടുകാരുമായി വഴുക്കുണ്ടാക്കുകയും അവരെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതു തടയാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

നടുറോഡില്‍ നാട്ടുകാരെ തടഞ്ഞു നിര്‍ത്തി ആക്രമണം നടത്തിയ ഇയാളെ സഹപ്രവര്‍ത്തകരായ പോലീസുകാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ പോലീസ്‌റ്റേഷനിലും ആക്രമസക്തമായി. ഇതോടെ ഒരു കൈ ജീപ്പിനോട് ചേര്‍ത്ത് മുന്‍സീറ്റില്‍ വിലങ്ങു വച്ച് വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴി ജീപ്പിന്റെ സീറ്റും പിന്‍വശവും ശ്രീനിവാസന്‍ തകര്‍ത്തു.
ആശുപത്രിയില്‍ എത്തിച്ച ഇയാളെ ഡോക്ടര്‍ പരിശോധിക്കുന്നതിനിടയിലും ആക്രമസക്തമായി. മദ്യപിച്ചു ബഹളം വച്ചതിന് ശ്രീനിവാസനെതിരെ നേരത്തെയും നടപടി ഉണ്ടായിട്ടുണ്ടെന്ന് എസ് ഐ ശ്രീജിത്ത് അറിയിച്ചു. ഇതിനിടെ ട്രാഫിക് എസ് ഐയ്‌ക്കെതിരെയും ആക്രമണമുണ്ടായി.












Click it and Unblock the Notifications