കൂടത്തായി കൊലപാതക പരമ്പര; ആദ്യ കുറ്റപത്രം തയ്യാറായി, പ്രതിപട്ടികയിൽ നാലുപേർ
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ ആദ്യ കുറ്റപത്രം തയ്യാറായി. റോയ് തോമസ് കൊലപാതക കേസിലെ കുറ്റപത്രമാണ് തയ്യാറായത്. സംഭവത്തിൽ പോലീസ് ആദ്യം അറസ്റ്റ് ചെയ്ത ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് കേസിലുള്ളത്. ആഭ്യഭര്‍ത്താവായ റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസിലായിരുന്നു ജോളിയെ അറസ്റ്റ് ചെയ്തത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെ കേസിൽ ജോളിയെ അറസ്റ്റ് ചെയ്ത് മൂന്ന് മാസത്തോളം പൂര്‍ത്തിയാകുമ്പോഴാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കൊല്ലപ്പെട്ട റോയിയുടെ ബന്ധു എം എസ് മാത്യു, താമരശ്ശേരിയിലെ സ്വര്‍ണ്ണപ്പണിക്കാരൻ പ്രജുകുമാര്‍, മുൻ സിപിഎം പ്രവര്‍ത്തകൻ മനോജ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ജോളിയ്ക്കൊപ്പം മാത്യുവിനും പ്രജുകുമാറിനും കൊലപാതകത്തിൽ വ്യക്തമായ പങ്കുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. കൂടത്തായി പൊന്നാമറ്റം വീട്ടിൽ നടന്ന കൊലപാതക പരമ്പരയ്ക്ക് പിന്നിൽ പ്രവര്‍ത്തിച്ചത് ജോളിയുടെ കൈകളാണെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനു പിന്നാലെ ഓരോ കൊലപാതകങ്ങളിലും പോലീസ് പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

ഇനി അഞ്ച് കേസുകളിൽ കൂടി കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ മാസം ജോളിയെ അഞ്ചാമതും അറസ്റ്റ് ചെയ്തിരുന്നു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് ജോളിയെ അഞ്ചാമതും അറസ്റ്റ് ചെയ്തത്. 2008 ഓഗസ്റ്റ് 26 നാണ് പൊന്നാമറ്റം തറവാട്ടിലെ ടോം തോമസ് മരണപ്പെടുന്നത്. വീടും സ്വത്തും സ്വന്തമാക്കാനായി ടോം തോമസ് ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.
വര്‍ഷങ്ങളുടെ ഇടവേളയിലായിരുന്നു പൊന്നാമറ്റം വീട്ടിലെ കൊലപാതകങ്ങള്‍ നടന്നത്. 2011 സെപ്റ്റംബര്‍ 30നായിരുന്നു റോയ് തോമസിന്‍റെ കൊലപാതകം. സംഭവം കഴിഞ്ഞ് എട്ട് വര്‍ഷത്തോളം പിന്നിട്ട സാഹചര്യത്തിൽ കേസിൽ തെളിവുകള്‍ കണ്ടെത്തുക സുപ്രധാനമായിരുന്നു. എന്നാൽ വീട്ടിലുണ്ടായ മരണങ്ങളിൽ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഏക മൃതദേഹം റോയ് തോമസിന്‍റേതായിരുന്നു. അന്ന് കൊലപാതകമാണെന്ന് സംശയമുണര്‍ന്നെങ്കിലും സംഭവം പുറത്തറിയാതെ മുഖ്യപ്രതിയും റോയ് തോമസിന്‍റെ ഭാര്യയുമായിരുന്ന ജോളി മൂടി വെയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications