സരിതയുടെ പരാതി ഗുരുതരം... അന്വേഷിക്കാന്‍ പോലീസ്, ഇനിയും കൂടുതല്‍ പേര്‍ കുടുങ്ങുമോ?
മുഖ്യമന്ത്രിക്ക് നേരിട്ടാണ് സരിത കഴിഞ്ഞ ദിവസം പരാതി നല്‍കിയത്
തിരുവനന്തുപുരം: സോളാര്‍ കേസിലെ മുഖ്യപ്രതിയായ സരിത എസ് നായര്‍ മുന്‍ അന്വേഷണസംഘത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയില്‍ അന്വേഷണം വരുന്നു. മുഖ്യമന്ത്രിയെ നേരിട്ടു കണ്ടാണ് വ്യാഴാഴ്ച സരിത പരാതി നല്‍കിയത്.
സരിത നല്‍കിയ പരാതി പിണറായി ഡിജിപക്കു കൈമാറുകയും ചെയ്തിരുന്നു. സരിതയുടെ പരാതി ഗൗരവമായിട്ടു തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ നോക്കിക്കാണുന്നത്.

അന്വേഷണം ഉടന്‍
സരിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം ഉടന്‍ തന്നെ തുടങ്ങാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ പരാതിയില്‍ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും പോലീസ് തീരുമാനിച്ചെന്നും സൂചന.

നിയമോപദേശം
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍ മേലുള്ള പുതിയ നിയമോപദേശത്തിനു കാത്തു നില്‍ക്കാതെ സരിത നല്‍കിയ പരാതിയില്‍ എത്രയും വേഗം അന്വേഷണം ആരംഭിക്കാനാണ് പോലീസിന്റെ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍.

സരിതയുടെ ആരോപണം
തനിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള പരാതിയില്‍ മുന്‍ അന്വേഷണ സംഘം നടപടിയെടുത്തില്ലെന്നും സരിത മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

സാധ്യത ആരായുന്നു
വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സോളാര്‍ തുടരന്വേഷണത്തിന് നിയമോപദേശം തേടാന്‍ തീരുമാനമെടുത്തത്. ഈ നിയമോപദേശം ലഭിക്കുന്നതിനു മുമ്പ് തന്നെ സരിത നല്‍കിയ പുതിയ പരാതിയില്‍ അന്വേഷണം തുടരാനുള്ള സാധ്യത പോലീസ് ആരാഞ്ഞിട്ടുണ്ട്.

ചര്‍ച്ച ചെയ്തു
മുന്‍ അന്വേഷണസംഘത്തിനെതിരേ സരിത ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ചും മറ്റും ഏതു രീതിയില്‍ അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണസംഘം അനൗപചാരികമായി ചര്‍ച്ച ചെയ്തു. സമാനമായ കേസുകളിലെ കോടതിവിധികളും പോലീസ് പരിശോധിക്കുന്നുണ്ട്.

നിയമസഭാ സമ്മേളനത്തിന് മുമ്പ് തന്നെ
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ വയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനു മുമ്പ് തന്നെ സരിത നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചേക്കും.

ഗുരുതര ആരോപണങ്ങള്‍
സോളാര്‍ കേസില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ ഭൂരിഭാഗം പേരും പ്രതികള്‍ ആവേണ്ടിയിരുന്നതായും എന്നാല്‍ പോലീസിനെയും നിയമസംവിധാനത്തെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തി പരാതി അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും സരിത മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ കുറിച്ചിരുന്നു.

പിതൃതുല്യനെന്ന് പറയിപ്പിച്ചു
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ് അദ്ദേഹം തനിക്കു പിതൃതുല്യനാണെന്ന് മുമ്പ് പറയിപ്പിച്ചതെന്നും സരിത പരാതിയില്‍ വെളിപ്പെടുത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയും തമ്പാനൂര്‍ രവിയും ചേര്‍ന്നാണ് തന്നോട് അങ്ങനെ പറയാന്‍ നിര്‍ദേശിച്ചതെന്നും സരിത വെളിപ്പെടുത്തിയിരുന്നു.

ഉപഭോഗവസ്തു
കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരേ ഞെട്ടിക്കുന്ന ആരോപണമാണ് സരിത പരാതിയില്‍ ഉന്നയിച്ചത്. അന്നത്തെ മന്ത്രിസഭയിലെ നിരവധി മന്ത്രിമാര്‍ സ്ത്രീയെ വെറും ഉപഭോഗ വസ്തുവായി മാത്രമാണ് കണ്ടിരുന്നതെന്നും സരിത ആരോപിച്ചിരുന്നു.












Click it and Unblock the Notifications