അവിഹിതബന്ധം ചോദ്യം ചെയ്ത ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി
കണ്ണൂര്‍: അന്യസ്ത്രീയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഇരിട്ടി കച്ചേരിക്കടവിലെ കച്ചേരിക്കടവിലെ ലിസമ്മയെ (50) ഭര്‍ത്താവ് ജെയിംസ് എന്ന കുട്ട്യച്ചനാണ് (55) കൊലപ്പെടുത്തിയത്. ജെയിംസിനെ ഇരിട്ടി ഡിവൈ.എസ്.പി പി. സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.
വ്യാഴാഴ്ച രാവിലെയാണ് ലിസമ്മയെ അടുക്കളയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജെയിംസ് രാവിലെ പാലുമായി സൊസൈറ്റിയില്‍ പോയി വന്നപ്പോള്‍ ഭാര്യ കൊല്ലപ്പെട്ട നിലയില്‍ കാണുകയായിരുന്നെന്നാണ് പോലീസിന് ആദ്യം മൊഴി നല്‍കിയത്. പുലര്‍ച്ചെ തൊഴുത്തില്‍ പശുവിനെ കറക്കാന്‍ സഹായിക്കാന്‍ ഭാര്യ വന്നിരുന്നതായി ജെയിംസ് പറഞ്ഞിരുന്നു.

പോലീസ് നായ മൃതദേഹത്തിനടുത്തുനിന്നും വീടിനു പരിസരത്തു തന്നെ കറങ്ങിനടന്നതിനാലും ജെയിംസിന്റെ മൊഴികളിലെ പൊരുത്തക്കേടും മൂലം ഭര്‍ത്താവിനെ തുടക്കം മുതല്‍ സംശയമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ ജെയിംസ് കുറ്റസമ്മതം നടത്തുകയായിരുന്നു.
മറ്റൊരു സ്ത്രീയുമായി ജെയിംസിനുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഈ സ്ത്രീയ്ക്ക് അയല്‍ക്കൂട്ടത്തില്‍ നിന്നും വായ്പയെടുത്ത 5,000 രൂപ നല്‍കിയതിനെതിരെ ലിസമ്മ വഴക്കുണ്ടാക്കിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് ലിസമ്മയെ ജെയിംസ് കൊലപ്പെടുത്തിയത്. അന്വേഷണത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് നിര്‍ണായകമായി. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications