12 കോടി കൊണ്ട് ദിനേശിന്റെ പദ്ധതി ഇതാണ്; ഭാവി പരിപാടി പറഞ്ഞ് 'കോടീശ്വരൻ'
പൂജ ബമ്പർ ലോട്ടറിയുടെ 12 കോടി അടിച്ചതിന്റെ സന്തോഷത്തിലാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ദിനേശ് കുമാർ. ഇത്തവണ ലോട്ടറി എടുത്തപ്പോൾ തന്നെ പ്രതീക്ഷയുണ്ടായിരുന്നു. ഇതാദ്യമായാണ് ഇത്രയും വലിയ സമ്മാനം ലഭിക്കുന്നത്. പണം കൈകാര്യം ചെയ്തിരുന്നതിനാൽ കൂടുതൽ പണം കൈകളിൽ എത്തുന്നതിന്റെ ആശങ്കയില്ല. കുറേ പേരെ സഹായിക്കണമെന്ന് ആഗ്രഹമുണ്ട്', ദിനേശ് പറഞ്ഞു. ഭാവി പരിപാടികളും ദിനേശ് പങ്കുവെച്ചു. ദിനേശിന്റെ വാക്കുകളിലേക്ക്
'ലോട്ടറി എടുക്കാറുണ്ട്. കൊല്ലത്ത് വന്നെടുക്കുന്നത് ആദ്യമായിട്ടാണ്. ലോട്ടറി കട ഉടമയായ ജയകുമാറിന്റെ അച്ഛൻ നടത്തിയിരുന്ന ഒരു കടയുണ്ടായിരുന്നു കരുനാഗപ്പള്ളിയിൽ. അവിടെ നിന്ന് ലോട്ടറി എടുത്തപ്പോഴെല്ലാം എനിക്ക് സമ്മാനം ലഭിച്ചിരുന്നു. അതുകൊണ്ടാണ് കൊല്ലത്തെ അവരുടെ കടയിൽ നിന്ന് ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചത്.

ഇപ്പോൾ ഞാനൊരു ഫാം നടത്തുന്നുണ്ട്. ലോട്ടറി അടിച്ച പണം ആദ്യം നിക്ഷേപിച്ചതിന് ശേഷം പിന്നീട് ആലോചിച്ച് തീരുമാനിക്കും. വീടിനടുത്തുള്ള ഫെഡറൽ ബാങ്കിൽ പണം ഡെപ്പോസിറ്റ് ചെയ്യും. പിന്നെ ശുദ്ധരായ കുറച്ച് നാട്ടുകാരൊക്കെ ഉണ്ട്. അങ്ങനെ ആയത് കൊണ്ട് തന്നെ അവരെ പലരും പറ്റിച്ച് പോയി. അവരെയൊക്കെ സഹായിക്കണം എന്ന് ആഗ്രഹമുണ്ട്. വീടുവെച്ചു കൊടുക്കാനും ചികിത്സാ സഹായത്തിനും സര്‍ക്കാരും ചാരിറ്റി സംഘടനകളുമുണ്ട്. അതുകൊണ്ട് ശുദ്ധരെ സഹായിക്കാമെന്ന് കരുതി.
കോടീശ്വരനായത് കൊണ്ട് ഭയമൊന്നുമില്ല. അത്യാവശ്യം സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നൊരാളാണ് ഞാൻ. അതിനാൽ ഇത്രയും അധികം പണം കൈയ്യിൽ വന്നതിന്റെ ആശങ്കയൊന്നുമില്ല. ഇനിയും പഴയത് പോലെ തന്നെയായിരിക്കും ജീവിതം.കേരള ഭാഗ്യക്കുറി നല്ലൊരു കാര്യമാണ്. ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്നതാണ്. ലോട്ടറി എടുത്താലെ അടിക്കൂ.എല്ലാവരും ലോട്ടറി എടുക്കണമെന്നാണ് തന്റെ അഭിപ്രായം. എടുക്കാതിരുന്നിട്ട് അടിക്കാത്തതിന് പരാതി പറഞ്ഞിട്ട് കാര്യമില്ല. ഒരു ടിക്കറ്റോ രണ്ട് ടിക്കറ്റോ അടിച്ചില്ലെന്ന് വെച്ച് എടുക്കാതിരിക്കരുത്', ദിനേശ് പറഞ്ഞു.
കുടുംബത്തോടൊക്കെ ഇന്ന് രാവിലെ മാത്രമാണ് വിവരം പറഞ്ഞതെന്നും ദിനേശ് പറഞ്ഞു. സുഹൃത്തിന്റെ പെങ്ങളുടെ വിവാഹമായിരുന്നു. അത് ഭംഗിയായി നടത്താനുള്ള ചുമതല എനിക്കായിരുന്നു. അതിന് തന്നെയായിരുന്നു പ്രധാന്യം. അത് കഴിഞ്ഞ് വിവരം പങ്കുവെയ്ക്കാമെന്നാണ് കരുതിയത്, ദിനേശ് വ്യക്തമാക്കി.
അതേസമയം ഇന്നലെ രാത്രി ഭർത്താവിന് ഉറക്കമുണ്ടായിരുന്നില്ലെന്നും ലോട്ടറി അടിച്ചത് അറിഞ്ഞപ്പോൾ വിശ്വസിക്കാൻ സാധിച്ചില്ലെന്നും ദിനേശിന്റെ ഭാര്യ രശ്മി പ്രതികരിച്ചു. 'ഒരുപാട് നാളായി ലോട്ടറിയെടുക്കുന്നുണ്ട്. ഒരു നമ്പറിനൊക്കെ പോകുമ്പോൾ വലിയ വിഷമമായിരുന്നു. ഇന്നലെ ലോട്ടറി അടിച്ചെങ്കിലും പറഞ്ഞില്ല. മാത്രമല്ല രാത്രി മുഴുവൻ ഉറങ്ങിയതുമില്ല. ഇന്ന് രാവിലെയാണ് പറഞ്ഞത്. അപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല',ലക്ഷ്മി വ്യക്തമാക്കി.
കൊല്ലത്തെ കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപത്തുള്ള ജയകുമാർ ലോട്ടറീസിൽ നിന്നാണ് ദിനേശ് ടിക്കറ്റ് എടുത്തത്. സബ് ഏജന്റ് കൂടിയാണ് ദിനേശ്. അതുകൊണ്ട് തന്നെ ഏജൻസി കമ്മീഷനായ ഒരു കോടിയും ദിനേശിന് ലഭിക്കും. 12 കോടിയിൽ നികുതികളെല്ലാം കിഴിച്ച് 6.18 കോടിയാണ് ദിനേശിന് ലഭിക്കുക.












Click it and Unblock the Notifications