മോഡലിന്റെ മാറിടം ചായം തേച്ച് മറച്ച് പ്രതിഭ എംഎൽഎ! മാറ് കാണിക്കലല്ലത്രേ സ്വാതന്ത്ര്യം
Recommended Video

കോഴിക്കോട്: മാതൃഭൂമിയുടെ വനിതാ മാഗസിനായ ഗൃഹലക്ഷ്മിയാണ് സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ ചൂടുള്ള ചര്‍ച്ചാ വിഷയം. മാറ് മറയ്ക്കാത്ത മോഡല്‍ കുഞ്ഞിന് മുല കൊടുക്കുന്ന ചിത്രം ഗൃഹലക്ഷ്മിയുടെ കവറായി പ്രത്യക്ഷപ്പെട്ടതിനെ അഭിനന്ദിച്ചും എതിര്‍ത്തും പരിഹസിച്ചുമൊക്കെ പല കോണുകളില്‍ നിന്നും അഭിപ്രായം ഉയരുന്നു.
കവറിലെ മോഡലായ ജിലു വിവാഹിതയല്ലെന്നും അമ്മയല്ലെന്നും ഇത് ബാലപീഡനമാണ് എന്നും വെറും മാര്‍ക്കറ്റിംഗ് കോപ്രായമാണെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു. കായംകുളം എംഎല്‍എ പ്രതിഭയും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. തികച്ചും സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍ കൂടി അടങ്ങുന്നതാണ് ഇടത് എംഎല്‍എയുടെ പോസ്റ്റ്.

ഗൃഹലക്ഷിയുടെ മാതൃകകൾ
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വീടിന്റെ ലക്ഷ്മിയാകേണ്ട സ്ത്രീയുടെ വാര്‍പ്പ് മാതൃകകളെ മാത്രമേ ഇന്നേവരെ ഗൃഹലക്ഷ്മി അവതരിപ്പിച്ചിട്ടുള്ളൂ. നല്ല ഭാര്യയാകാനും അമ്മയാകാനും മകളാകാനുളള ഗൃഹപാഠങ്ങള്‍ മുറയ്ക്ക് നല്‍കാറ് പതിവാണ്. ഒരു സുപ്രഭാതത്തിലെ ഈ വിപ്ലവ നീക്കത്തെ സംശയിക്കാനുള്ള കാരണവും അത് തന്നെ.

തുറിച്ച് നോക്കരുത്.. ഞങ്ങള്‍ക്ക് മുലയൂട്ടണം
തുറിച്ച് നോക്കരുത്.. ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന കവര്‍സ്‌റ്റോറിയുടെ ആശയം അഭിനന്ദനാര്‍ഹം തന്നെ. അതേസമയം ഇന്ന് മാര്‍ക്കറ്റിംഗ് മാത്രം ലക്ഷ്യമിട്ട് ഈ പുരോഗമനം പറയുന്ന ഗൃഹലക്ഷ്മി നാളെ വീണ്ടും കുലസ്ത്രീകള്‍ക്കുള്ള ഗൃഹപാഠവുമായി വരുമെന്നത് ഉറപ്പുള്ള കാര്യമാണ്. കവര്‍ ചിത്രത്തിന്റെ പേരില്‍ ഗൃഹലക്ഷിയെ അഭിനന്ദിക്കുന്നവരും മുന്നോട്ട് വെക്കുന്നത് ഈ വിമര്‍ശനമാണ്.

എതിർത്ത് പ്രതിഭ എംഎൽഎ
അതേസമയം ഇടത് എംഎല്‍എ പ്രതിഭയ്ക്ക് ഈ നീക്കം ഒട്ടും തന്നെ ഇഷ്ടപ്പെട്ട മട്ടില്ല. ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തെ ശക്തമായി വിമര്‍ശിച്ച് കൊണ്ടാണ് പ്രതിഭ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. അത് മാത്രമല്ല കവര്‍ ചിത്രത്തിലെ മോഡലിന്റെ മുലകളില്‍ നിറം ചാലിച്ച് മറച്ച് വെച്ചിരിക്കുന്നു എംഎല്‍എ.

മാറ് മറയ്ക്കേണ്ടതാണത്രേ
മാറ് മറയ്‌ക്കേണ്ടതാണെന്നും മുല കൊടുക്കാനാണ് എങ്കില്‍ പോലും പുറത്ത് കാണിക്കരുത് എന്നുമാണ് പ്രതിഭ എംഎല്‍എ മുന്നോട്ട് വെയ്ക്കുന്ന വാദം. രാത്രി പുറത്ത് ഇറങ്ങി നടക്കുന്നും മാറ് മറയ്ക്കാതിരിക്കലുമല്ല സ്വാതന്ത്ര്യം എന്ന് പോലും എംഎല്‍എ പറഞ്ഞ് വെച്ചിരിക്കുന്നു. വാദങ്ങള്‍ക്ക് കൂട്ട് പിടിച്ചിരിക്കുന്നത് മാറ്മറയ്ക്കല്‍ സമരത്തെയാണ്.

ഇതല്ല സ്വാതന്ത്ര്യമെന്ന്
പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്. ചില കൊച്ചമ്മ മാഗസിനുകളും പുതുനാമ്പുകളുടെയും സ്വാതന്ത്ര്യ പ്രഖ്യാപനം ഇത്തരത്തിലാ...കേരളത്തിൽ ഞാൻ ഉൾപ്പെടെയുള്ള അമ്മമാർ കുഞ്ഞിനെ പാലൂട്ടി വളർത്തിയിട്ടുണ്ട്. സർക്കുലേഷൻ കൂട്ടാൻ ഇത്തരം ഒരു ചിത്രം ആവശ്യമില്ല.. രാത്രി ഇറങ്ങി നടക്കുന്നതിനും മാറ് മറക്കാതെ കുഞ്ഞിന് പാല് നൽകുന്നതിലുമല്ല സ്വാതന്ത്ര്യം.

മാറ് ചേദിച്ച നങ്ങേലിയമ്മക്കൊപ്പം
സുരക്ഷിതത്വമില്ലാതെ തുണയായ് ഉറ്റവരും ഉടയവരും ഇല്ലാതെ മാറിൽ കുഞ്ഞിന് നൽകാൻ പാൽ ഇല്ലാതെ രക്തം ഊറ്റികൊടുക്കേണ്ടി വരുന്ന പച്ചയായ ജീവിത യാഥാർത്ഥ്യത്തോട് പടവെട്ടുന്ന പാവം സ്ത്രീകളില്ലേ.... അവരോടൊപ്പം .... മാറ് ചേദിച്ച നങ്ങേലിയമ്മക്കൊപ്പം എന്നാണ് കുറിപ്പ് അവസാനിക്കുന്നത്. പോസ്റ്റിന് വലിയ പിന്തുണയും ലഭിക്കുന്നു.

ഇടത് നേതാവെന്നോർക്കുക
തങ്ങൾക്ക് മാത്രമായുള്ള അസമയങ്ങൾക്കെതിരെയും അസ്വാതന്ത്ര്യങ്ങൾക്കെതിരെയും ലോകമെമ്പാടുമുള്ള സ്ത്രീകൾ മുൻപെങ്ങുമില്ലാത്ത വിധം ശബ്ദമുയർത്തുമ്പോഴാണ് പുരോഗമന പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ നേതാവ് ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്. രാത്രികൾ പെണ്ണിനും സ്വന്തമാണെന്നും എന്റെ ശരീരം എന്റെത് മാത്രമാണ് എന്നുമുള്ള മുദ്രാവാക്യങ്ങളുടെ കാമ്പ് ഒരു വനിതാ നേതാവിന് പോലും മനസ്സിലായിട്ടില്ല എന്നത് ദൌർഭാഗ്യകരം തന്നെ.

ഈ ചിത്രം വിറളി പിടിപ്പിച്ചിട്ടില്ല
അതേസമയം ഗൃഹലക്ഷ്മിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് ദീപ നിശാന്ത് അടക്കമുള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്. ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: "മുല ചപ്പിവലിക്കുന്ന നരവർഗ്ഗനവാതിഥി"യെപ്പറ്റി ചിന്തിക്കുമ്പോൾ 'ഗൃഹലക്ഷ്മി'മാരൊന്നും ഇപ്പോഴും മനസ്സിലേക്ക് കടന്നു വരുന്നില്ല... ഈ ചിത്രമാണ് ഉള്ളിൽ നിറയുക.. കമൻ്റുകൾ കണ്ട് കൂട്ടിയോജിപ്പിക്കേണ്ടി വന്നത്.. ഗൃഹലക്ഷ്മി കവർചിത്രം എന്നെ ഒരുതരത്തിലും വിറളിപിടിപ്പിച്ചിട്ടില്ല.

അവർ നോക്കിക്കൊണ്ടിരിക്കും
എനിക്ക് ഒന്നും തോന്നിയില്ല എന്നതാണ് സത്യം.. ആ ചിത്രം കണ്ടതുകൊണ്ട് കേരളമൊരു ' തുറിച്ചു നോട്ടവിമുക്തസ്ഥല' മാകുമെന്ന പ്രതീക്ഷ ഒട്ടുമില്ല. തുറിച്ചു നോക്കുന്നവർ നോക്കിക്കൊണ്ടേയിരിക്കും. അതിനെ അതിജീവിക്കുന്നവർ അതിജീവിച്ചു കൊണ്ടേയിരിക്കും. ഒരു മോഡലെന്ന നിലയിൽ ജിലു ജോസഫ് അവരുടെ തൊഴിലാണ് ചെയ്യുന്നത്.. അതിനെ തീർച്ചയായും മാനിക്കുന്നു.അവർ യഥാർത്ഥ മാതാവാണോ, അയഥാർത്ഥ മാതാവാണോ കുട്ടിയുമായി ഐകോണ്ടാക്റ്റുണ്ടോ എന്ന കാര്യമൊന്നും ചർച്ച ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

'ഗൃഹലക്ഷ്മീ വാർത്തെടുക്കൽ പദ്ധതികൾ'
ഇതിനെ പ്രതിരോധിക്കാനും പരിഹസിക്കാനും പൊതുസ്ഥലത്ത് മൂത്രമൊഴിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള കൗണ്ടർ പോസ്റ്റുകളോടും വിയോജിപ്പാണ്.പ്രശ്നം ഇത്രേയുള്ളൂ.. 'പെൺകുട്ടികളുടെ വസ്ത്രധാരണത്തെപ്പറ്റി അമ്മമാർ അറിയേണ്ടത്', 'ഭർത്താവിനെ കുപ്പിയിലാക്കാൻ 25 വഴികൾ', വിവാഹത്തിനു മുൻപ് പെൺകുട്ടികൾ അറിയേണ്ടത് തുടങ്ങിയ 'ഗൃഹലക്ഷ്മീ വാർത്തെടുക്കൽ പദ്ധതികൾ' നിരന്തരമായി നടത്തുന്ന ഒരു മാഗസിൻ കവറിൽ മാത്രം പുരോഗമനം കൊണ്ടുവരുന്നത് കാണുമ്പോൾ നല്ല രസം!
ഫേസ്ബുക്ക് പോസ്റ്റ്
പ്രതിഭ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications