• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോവിഡ് വാക്സിനേഷന്‍: മുതിര്‍ന്ന പൗരന്‍മാര്‍ക്കായി സഹായകേന്ദ്രം

  • By Prd Ernakulam

എറണാകുളം: കോവിഡ് വാക്സിനേഷനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് മുതിര്‍ന്ന പൗരന്‍മാരെ സഹായിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് രജിസ്ട്രേഷന്‍ സഹായ കേന്ദ്രം ആരംഭിച്ചു. കാക്കനാട് സിവില്‍സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിലാണ് സഹായകേന്ദ്രം ആരംഭിച്ചിട്ടുള്ളത്.

വയോക്ഷേമ കോള്‍സെന്‍റെറിന്‍റെ ഭാഗമായാണ് സഹായകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വാക്സിനേഷന്‍ രജിസ്ട്രേഷന്‍ ആവശ്യമുള്ള വയോജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് കൊവിന്‍ സൈറ്റില്‍ രേഖപ്പെടുത്തി അവരുടെ ഫോണിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യും. സഹായകേന്ദ്രത്തിന്‍റെ ഉദ്ഘാടനം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കെ സുബൈര്‍ നിര്‍വ്വഹിച്ചു. സഹായ കേന്ദ്രത്തിന്റെ നമ്പർ 0484 2753800.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ, പ്രതിദിന കേസുകളിലും വര്‍ധനയുണ്ടാകുന്ന പശ്ചാത്തലത്തില്‍ കുടുംബാംഗങ്ങളിലേക്കു രോഗവ്യാപനം ഉണ്ടാകാതെ എല്ലാവരും സൂക്ഷിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ദിവസവും ആയിരത്തിലധികം കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ ദിവസേനയുള്ള മരണങ്ങളും കൂടുന്നു. ദിവസവും 10 മരണങ്ങള്‍ വരെ ഇപ്പോഴുണ്ട്. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ രോഗപ്പകര്‍ച്ചയും മരണങ്ങളും നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞെങ്കിലും രണ്ടാം ഘട്ടത്തില്‍ രോഗവ്യാപനവും രോഗ തീവ്രതയും വളരെ കൂടുതലാണ്. ഇപ്പോഴത്തെ രോഗപ്പകര്‍ച്ചയില്‍ 50 ശതമാനത്തില്‍ അധികവും വീടുകളില്‍ നിന്നു തന്നെയാണ്. വീട്ടില്‍ ഒരാള്‍ രോഗബാധിതനായാല്‍ കുടുംബത്തിലുള്ള എല്ലാ അംഗങ്ങളിലേക്കും രോഗവ്യാപനം ഉണ്ടാകുന്നു. ഇതു തടയാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം:

1. കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണം ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയരാകണം. രോഗം ഗുരുതരമാകുന്നതുവരെ പരിശോധനയ്ക്കായി കാത്തിരിക്കുന്നതും ഈ സമയത്ത് കുടുംബാഗങ്ങളുമായി ഇടപഴകുന്നതും അപകടകരമാണ്.
2. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവരും പരിശോധന നടത്തി റിസള്‍ട്ടിനായി കാത്തിരിക്കുന്നവരും റൂം ക്വാറന്റൈനില്‍ ഇരിക്കണം.
3. ഈ കാലയളവില്‍ വീട്ടിലുള്ള എല്ലാവരും മാസ്‌ക് ഉപയോഗിക്കണം.
4. പരിശോധനയില്‍ കോവിഡ് ബാധിതനെന്നു തെളിഞ്ഞാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ടോയ്‌ലറ്റ് സൗകര്യമുള്ള ഒരു മുറിയില്‍ കുടുംബാംഗങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതെ കഴിയണം. ജനാലകള്‍ തുറന്നിട്ട് മുറിയില്‍ വായുസഞ്ചാരം ഉറപ്പുവരുത്തണം. രോഗിക്ക് ഭക്ഷണം നല്‍കുന്ന വ്യക്തിയും മാസ്‌ക് ഉപയോഗിക്കുകയും, ശാരീരിക അകലം പാലിക്കുകയും വേണം.
5. രോഗി ഉപയോഗിച്ച പാത്രങ്ങള്‍, തുണികള്‍, മറ്റ് സാമഗ്രികള്‍ തുടങ്ങിയവ സ്വയം വൃത്തിയാക്കേണ്ടതാണ്. രോഗി ഉപയോഗിച്ച സാധനങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വയ്ക്കരുത്.

ആദ്യഘട്ടത്തില്‍ നിന്നും വ്യത്യസ്തമായി കോവിഡ് രണ്ടാം ഘട്ടത്തില്‍ ചെറുപ്പക്കാരില്‍ രോഗബാധ വളരെ കൂടുതലായാണ് കാണപ്പെടുന്നത്. ആദ്യ നാളുകളില്‍ തന്നെ കിതപ്പും ശ്വാസം മുട്ടലും പോലെയുള്ള ഗുരുതരാവസ്ഥയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരുന്നു. രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ ശ്രദ്ധിക്കാതിരിക്കുന്നതും രോഗലക്ഷണങ്ങള്‍ അവഗണിക്കുന്നതും ഇത്തരക്കാരില്‍ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് പെട്ടെന്ന് കുറഞ്ഞ് രോഗം ഗുരുതരമാകുന്നതിനു കാരണമാകും. ഇങ്ങനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുന്ന ചെറുപ്പകാരുടെ എണ്ണവും മരണവും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ജില്ലയിലെ ഗ്രാമീണ മേഖലകളിലും രോഗവ്യാപനം ഇപ്പോള്‍ കൂടുതലാണ്. അനാവശ്യമായി പുറത്തിറങ്ങുന്നതും അയല്‍ വീടുകള്‍ സന്ദര്‍ശിക്കുന്നതും, ഇടവഴികളിലും മറ്റും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും ഒഴിവാക്കണം. എല്ലാവരും ഡബിള്‍ മാസ്‌ക് ധരിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. ഒരു സര്‍ജിക്കല്‍ മാസ്‌കും അതിന് മുകളില്‍ തുണി മാസ്‌കും ധരിക്കുന്നതു നല്ലതാണ്. ശാരീരിക അകലവും സാമൂഹിക അകലവും പാലിക്കുവാന്‍ കൂടുതല്‍ ശ്രദ്ധിക്കണം. വീടുകളിലുള്ള പ്രായമായവരെയും കുട്ടികളെയും കൂടുതല്‍ ശ്രദ്ധിക്കണം. കുട്ടികളെ പുറത്തുകൊണ്ടുപോകുന്നതും മറ്റു വീടുകളില്‍ കളിക്കാന്‍ വിടുന്നതും ഒഴിവാക്കണം. കുട്ടികളില്‍ നിന്നും വീട്ടിലെ പ്രായമായവരിലേക്കു രോഗം ബാധിക്കുന്നതും ഇപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

English summary
prd ernakulam node
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X