സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി സര്‍ക്കാരിന് ഏറ്റെടുത്ത് വിതരണം ചെയ്യാനാകില്ല; സുപ്രീം കോടതി
ന്യൂഡല്‍ഹി: സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാനുള്ള ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഒമ്പത് അംഗ ബെഞ്ചിന്റേതാണ് നടപടി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതു സ്വത്ത് ആണെന്ന ഉത്തരവും കോടതി റദ്ദാക്കി. എന്നാല്‍ സ്വകാര്യ ഭൂമികളില്‍ ചിലത് പൊതുസ്വത്ത് ആണെന്ന് വിലയിരുത്താം എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും പൊതുനന്മയ്ക്കായി സംസ്ഥാനത്തിന് ഏറ്റെടുക്കാന്‍ കഴിയുന്ന കമ്മ്യൂണിറ്റി വിഭവങ്ങളായി കണക്കാക്കാനാവില്ല എന്ന് കോടതി പറഞ്ഞു. ഒമ്പതംഗ ഭരണഘടനാ ബെഞ്ച് 8-1 ഭൂരിപക്ഷത്തിലാണ് വിധി പ്രസ്താവിച്ചത്. മൂന്ന് വിധിന്യായങ്ങളാണ് ഇത് സംബന്ധിച്ച് രചിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് തനിക്കും ആറ് സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ഒരു വിധിന്യായം പുറപ്പെടുവിച്ചു.

ജസ്റ്റിസ് ബി വി നാഗരത്ന സമാന്തരവും എന്നാല്‍ വേറിട്ടതുമായ ഒരു വിധി എഴുതി. ജസ്റ്റിസ് സുധാംശു ധൂലിയ ഭൂരിപക്ഷ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 31 സിയുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. നിയമങ്ങളും നയങ്ങളും നിര്‍മ്മിക്കുമ്പോള്‍ സര്‍ക്കാരുകള്‍ക്ക് പിന്തുടരാന്‍ ഭരണഘടന നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആണ് ഇതിലുള്ളത്. ആര്‍ട്ടിക്കിള്‍ 31 സി പരിരക്ഷിക്കുന്ന നിയമങ്ങളില്‍ ആര്‍ട്ടിക്കിള്‍ 39 ബിയും ഉള്‍പ്പെടുന്നു.
സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും പൊതുനന്മ നിലനിര്‍ത്തുന്നതിന് ഏറ്റവും മികച്ച രീതിയില്‍ വിതരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് സംസ്ഥാനം അതിന്റെ നയം നിര്‍മിക്കണം എന്നാണ് ആര്‍ട്ടിക്കിള്‍ 39 ബിയില്‍ പ്രതിപാദിച്ചിരിക്കുന്നത്. 39 ബിയില്‍ ഉപയോഗിക്കുന്ന ഒരു കമ്മ്യൂണിറ്റിയുടെ മെറ്റീരിയല്‍ റിസോഴ്സില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് അതെ എന്നാണ് ഉത്തരം എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
എന്നിരുന്നാലും, ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള എല്ലാ വിഭവങ്ങളും ഒരു കമ്മ്യൂണിറ്റിയുടെ ഭൗതിക വിഭവമായി കണക്കാക്കാനാവില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ഈ കോടതിയുടെ ഉത്തരവാദിത്തം സാമ്പത്തിക നയം രൂപീകരിക്കുകയല്ല, മറിച്ച് സാമ്പത്തിക ജനാധിപത്യം സ്ഥാപിക്കാന്‍ സഹായിക്കുകയാണ് എന്നും കോടതി വ്യക്തമാക്കി.
70% താമസക്കാരുടെ അനുമതിയുണ്ടെങ്കില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള വസ്തു ഏറ്റെടുത്ത് അറ്റകുറ്റപ്പണി ചെയ്യാനും പൊതുനന്മയ്ക്കായി പുനര്‍വിതരണം ചെയ്യാനും സര്‍ക്കാരിന് സാധിക്കും എന്ന തരത്തില്‍ മഹാരാഷ്ട്ര ഹൗസിങ് ആന്‍ഡ് ഏരിയ ഡവലപ്‌മെന്റ് ആക്ട് (മേഡ) നിയമത്തില്‍ 1986 ല്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.












Click it and Unblock the Notifications