'വില്ല നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് 18 ലക്ഷം രൂപ വാങ്ങി'; ശ്രീശാന്തിനെതിരെ കേസ്
കണ്ണൂർ: ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. കർണാടക ഉഡുപ്പിയിൽ വില്ല നിർമിച്ചു നൽകാമെന്നു പറഞ്ഞു 18 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് കേസ്. കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതിക്കാരൻ.ബാലഗോപാലിന്റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.
2019 ലാണ് പരാതിക്ക് ആസ്പദമായ സംഭവം. കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്ദർശനത്തിന് പോയപ്പോൾ അവിടെ നിന്ന് പരിചയപ്പെട്ട രാജീവ്കുമാർ, വെങ്കിടേഷ് കിനി എന്നിവർ ചേർന്നാണ് തന്റെ കൈയ്യിൽ നിന്നും പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്നു പറഞ്ഞാണു പണം വാങ്ങിയത്.18,70,000 അഡ്വാൻസായി വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്.

വില്ല ലഭിക്കാതായപ്പോൾ വെങ്കിടേഷിനെ ബന്ധപ്പെട്ടെന്നും പറഞ്ഞ സ്ഥലത്തിന് സമീപത്ത് ശ്രീശാന്തിന് സ്ഥലമുണ്ടെന്നും പറഞ്ഞു. പിന്നാലെ ശ്രീശാന്തിനെ കണ്ടു. ആ സ്ഥലത്ത് ക്രിക്കറ്റ് പ്രോജക്ട് തുടങ്ങുകയാണെന്നായിരുന്നു മറുപടി.
തന്റെ പ്രോജക്ടിന്റെ ഭാഗമായി ഒരു വില്ല നൽകാമെന്നു വാഗ്ദാനം ചെയ്തെന്നും പരാതിയിൽ പറയുന്നു. എന്നാൽ പിന്നീട് പ്രശാന്ത് ഈ വാഗ്ദാനത്തിൽ നിന്നും പിറകോട്ട് പോയി. മാത്രമല്ല പണം തിരികെ നൽകാനും തയ്യാറായില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തുടർന്നാണ് ഇയാൾ കോടതിയെ സമീപിച്ചത്. ശ്രീശാന്തിനൊപ്പം രാജീവ് കുമാർ, വെങ്കിടേഷ് എന്നിവരേയും കേസിൽ പ്രതി ചേർത്തു.












Click it and Unblock the Notifications