'എന്തൊരു നാണക്കേടാണിത്...! സിപിഎം ഇത്ര അധ:പതിച്ചോ?; രൂക്ഷവിമർശനവുമായി വിഷ്ണുനാഥ്
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയാണ് എന്ന ഒറ്റ കാരണത്താല്‍, മറിയ ഉമ്മന്റെയും അച്ചു ഉമ്മന്റെയും വ്യക്തിജീവിതത്തിനു നേരെയുള്ള ചെളിവാരിയെറിയല്‍ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുകയാണെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ പിസി വിഷ്ണുനാഥ്.സജീവ സംഘടനാ പ്രവര്‍ത്തന കാലത്തൊന്നും കേള്‍ക്കേണ്ടി വരാത്ത ആക്ഷേപമാണ് അച്ചു ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ വിഷയങ്ങള്‍ പ്രതിരോധിക്കാനാവാതെ സിപിഎം ഇത്ര അധ:പതിച്ചോയെന്നും വിഷ്ണുനാഥ് ചോദിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'ഞാന്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ അച്ചു ഉമ്മന്‍ മഹാത്മാഗാന്ധി യൂണിവാഴ്‌സിറ്റിയിലെ സെനറ്റ് അംഗമായിരുന്നു. മികച്ച സംഘാടകയും ചടുലതയാര്‍ന്ന പ്രവര്‍ത്തന ശൈലിയും സുവ്യക്തമായ രാഷ്ട്രീയ ബോധ്യവുമുള്ള അച്ചുവിനെ സംസ്ഥാന കമ്മിറ്റിയില്‍ എടുക്കാന്‍ ഞാന്‍ സാറിനോട് അഭ്യര്‍ത്ഥിച്ചതാണ്. എന്നാല്‍ സാറ് അന്ന് അതിന് അനുവദിച്ചില്ല. അച്ചു സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്നത് വലിയ നഷ്ടമായിരുന്നുവെന്ന് പിന്നീട് തോന്നിയിട്ടുണ്ട്.

സജീവ സംഘടനാ പ്രവര്‍ത്തന കാലത്തൊന്നും കേള്‍ക്കേണ്ടി വരാത്ത ആക്ഷേപമാണ് അച്ചു ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. പൊതുജനത്തിന്റെ ധനാപഹരണം നടത്താതെ പിന്‍വാതില്‍ സ്ഥാനക്കയറ്റമോ അധികാര സ്വാധീനമോ ഇല്ലാതെ, സ്വന്തം യോഗ്യതകൊണ്ട് ഇന്ത്യയ്ക്ക് പുറത്ത് ജോലി സമ്പാദിക്കുകയും ഇഷ്ടപ്പെട്ട പ്രൊഫഷണിലൂടെ സ്വത്വം പ്രകാശിപ്പിക്കുകയും ചെയ്തതാണ് അച്ചു ഉമ്മന്‍ ചെയ്ത തെറ്റ്!
തന്റെ കരിയറില്‍ ഉയര്‍ച്ചയുടെ അടയാളമായി അവര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചില ഫോട്ടോകള്‍ എത്ര ലജ്ജാകരമായാണ് സൈബര്‍ സേനകള്‍ ദുരുപയോഗം ചെയ്യുന്നത്! ഒരാളുടെ വസ്ത്ര സ്വാതന്ത്ര്യം അയാളുടെ അവകാശമാണെന്ന് പ്രസംഗിക്കാറുള്ള നേതാക്കള്‍ നോക്കി നില്‍ക്കേ, അണികള്‍ അവരുടെ വസ്ത്രധാരണത്തെപ്പറ്റി നിന്ദ്യമായ വിധത്തില്‍ പ്രചാരണങ്ങള്‍ നടത്തുന്നു. തൊഴില്‍ ചെയ്ത് ജീവിക്കുന്ന സ്ത്രീയെ അധിക്ഷേപിക്കുന്നു.
പിഎച്ച്ഡി ഉള്‍പ്പെടെ കരസ്ഥമാക്കി, മികവാര്‍ന്ന അക്കാദമിക യോഗ്യതയുടെ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മറിയ ഉമ്മനെതിരെയും വ്യാപകമായ സൈബര്‍ അക്രമണമാണ് നടക്കുന്നത്. ഉമ്മന്‍ചാണ്ടി എന്ന പേര് ഉപയോഗിച്ച്, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഒരുവിധത്തിലുമുള്ള സ്ഥാനങ്ങളും നേടിയില്ലെന്ന് അവരുടെ സഹപ്രവര്‍ത്തകര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടും അവര്‍ക്കെതിരെ വ്യക്തിഹത്യ തുടരുന്നത് അപലപനീയമാണ്.
ജീവിച്ചിരിക്കെ ഉമ്മന്‍ചാണ്ടി സാറിനെ ക്രൂരമായ് വേട്ടയാടുന്നതില്‍ ആനന്ദം കണ്ടെത്തിയവരെയും രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവരെയും കേരളത്തിന് നന്നായറിയാം; വിദ്വേഷത്തിന്റെയും വിമര്‍ശനത്തിന്റെയും പത്മവ്യൂഹം ചമച്ചവര്‍ക്കെതിരെ പകപോക്കലോ വെറുപ്പോ അദ്ദേഹം വെച്ചു പുലര്‍ത്തിയിരുന്നില്ല.
ഉമ്മന്‍ചാണ്ടിയെന്ന വ്യക്തിയെ ജീവിച്ചിരിക്കെ തേജോവധം ചെയ്തവര്‍, അദ്ദേഹം കഥാവശേഷനായപ്പോള്‍ സ്വരംമാറ്റിയിരുന്നു. പക്ഷെ, നിയമസഭയ്ക്ക് അകത്ത് അദ്ദേഹത്തിന്റെ മകളെപറ്റി സിപിഎമ്മിന്റെ മുതിർന്ന നേതാവ് തുടക്കമിട്ട അപമാനകരമായ വ്യക്ത്യാധിക്ഷേപത്തിന്റെ കത്തിതലപ്പ് വീണ്ടും മൂര്‍ച്ചകൂട്ടി എത്തിയിരിക്കയാണ് സിപിഎമ്മിന്റെ സൈബര്‍ വിങ്.
എന്തൊരു നാണക്കേടാണിത്...! ഞങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ വിഷയങ്ങള്‍ പ്രതിരോധിക്കാനാവാതെ സിപിഎം ഇത്ര അധ:പതിച്ചോ? സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹങ്ങള്‍ ചര്‍ച്ചയാവാതെ വിവാദങ്ങള്‍ക്ക് പുറകെ ജനങ്ങള്‍ സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്ന എല്‍ഡിഎഫ് നേതൃത്വം, ഈ അധിക്ഷേപങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയാണ്.
വസ്ത്ര സ്വാതന്ത്ര്യത്തെപ്പറ്റിയും സ്ത്രീ സമത്വത്തെപ്പറ്റിയും കണ്ഠക്ഷോഭം നടത്താറുള്ള നമ്മുടെ ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒരു സ്ത്രീയെ അവരുടെ പ്രൊഫഷന്റെ പേരില്‍ അധിക്ഷേപിക്കുന്നത് കണ്ടിട്ടും മിണ്ടാതിരിക്കുന്നത് ഇരട്ടത്താപ്പാണ്.
സിപിഎം ദേശീയ നേതൃത്വം ഇടപെട്ട് പുതുപ്പള്ളിയിലെ രാഷ്ട്രീയപ്പോരിനെ രാഷ്ട്രീയമായ് നേരിടാന്‍ അണികളോട് നിര്‍ദ്ദേശിക്കണം; കുടുംബങ്ങളെയും വ്യക്തികളെയും സ്ത്രീകളെയും വെറുതെ വിടണം.
മരണപ്പെട്ടിട്ടും ഒരു ജനനേതാവിനെ ക്രൂരമായ് വെട്ടയാടുന്നത് കേരളം പൊറുക്കില്ല.
ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയാണ് എന്ന ഒറ്റ കാരണത്താല്‍, മറിയ ഉമ്മന്റെയും അച്ചു ഉമ്മന്റെയും വ്യക്തിജീവിതത്തിനു നേരെയുള്ള ചെളിവാരിയെറിയല്‍ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുകയാണ്.
ജീവിച്ചിരുന്ന ഉമ്മന്‍ചാണ്ടിയേക്കാള്‍ ശക്തനാണ് മരണപ്പെട്ട ഉമ്മന്‍ചാണ്ടിയെന്ന് നിങ്ങള്‍ മനസ്സിലാക്കണം; നാല്പതു രാപകലുകളിലായ് പുതുപ്പള്ളിയുടെ മണ്ണിലേക്ക് ഒഴുകിയെത്തുന്ന ജനലക്ഷങ്ങള്‍ ഈ അധിക്ഷേപം കേട്ടു നില്‍ക്കില്ല...; ഉമ്മന്‍ചാണ്ടിയെ സ്‌നേഹിച്ച മലയാളികള്‍ക്ക് ഈ ആക്ഷേപങ്ങള്‍ സഹിക്കാവുന്നതല്ല....; ഉമ്മന്‍ചാണ്ടി ജീവനെപ്പോലെ കരുതിയ പുതുപ്പള്ളിയിലെ പ്രബുദ്ധരായ സമ്മതിദായകര്‍ ഈ വ്യക്തിഹത്യയ്‌ക്കെതിരെ പ്രതികരിച്ചിരിക്കും.












Click it and Unblock the Notifications