'പരാതിക്കാരായ സ്ത്രീകളെ ഫോണിൽ വിളിക്കുന്നു, ശൃംഗരിക്കുന്നു'; പി ശശിക്കെതിരായ പരാതി പുറത്തുവിട്ട് അൻവർ
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതി പുറത്തുവിട്ട് നിലമ്പൂർ എംഎൽഎ പിവി അൻവർ. കഴിഞ്ഞ ദിവസം ചാനൽ ചർച്ചക്കിടെ ഇത് സംബന്ധിച്ച് അൻവർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ വിശദമാക്കിയിരുന്നില്ല. ഇപ്പോഴിതാ ഫേസ്ബുക്കിലൂടെയാണ് 14 പേജ് വരുന്ന പരാതി പുറത്തുവിട്ടിരിക്കുന്നത്. ഗുരുതര ആരോപണമാണ് പരാതിയിൽ പി ശശിക്കെതിരെ ഉള്ളത്.
കഴിഞ്ഞ മാസം 13 നാണ് പരാതി നൽകിയിരിക്കുന്നത്. ഷാജൻ സ്കറിയ കേസ്, സോളാർ കേസ്, സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട വിവാദം, പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ആരോപണം, കോഴിക്കോട്ടെ സ്വകാര്യ വ്യാപാരിയുടെ കേസ്, രാഹുൽ ഗാന്ധി വിവാദം, പാർക്കിലെ മോഷണകേസ്, സാമ്പത്തിക തർക്കത്തിലെ മധ്യസ്ഥൻ എന്നിങ്ങനെ അക്കമിട്ട് നിരത്തിയാണ് പി ശശിയുടെ ഇടപെടലുകളെ കുറിച്ച് അൻവർ പരാതി നൽകിയത്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതിയുമായി എത്തുന്ന സ്ത്രീകളുടെ ഫോൺ നമ്പറുകൾ വാങ്ങി അവരെ ഫോണിൽ വിളിക്കുന്നുണ്ടെന്ന ആരോപണം അൻവർ പരാതിയിൽ ഉന്നയിക്കുന്നുണ്ട്. ഫോൺ വിളിച്ച് കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് പ്രത്യേകം അന്വേഷുക്കും അവരിൽ ചിലരോട് ശൃംഗാര ഭാവത്തിൽ സംസാരിക്കും ഇത് കാരണം പല സ്ത്രീകളും ഫോൺ എടുക്കാതിരുന്ന സാഹചര്യം തനിക്ക് നേരിട്ട് അറിയാമെന്നാണ് അൻവർ പറയുന്നത്. വലിയ കച്ചവടക്കാർ തമ്മിലുള്ള സാമ്പത്തിക തർക്കത്തിൽ മധ്യസ്ഥനായിനിന്ന് ഇവരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുക്കുന്നുണ്ടെന്നാണ് വിശദമായ പരാതിയിൽ പറയുന്ന മറ്റൊരു ആരോപണം. അദ്ദേഹം തത്സ്ഥാനത്ത് തുടർന്നാൽ താങ്ങാനാവാത്ത നാണക്കേടും മാനക്കേടും അധികം വൈകാതെ തന്നെ പാർട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടി വരും എന്നാണ് പരാതിയിൽ പിവി അൻവർ പറയുന്നത്.
അതേസമയം അൻവറിന്റെ ആരോപണങ്ങളോട് കൂടുതലായി പ്രതികരിക്കാനില്ലെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തോട് പി ശശി പ്രതികരിച്ചത്. അൻവറിന്റെ പരാതിയിൽ പാർട്ടിയും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതലായി തനിക്ക് ഒന്നും പറയാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 'എത്ര ഗുരുതര ആരോപണമായാലും പറയട്ടെ, അൻവർ അറ്റാക്ക് ചെയ്തോട്ടെ, ഇക്കാര്യത്തിലെല്ലാം പാർട്ടിയും മുഖ്യമന്ത്രിയും നിലപാട് പറഞ്ഞിട്ടുണ്ട്. തനിക്ക് വ്യക്തിപരമായി ഒന്നും പ്രതികരിക്കാനില്ല', മാധ്യമങ്ങളോട് പി ശശി പറഞ്ഞു. അൻവറിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പാർട്ടിയുമായി ആലോചിച്ച് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുടക്കം മുതൽ തന്നെ പി ശശിക്കെതിരെ പിവി അൻവർ ആരോപണം ഉയർത്തുന്നുണ്ട്. ഷാജൻ സ്കറിയ വിഷയത്തോടെയാണ് തങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീണതെന്നായിരുന്നു അൻവർ വ്യക്തമാക്കിയത്. താനടക്കം മുന്നണി നേതാക്കൾക്കോ പാർട്ടി പ്രവർത്തകർക്കോ പോലും മുഖ്യമന്ത്രിയെ കാണാൻ പോലും ശശി അനുവദിക്കാറില്ലെന്നും സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിലുള്ള ഇടപെടലാണ് അദ്ദേഹം നടത്തുന്നതെന്നും അൻവർ ആരോപിച്ചിരുന്നു. അതേസമയം ശശിക്കെതിരെ അൻവറിന്റെ ആരോപണങ്ങളെല്ലാം തള്ളുകയായിരുന്നു മുഖ്യമന്ത്രി. വ്യക്തി വിരോധത്തിന്റെ പേരിൽ ആരെങ്കിലും എന്തെങ്കിലും ആരോപണം ഉന്നയിച്ചത് കൊണ്ട് പി ശശിക്കെതിരെ നടപടിയെടുക്കില്ലെന്നും മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെയ്ക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി വിശദമാക്കിയത്.












Click it and Unblock the Notifications