• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇവരോട് മറുപടി പറയേണ്ടത് ഞാനാ'; മലപ്പുറം കളക്ടര്‍ക്കെതിരെ പിവി അന്‍വര്‍ എംഎല്‍എ

  • By Aami Madhu
Google Oneindia Malayalam News

മലപ്പുറം: കവളപ്പാറ പുനരധിവാസവുമായി ബന്ധപ്പെട്ട പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ മറുപടിയുമായി ജില്ലാ കളക്ടര്‍ രംഗത്തെത്തിയിരുന്നു. കവളപ്പാറ ദുരന്തത്തില്‍ പെട്ടവര്‍ക്ക് റവന്യു വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നായിരുന്ന എംഎല്‍എയുടെ ആരോപണം. എന്നാല്‍ 2019 ലെ വെള്ളപ്പൊക്കത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ചളിക്കല്‍ കോളനിയിലെ 34 ആദിവാസി കുടുംബങ്ങളെ സമയബന്ധിതമായി പുനരധിവസിപ്പിക്കുന്ന ഫെഡറല്‍ ബങ്കിന്‍റെ സിഎസ്ആര്‍ പദ്ധതിയാണ് എംഎല്‍എ തടഞ്ഞ് കളക്ടറും തിരിച്ചടിച്ചു.

ഇപ്പോള്‍ വീണ്ടും കളക്ടര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ക്കെതിരെ എംഎല്‍എ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. പോസ്റ്റ് വായിക്കാം

 ഇടത് സര്‍ക്കാര്‍ നയമാണ്

ഇടത് സര്‍ക്കാര്‍ നയമാണ്

2019-ലെ പ്രകൃതി ദുരന്തത്തില്‍ പെട്ടവരെ പ്രഥമ പരിഗണന നല്‍കി എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കുക എന്നത് ഇടത് സര്‍ക്കാര്‍ നയമാണ്.ജനപ്രതിനിധിയെന്ന നിലയ്ക്ക് അതാണ് ശരിയെന്ന് ഞാനും വിശ്വസിക്കുന്നു.മലപ്പുറം ജില്ലാ കളക്ടര്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക പേജിലും മാധ്യമങ്ങളോടും നിലമ്പൂരില്‍ നടക്കുന്ന പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എനിക്കെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയതായി കണ്ടു. ഇന്നലെ നടന്ന ഒരു സംഭവത്തിന്റെ പ്രതികരണമായാണ് ജില്ലാ കളക്ടര്‍ എനിക്കെതിരെ തെറ്റിദ്ധാരണാജനമായ പ്രസ്താവന നടത്തുന്നതെന്ന് പറയട്ടെ.

 പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പെട്ടത്

പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പെട്ടത്

എടക്കര ഗ്രാമപഞ്ചായത്തിലെ ചെമ്പന്‍കൊല്ലി എന്ന പ്രദേശത്ത് പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 5 ഏക്കര്‍ 20 സെന്റ് സ്ഥലത്ത് സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് ഉപയോഗിച്ച് 35 വീടുകള്‍ നിര്‍മ്മിക്കുന്നുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഞാനടക്കമുള്ള ജനപ്രതിനിധികളും ആദിവാസികളായ ചിലരും ചേര്‍ന്ന് തടഞ്ഞതായ വാര്‍ത്തകള്‍ വരികയും വാര്‍ത്തകളോടുള്ള പ്രതികരണമായി ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ജില്ലാ കളക്ടറുടെ ഔദ്യോഗിക പേജില്‍ എനിക്കെതിരായ പരാമര്‍ശങ്ങള്‍ വന്നതായും ശ്രദ്ധയില്‍പെട്ടത്.

 ചെമ്പന്‍കൊല്ലിയിലെത്തിയത്

ചെമ്പന്‍കൊല്ലിയിലെത്തിയത്

കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് വീടും സ്ഥലവും നഷ്ടമായി ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ആദിവാസികള്‍ക്ക് ഫെഡറല്‍ ബാങ്ക് നിര്‍മ്മിച്ചു നല്‍കുന്ന വീടുകള്‍ നല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് ഇന്നലെ ചെമ്പന്‍കൊല്ലിയിലെത്തിയത്. പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കരുണാകരന്‍ പിള്ളയും പ്രാദേശിക രാഷ്ട്രീയ നേതാക്കളും കവളപ്പാറയിലെ ക്യാമ്പുകളില്‍ കഴിയുന്ന ആദിവാസികളും എന്റെ കൂടെയുണ്ടായിരുന്നു. കവളപ്പാറയിലെ ആദിവാസികളെ ഈ പദ്ധതിയിലേക്ക് പരിഗണിക്കുന്ന കാര്യത്തില്‍ തീരുമാനവുന്നതുവരെ തല്ക്കാലം നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാനും അറിയിച്ച ശേഷം മടങ്ങിപ്പോരുകയും ചെയ്തു.ഇക്കാര്യമാണ് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് മഹാപരാധമായി തോന്നിയത്. ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കു വേണ്ടി നിലകൊണ്ടതാണ് താങ്കളുടെ കാഴ്ചപ്പാടിലെ തെറ്റെങ്കില്‍ ആ തെറ്റ് തുടരാന്‍ തന്നെയാണ് തീരുമാനം.

 ആദിവാസി കോളനിയിലില്ല

ആദിവാസി കോളനിയിലില്ല

2019-ലെ പ്രളയത്തില്‍ നിലമ്പൂര്‍ താലൂക്കില്‍ മാത്രം പതിനായിരത്തിലധികം വീടുകളില്‍ വെള്ളം കയറിയിരുന്നു. തുടര്‍ന്ന് ആളുകള്‍ താല്ക്കാലികമായി ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറുകയും ഉണ്ടായി. താങ്കളുടെ കുറിപ്പില്‍ പരാമര്‍ശിച്ച പോത്തുകല്‍ പഞ്ചായത്തിലെ ചളിക്കല്‍ ആദിവാസി കോളനിയിലും വെള്ളം കയറുകയും കോളനി നിവാസികള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയും ചെയ്തിരുന്നു. വെള്ളം ഇറങ്ങി കാലാവസ്ഥ നിയന്ത്രണ വിധേയമായതോടെ ക്യാമ്പുകളിലും മറ്റും കഴിഞ്ഞിരുന്ന ആളുകള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. കൂട്ടത്തില്‍ ചളിക്കലിലെ ആദിവാസികളും അവരുടെ കോളനിയിലെ വീടുകളിലേക്ക് മടങ്ങിയിരുന്നു. അടിയന്തിരമായി ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യം നിലവില്‍ ചളിക്കല്‍ ആദിവാസി കോളനിയിലില്ല.

 പച്ചക്കളമാണെന്ന് ഈ നാട്ടുകാര്‍ക്കറിയാം

പച്ചക്കളമാണെന്ന് ഈ നാട്ടുകാര്‍ക്കറിയാം

താങ്കളുടെ പ്രതികരണത്തില്‍ ചളിക്കല്‍ ആദിവാസി കോളനിക്കാരുടെ വീടും സ്ഥലവും പൂര്‍ണ്ണമായും നഷ്ടമായെന്നാണ് പറഞ്ഞിട്ടുള്ളത്. ഇത് വസ്തുതാപരമായി ശരിയല്ല. നീര്‍പ്പുഴയ്ക്ക് സമീപമുള്ള കോളനിയായതിനാല്‍ വീടുകളിലേക്ക് വെള്ളം കയറിയെന്നത് വാസ്തവമാണ്. ചില വീടുകള്‍ക്ക് കേടുപാടുകള്‍ വന്നിട്ടുണ്ട്. പ്രളയജലം ഇറങ്ങിയ ശേഷം ഈ വീടുകളില്‍ ആദിവാസികള്‍ താമസം തുടങ്ങിയപ്പോള്‍ ഞാനിടപെട്ടാണ് ഇവരെ ക്യാമ്പുകളിലേക്ക് മാറ്റിയത്. വെള്ളം കയറിയ പ്രദേശത്തുണ്ടാകുന്ന നാശനഷ്ടങ്ങളല്ലാതെ കവളപ്പാറയിലേതുപോലെയുള്ള കനത്ത മണ്ണിടിച്ചിലോ സ്ഥലം ഇല്ലാതാവുകയോ ചെയ്തിട്ടില്ല. പലരും അവരുടെ വീടുകള്‍ തന്നെ ഇപ്പോള്‍ ഉപയോഗിക്കുന്നുമുണ്ട്. താങ്കളുടെ പോസ്റ്റില്‍ പറഞ്ഞത് പച്ചക്കളമാണെന്ന് ഈ നാട്ടുകാര്‍ക്കറിയാം.

 എതിരഭിപ്രായമില്ല

എതിരഭിപ്രായമില്ല

വെള്ളം കയറാനുള്ള സാധ്യതയുള്ള പ്രദേശമായതിനാല്‍ ചളിക്കല്‍ കോളനിയിലെ ആളുകളെ സുരക്ഷിതമായി പുനരധിവസിപ്പിക്കേണ്ടതുണ്ട് എന്ന കാര്യത്തിലും എതിരഭിപ്രായമില്ല.ചളിക്കല്‍ കോളനി സന്ദര്‍ശിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന കാര്യങ്ങളാണ് സൂചിപ്പിച്ചത്. ചളിക്കല്‍ കോളനിയിലേക്ക് പോകാനെത്തുന്നവര്‍ പോത്തുകല്‍ അങ്ങാടിയിലെ സിറ്റിപാലസ് ഓഡിറ്റോറിയം കൂടി ഒന്ന് സന്ദര്‍ശിക്കണം. കവളപ്പാറയിലെ 29 ആദിവാസി കുടുംബങ്ങള്‍ ആ ഓഡിറ്റോറിയത്തിലെ ഡോര്‍മിറ്ററി പോലുള്ള ദുരിതാശ്വാസ ക്യാമ്പില്‍ ഇപ്പോഴും കുറഞ്ഞ സൗകര്യത്തില്‍ ജീവിക്കുന്നുണ്ട്. ഇവരുടെ ദയനീയ മുഖം കണ്ട ഒരാള്‍ക്ക് പോലും കവളപ്പാറക്കാരാണ് കൂടുതല്‍ പ്രയാസപ്പെടുന്നതെന്ന് തോന്നാതിരിക്കില്ല.

 തടസ്സപ്പെടുത്തുകയുമല്ല ഉദ്ദേശ്യം

തടസ്സപ്പെടുത്തുകയുമല്ല ഉദ്ദേശ്യം

ഫെഡറല്‍ ബാങ്ക് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന വീടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതല്ല എന്ന അഭിപ്രായം ആര്‍ക്കുമില്ല. അവരുടെ ജോലി തടസ്സപ്പെടുത്തുകയുമല്ല ഉദ്ദേശ്യം. ചളിക്കലിലെ ആദിവാസികളായാലും കവളപ്പാറയിലെ ആദിവാസികളായാലും കൂടുതല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ആദ്യം വീട് നിര്‍മ്മിച്ചു നല്‍കുന്ന കാര്യത്തില്‍ ഫെഡറല്‍ ബാങ്കിനും ഏതിര്‍പ്പുണ്ടാകാനിടയില്ല. എതിര്‍പ്പ് പദ്ധതിയോടല്ല, തന്നിഷ്ട പ്രകാരം ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതിലാണെന്ന് വ്യക്തമായല്ലോ.ഒരു ജനാധിപത്യ രാജ്യത്ത് ജനപ്രതിനിധികളായവര്‍ക്ക് ഒട്ടും വിലകല്‍പ്പിക്കാതെ ഉദ്യോഗസ്ഥര്‍ മാത്രം തീരുമാനങ്ങളെടുക്കുന്നതും ആ തീരുമാനങ്ങള്‍ പക്ഷപാതപരമായി നടപ്പാക്കുന്നതും ശരിയല്ലെന്നാണ് ഞാന്‍ കരുതുന്നത്.

 റീബില്‍ഡ് നിലമ്പൂര്‍ പദ്ധതി

റീബില്‍ഡ് നിലമ്പൂര്‍ പദ്ധതി

ഇത്തരത്തിലുള്ള തടസ്സപ്പെടുത്തലുകള്‍ ഭാവിയില്‍ കമ്പനികളുടെ സി.എസ്.ആര്‍. ഫണ്ട് കിട്ടാനുള്ള സാധ്യത ഇല്ലാതാക്കുമെന്നാണ് ജില്ലാ കളക്ടര്‍ കുറിച്ചിട്ടുള്ളത്. പ്രളയാനന്തര നിലമ്പൂര്‍ നിയോജകമണ്ഡലത്തിന്റെ പുനര്‍സൃഷ്ടിക്കായി റീബില്‍ഡ് നിലമ്പൂര്‍ എന്നൊരു പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പുനരധിവാസത്തിന് ഏറ്റവും അര്‍ഹരായ ആളുകളെ കണ്ടെത്തുകയും സഹായിക്കാന്‍ സന്നദ്ധമായവരുമായി അവരെ കൂട്ടിയിണക്കുകയും ചെയ്യുക എന്ന ദൗത്യമാണ് റീ ബില്‍ഡ് നിലമ്പൂരിന് പ്രധാനമായുള്ളത്.സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടക്കര ബ്രാഞ്ചില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.റീബില്‍ഡ് നിലമ്പൂരുമായി സഹകരിച്ച് സി.എസ്.ആര്‍. ഫണ്ട് വിനിയോഗിക്കുന്നതിന് ഒട്ടേറെ കമ്പനികള്‍ തയ്യാറായി വന്നിട്ടുള്ളതാണ്.കേരളത്തിലെ അറിയപ്പെടുന്ന ഇലക്ട്രോണിക് ഗൃഹോപകരണ കമ്പനിയായ ഇംപെക്‌സ് 30 വീടുകളും പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ 30 വീടുകളും കേരള മുസ്ലീം ജമാഅത്ത് 50 വീടുകളും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി 100 വീടുകളും നിര്‍മ്മിച്ച് നല്‍കാനുള്ള സന്നദ്ധത റീ ബില്‍ഡ് നിലമ്പൂരിനെ അറിയിച്ചിട്ടുണ്ട്.വീട് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി നല്‍കിയാല്‍ മാത്രമാണ് ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാവൂ. സൗജന്യമായ വിവിധ പഞ്ചായത്തുകളിലായി 4.45 ഏക്കറോളം സ്ഥലവും റീബില്‍ഡ് നിലമ്പൂരിന് ലഭിച്ചിട്ടുണ്ട്.

 താങ്കള്‍ മറുന്നുകാണില്ലെന്ന് കരുതുന്നു

താങ്കള്‍ മറുന്നുകാണില്ലെന്ന് കരുതുന്നു

എന്റെ ഫേസ്ബുക്ക് പേജില്‍ ഇത്തരത്തില്‍ സ്ഥലം നല്‍കിയവരുടെ പേരുവിവരങ്ങള്‍ അപ്പപ്പോള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്.സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് അങ്ങനെ പ്രസിദ്ധപ്പെടുത്തിയത്.ചില സംഘടനകളുടെ നേതൃത്വത്തില്‍ വീടുകളുടെ നിര്‍മ്മാണം തുടങ്ങിയിട്ടുമുണ്ട്.അതിന്റെ ഫോട്ടോയടക്കമുള്ള വിവരങ്ങളും പേജില്‍ ലഭ്യമാണ്.സര്‍ക്കാരിനെ സഹായിക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് റി ബില്‍ഡ് നിലമ്പൂര്‍ തുടങ്ങിയതും.മേല്‍ സംഘടനകളെല്ലാം താങ്കളുമായി ബന്ധപ്പെട്ടിരുന്ന വിവരം താങ്കള്‍ മറുന്നുകാണില്ലെന്ന് കരുതുന്നു.

അങ്ങേയ്ക്കറിയുമോ

അങ്ങേയ്ക്കറിയുമോ

ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ തലവന്‍ എന്ന നിലയ്ക്ക് എന്നെക്കാള്‍ ഉത്തരവാദിത്വവും ചുമതലകളും താങ്കള്‍ക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നാളിതുവരെയായും മലപ്പുറം ജില്ലയിലെ പ്രളയത്തില്‍ വീടും സ്ഥലവും പൂര്‍ണ്ണായും നഷ്ടപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കാനായിട്ടില്ലെന്ന വിവരം അങ്ങേയ്ക്കറിയുമോ? താലൂക്ക് അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് പട്ടിക പൂര്‍ത്തീകരിച്ചിട്ടും ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയാത്തത് ആരുടെ വീഴ്ചയാണെന്നറിയിക്കാമോ?

 താങ്കള്‍ കരുതുന്നുണ്ടോ?

താങ്കള്‍ കരുതുന്നുണ്ടോ?

വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുള്ളത്. ഇതില്‍ 6 ലക്ഷം രൂപ സ്ഥലം വാങ്ങുന്നതിനും 4 ലക്ഷം രൂപ വീട് നിര്‍മ്മിക്കുന്നതിനുമാണ്.ഈ പട്ടിക പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ അത്രയും ആളുകള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാമായിരുന്നു എന്നത് ജനപ്രതിനിധിയായ എന്റെ കുറ്റംകൊണ്ടാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?ജനങ്ങള്‍ക്ക് ആശ്വാസകരമായ കാര്യങ്ങള്‍ സമയബന്ധിതമായി ചെയ്യാതിരുന്നതുകൊണ്ടല്ലേ പല രാഷ്ട്രീയകക്ഷികള്‍ക്കും മുതലെടുപ്പ് നടത്താനായത്.ജനങ്ങളില്‍ ആശങ്കയുണ്ടാകുന്നതിനും സര്‍ക്കാരിന് ചീത്തപ്പേരുണ്ടാകുന്നതിനും ജനപ്രതിനിധികള്‍ മാത്രമാണോ കാരണക്കാര്‍?ഫെഡറല്‍ ബാങ്ക് സര്‍ക്കാര്‍ വാങ്ങിയ സ്ഥലത്ത് നിര്‍മ്മിക്കുന്ന വീടുകള്‍ കവളപ്പാറക്കാര്‍ക്ക് കൊടുക്കാതിരിക്കുന്നതിന്റെ കാരണമായി താങ്കള്‍ ആരോപിക്കുന്നത് അവര്‍ പോത്ത്കല്ല് പഞ്ചായത്തിന് പുറത്ത് പോകാന്‍ തയ്യാറല്ലെന്ന വാദമുയര്‍ത്തിയാണ്.അവര്‍ അതിന് തയ്യാറല്ലെന്ന് താങ്കളെയോ മറ്റു റവന്യൂ ഉദ്യോഗസ്ഥരേയൊ രേഖാമൂലം അറിയിച്ചിരുന്നോ?

 ആരും പറഞ്ഞിട്ടില്ല

ആരും പറഞ്ഞിട്ടില്ല

ഇനി സത്യമെന്തെന്ന് നോക്കാം. ഇപ്പോള്‍ കണ്ടെത്തിയ സ്ഥലം പോത്തുകല്‍, എടക്കര പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമാണ്. എന്നാല്‍ സാങ്കേതികമായി എടക്കര ഗ്രാമപഞ്ചായത്തിലുമാണ്.പോത്തുകല്‍ ഉപ്പട അങ്ങാടിയില്‍ നിന്നും 2 കി.മി. ദൂരമാണ് ചെമ്പന്‍കൊല്ലിയിലെ സ്ഥലത്തേക്കുള്ളത്. കവളപ്പാറയിലെ സര്‍വ്വവും നഷ്ടപ്പെട്ട ആദിവാസികളിലാരെയും ഈ സ്ഥലം കാണിച്ചുകൊടുക്കുകയോ അവരുടെ അഭിപ്രായം ആരായുകയോ ചെയ്തിട്ടില്ല. ചെമ്പന്‍കൊല്ലിയില്‍ വീടുകളുടെ പണി നടക്കുന്ന വിവരം അറിഞ്ഞ ആദിവാസികള്‍ പോത്തുകല്‍ പഞ്ചായത്ത് പ്രസിഡണ്ട് കരുണാകരന്‍ പിള്ള വഴി എന്നെ ബന്ധപ്പെടുകയാണുണ്ടായത്. ആദിവാസികള്‍ ഇപ്പോള്‍ കഴിയുന്ന ദുരിതാശ്വാസ ക്യാമ്പില്‍ നേരിട്ട് പോവുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തപ്പോള്‍ മനസ്സിലായ കാര്യം ഇവരോട് വീടിന്റേയോ സ്ഥലത്തിന്റെയോ കാര്യം ആരും പറഞ്ഞിട്ടില്ലെന്നാണ്.ചെമ്പന്‍കൊല്ലിയിലെ സ്ഥലം ഇവരെ ആരും കാണിക്കുകയും ചെയ്തിട്ടില്ല. തുടര്‍ന്ന് ജനുവരി 5 ഞായറാഴ്ച കവളപ്പാറയിലെ ആദിവാസികള്‍ വാര്‍ഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ വത്സലയുടെ സാന്നിധ്യത്തില്‍ ഊരുകൂട്ടം ചേരുകയും ചെമ്പന്‍കൊല്ലിയില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ കവളപ്പാറക്കാര്‍ക്ക് തന്നെ ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് എനിക്ക് 43 പേര്‍ ഒപ്പിട്ട നിവേദനം നല്‍കുകയുമുണ്ടായി.ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കവളപ്പാറയിലെ ആദിവാസികള്‍ക്കൊപ്പം നിര്‍മ്മാണ സ്ഥലത്തെത്തിയത്.

 അഭിപ്രായം മാനിച്ചുകൊണ്ടാണ്

അഭിപ്രായം മാനിച്ചുകൊണ്ടാണ്

സര്‍ക്കാരിന് പങ്കാളിത്തമുള്ള ഏതൊരു പദ്ധതിയുടെയും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് ജനപ്രതിനിധികളുടെ കൂടി അഭിപ്രായം മാനിച്ചുകൊണ്ടാണ്. പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പിന്റെ പണം ഉപയോഗിച്ച് വാങ്ങിയ ഭൂമി ആയതിനാല്‍ സ്വാഭാവികമായും പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള ജനപ്രതിനിധികളെ വിവരങ്ങള്‍ അറിയിക്കുന്നതില്‍ എന്താണ് തെറ്റുള്ളത്.ഏതു സര്‍ക്കാര്‍ പദ്ധതിയുടെയും സ്ഥലം ഏറ്റെടുക്കുന്നത് കളക്ടറുടെ നേതൃത്വത്തിലാണ് എന്ന കാര്യമറിയാം.അതിന് പര്‍ച്ചേസ് കമ്മറ്റിയും ഉള്ളതായും അറിയാം.എന്റെ ആക്ഷേപം സ്ഥലം വാങ്ങിയതിലോ വീട് നിര്‍മ്മിക്കുന്നതിലോ അല്ല, മറിച്ച് ഗുണഭോക്താക്കളെ ഏകപക്ഷീയമായി തിരഞ്ഞെടുത്തതിലാണ്.പത്രവാര്‍ത്തയിലൂടെയാണ് ചെമ്പന്‍കൊല്ലിയില്‍ വീട് നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഞാനറിയുന്നത്.എന്റെ നിയോജകമണ്ഡലത്തില്‍ നടക്കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ വിവരം എന്നെ അറിയിക്കണ്ടതല്ല എന്നാണോ ഇനി മലപ്പുറം ജില്ലാ കളക്ടറുടെ നിലപാട്?

 ഫോണില്‍ ബന്ധപ്പെട്ടിരുന്നു

ഫോണില്‍ ബന്ധപ്പെട്ടിരുന്നു

താങ്കള്‍ തറക്കല്ലിട്ടതിന്റെ പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ടപ്പോള്‍ ഞാന്‍ താങ്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പദ്ധതിയുടെ ഗുണഭോക്താക്കളാരാണെന്ന് ആരാഞ്ഞപ്പോള്‍ ചളിക്കല്‍ ആദിവാസി കോളനിയിലെ ആളുകള്‍ക്കെന്നാണ് താങ്കള്‍ പറഞ്ഞത്. കവളപ്പാറയിലെ ആദിവാസികള്‍ക്ക് വീട് നല്‍കിയിട്ടുപോരെ ചളിക്കലിലേത് എന്ന ചോദ്യത്തിന് അവര്‍ക്ക് വേറെ പദ്ധതി ഉണ്ടാക്കാമെന്നും ഇപ്പോള്‍ ഈ പ്രൊജക്റ്റുമായി മുന്നോട്ട് പോകുമയുമാണ് എന്നാണ് താങ്കള്‍ മറുപടി നല്‍കിയത്. കവളപ്പാറക്കാരെ പരിഗണിക്കാതിരുന്നാല്‍ താങ്കളുടെ പ്രവൃത്തി അധാര്‍മ്മികമായി വിലയിരുത്തപ്പെടുമെന്നും സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ക്ക് സാധ്യതയുണ്ടാകുമെന്നും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കരുതെന്നുമാണ് താങ്കളോട് പറഞ്ഞപ്പോള്‍സര്‍ക്കാരിന്റെ പ്രതിസന്ധിയുടെ കാര്യം എന്നെ ബാധിക്കുന്നതല്ലെന്നും താങ്കള്‍ പരാതിയുണ്ടെങ്കില്‍ പരാതിപ്പെട്ടോളൂ എന്നും ധിക്കാരപൂര്‍വ്വമായി പ്രതികരിച്ചാണല്ലോ ഫോണ്‍ സംഭാക്ഷണം അവസാനിപ്പിച്ചത്. ഈ ഫോണ്‍കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കാവുന്നതുമാണല്ലോ.

 ഓര്‍മ്മപ്പെടുത്തുന്നുവെന്ന് മാത്രം

ഓര്‍മ്മപ്പെടുത്തുന്നുവെന്ന് മാത്രം

വിശദീകരണത്തില്‍ രണ്ടാമതായി ഭൂമി വാങ്ങുന്നതില്‍ സ്ഥലം എം.എല്‍.എ.യ്ക്ക് പ്രത്യേകിച്ച് റോളൊന്നുമില്ലായെന്നാണ്.സാധാരണ പൊതുകാര്യങ്ങള്‍ക്ക് ഭൂമി വാങ്ങുമ്പോഴോ ഏറ്റെടുക്കുമ്പോഴോ ഒന്നിലധികം സ്ഥലങ്ങള്‍ കണ്ടെത്താറുണ്ട്.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംയുക്തമായി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കൂടുതല്‍ അനുയോജ്യമായത് വാങ്ങുകയോ ഏറ്റെടുക്കുകയോ ആണ് ചെയ്യാറുള്ളത്.എടക്കര പഞ്ചായത്തില്‍ സ്ഥലം ആവശ്യമുണ്ടെന്ന് പരസ്യം ചെയ്തിരുന്നെങ്കില്‍ സ്ഥലം നല്‍കാന്‍ സന്നദ്ധമായവര്‍ മുന്നോട്ടു വരികയും കുറഞ്ഞ തുക ആവശ്യപ്പെടുന്നവരുടെ ഭൂമി ഏറ്റെടുക്കാനും കഴിയുമായിരുന്നു.റീ ബില്‍ഡ് നിലമ്പൂരുമായി ബന്ധപ്പെട്ട് നോക്കിവെച്ചിരുന്ന സ്ഥലമാണ് ചെമ്പന്‍കൊല്ലിയിലേത്. സെന്റിന് മുപ്പതിനായിരം രൂപയ്ക്ക് താഴെ വിലയ്ക്ക് നല്‍കാമെന്ന് സമ്മതിച്ച സ്ഥലമാണതെന്ന് ഓര്‍മ്മപ്പെടുത്തുന്നുവെന്ന് മാത്രം.

 സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ളതായിരുന്നു

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ളതായിരുന്നു

കവളപ്പാറയിലെ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും പോലീസും ഫയര്‍ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പട്ടികവര്‍ഗ്ഗ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമായ ആയിരക്കണക്കിന് ആളുകളോടൊപ്പം രാപ്പകലില്ലാതെ ദിവസങ്ങളോളം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് എന്റെ വിശ്വാസം.താങ്കളുടെ നേതൃത്വത്തിലുള്ള ദുരന്ത നിവാരണ പ്രവര്‍ത്തകര്‍ക്കും സേനകള്‍ക്കും വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്നതിനും കഴിഞ്ഞിട്ടുണ്ട്.ദുരന്തമുണ്ടായ ആഗസ്റ്റ് 8 മുതല്‍ തന്നെ താങ്കളെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലെ താങ്കളുടെ അറിവ് കുറവോ ആത്മാര്‍ത്ഥതയില്ലായ്മയോ അന്നേ എന്നില്‍ സംശയം ജനിപ്പിച്ചിരുന്നു. താങ്കളുടെ അനുഭവക്കുറവുകൊണ്ടായിരിക്കാം അതെന്ന് കരുതി അന്ന്.പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷമുള്ള മലപ്പുറം ജില്ലാ കളക്ടറുടെ നിലപാടുകള്‍ തീര്‍ത്തും ഈ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ളതായിരുന്നു.

 ജില്ലാ കളക്ടര്‍ ഏറ്റെടുക്കുമോ?

ജില്ലാ കളക്ടര്‍ ഏറ്റെടുക്കുമോ?

അതിന്റെ അവസാനത്തെ തെളിവാണ് ഏറ്റവും അര്‍ഹരായ കവളപ്പാറയിലെ ആദിവാസികളെ ഒഴിവാക്കി മറ്റൊരു കോളനിയിലെ ആളുകള്‍ക്ക് വീട് നല്‍കാനുള്ള തീരുമാനം. വീടും സ്ഥലവും പൂര്‍ണ്ണമായും നഷ്ടമായവരുടെ ലിസ്റ്റ് ഔദ്യോഗികമായി തയ്യാറായിട്ടു പോലും പ്രസിദ്ധീകരിക്കാതിരിക്കുന്നതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണ്.ദുരന്തനിവാരണ സമിതിയുടെ അധ്യക്ഷനെന്ന നിലയ്ക്ക് ഈ ഉത്തരവാദിത്വങ്ങളില്‍ നിന്ന് താങ്കള്‍ക്ക് ഒഴിഞ്ഞുമാറാനാകുമോ?കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഇപ്പോഴും കഴിയുന്ന ആളുകളെ പരിഗണിക്കാതെ മറ്റുള്ളവരെ വീടിനായി പരിഗണിച്ചാല്‍ ഉണ്ടാകാനിടയുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെയും വാര്‍ത്തകളുടെയും പ്രചരണങ്ങളുടെയും ഉത്തരവാദിത്വ മലപ്പുറം ജില്ലാ കളക്ടര്‍ ഏറ്റെടുക്കുമോ?
താങ്കള്‍ക്ക് ഒരുപക്ഷേ എല്ലാം ഒരു ദിവസം കൊണ്ട് പായ്ക്ക് ചെയ്ത് പോയാല്‍ തീരാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണിതെല്ലാം. ഞങ്ങള്‍ക്ക് പക്ഷേ അങ്ങനെയല്ല യുവര്‍ ഹോണര്‍.

 ബോധ്യപ്പെടുത്തുന്നതാണ്

ബോധ്യപ്പെടുത്തുന്നതാണ്

ദുരന്ത സമയത്തും തുടര്‍ന്നും ജില്ലയിലെ റവന്യൂ വകുപ്പും ഉദ്യോഗസ്ഥര്‍ നല്‍കിയ സഹകരണം ഇവിടെ വിസ്മരിക്കുന്നില്ല. റവന്യൂ ഉദ്യോഗസ്ഥര്‍ സംഭാവന നല്‍കിയ പണം ഉപയോഗിച്ച് താങ്കള്‍ ആവേശത്തൊടെ ആദിവാസി കോളനിയിലേക്ക് നിര്‍മ്മിച്ച പാലം ആദിവാസികള്‍ക്ക് നടന്നുപോകാനുള്ള രീതിയിലെങ്കിലും ആക്കിനല്‍കിയാല്‍ നന്നായിരുന്നു.ആവര്‍ത്തിക്കുന്നു. എടക്കര ചെമ്പന്‍കൊല്ലിയിലെ സ്ഥലത്ത് ഫെഡറല്‍ ബാങ്ക് നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണം തടസ്സപ്പെടുത്തുകയല്ല എന്റെ ഉദ്ദേശ്യം.അവിടെ നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണം താമസംവിനാ പൂര്‍ത്തിയാക്കി കവളപ്പാറയിലെ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ തന്നെ തുടരുന്ന സര്‍വ്വവും നഷ്ടപ്പെട്ട നാടിന്റെ നേരവകാശികളായ ആദിമവാസികള്‍ക്ക് അത് കൈമാറും വരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യും.* റീബില്‍ഡ് നിലമ്പൂരുമായി ബന്ധപ്പെട്ട് താങ്കള്‍ ഇന്ന് നടത്തിയ സത്യവിരുദ്ധമായ സ്റ്റേറ്റ്മെന്റുകളുടെ നിജസ്ഥിതി അക്കമിട്ട് തന്നെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്.

English summary
PV Anwar MLA against Malappuram collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X