'കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്, പിന്നെ കിടന്ന് മോങ്ങരുത്', യുഡിഎഫിന് അൻവറിന്റെ മുന്നറിയിപ്പ്
നിലമ്പൂര്‍: സംസ്ഥാനത്ത് നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പ് അവസാനിച്ചതിന്റെ തൊട്ട് പിറകേ തന്നെ വിവിധ ഇടങ്ങൡ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. കണ്ണൂരില്‍ സംഘര്‍ഷത്തില്‍ ഒരു യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും നിരവധി സിപിഎം ഓഫീസുകള്‍ ആക്രമിക്കപ്പെടുകയുമുണ്ടായി.
മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഡിവൈഎഫ്‌ഐ നേതാവിന് എതിരെ കൊലപാതക ശ്രമം നടന്നതായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ആരോപിക്കുന്നു. ഡിവൈഎഫ്‌ഐയുടെ എടക്കര ബ്ലോക്ക് കമ്മിറ്റി അംഗമായ ക്രിസ്റ്റി ജോണിനെ ആണ് യുഡിഎഫുകാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് അന്‍വര്‍ ആരോപിക്കുന്നത്.
പിവി അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പ്: ' നിലമ്പൂർ മണ്ഡലത്തിലെ മൂത്തേടം പഞ്ചായത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് നേരേ യു.ഡി.എഫ് ക്രിമിനലുകളുടെ വധശ്രമം. ഡി.വൈ.എഫ്.ഐ എടക്കര ബ്ലോക്ക് കമ്മറ്റി അംഗം ക്രിസ്റ്റി ജോണിനെയാണ് മരുന്നു വാങ്ങാനായി മൂത്തേടം അങ്ങാടിയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്ന് പിടിച്ചിറക്കി അക്രമിച്ചത്.കഴുത്തിന് നേരേ വന്ന വെട്ട് ഒഴിഞ്ഞ് മാറിയതിനാൽ നെറ്റിയിലാണ് കൊണ്ടത്. ക്രിസ്റ്റിയെ എടക്കര പോലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലാക്കിയത്.
കാരപ്പുറത്ത് വച്ച് കഴിഞ്ഞ ദിവസം എൽ.ഡി.എഫ് പ്രചരണ വാഹനം തല്ലിതകർത്തതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വിഷയങ്ങൾ ഇന്നലെ എടക്കര പോലീസ് എല്ലാ രാഷ്ട്രീയപാർട്ടികളുടെയും യോഗം വിളിച്ച് ചേർത്ത് പരിഹരിച്ചിരുന്നു. ഇതിനിടെയാണ് പ്രദേശത്തെ സമാധാന അന്തരീക്ഷം വീണ്ടും തകർക്കാനുള്ള ശ്രമം നടക്കുന്നത്.
യു.ഡി.എഫ് ക്രിമിനലുകളോടാണ്.. "ഞങ്ങളുടെ ഓരോ പ്രവർത്തകന്റെയും ജീവൻ ഞങ്ങൾക്ക് വിലപ്പെട്ടതാണ്.പണ്ട് നിലമ്പൂർ നിങ്ങളുടെ പൊന്നാപുരം കോട്ടയായിരുന്നിരിക്കാം. ഇന്നതല്ല. മറക്കരുത്, ഒരേ ഘടന തന്നെയാണ് ഞങ്ങളുടെയും നിങ്ങളുടെയും ശരീരങ്ങൾക്ക്. വെറുതെ.. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്. പിന്നെ കിടന്ന് മോങ്ങരുത്.."