അയോഗ്യത രാഹുലിന്; പോര് അന്‍വറും വീണയും തമ്മില്‍,'കേരളത്തില്‍ രാഷ്ട്രപതി ഭരണമോ'
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിക്കെതിരെ വലിയ വിമർശനവും പ്രതിഷേധവുമാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികള്‍ക്കിടയില്‍ നിന്നും ഉയർന്ന് വരുന്നത്. കേരളത്തില്‍ യു ഡി എഫ്, എല്‍ ഡി എഫ് നേതാക്കളും ഒരുപോലെ പ്രതിഷേധം അറിയിച്ചു. എന്നാല്‍ ഇതിന് ഇടയിലാണ് വിഷയത്തില്‍ നിലമ്പൂർ എം എല്‍ എ പിവി അന്‍വറും യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരും തമ്മില്‍ സോഷ്യല്‍ മീഡിയയിലൂടെ വാദ-പ്രതിവാദങ്ങള്‍ ആരംഭിച്ചത്.
'രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പഴയ വിജയനും പ്രതികരിച്ചില്ല, പുതിയ വിജയനും പ്രതികരിച്ചില്ല'- എന്ന വീണ എസ് നായരുടെ പോസ്റ്റാണ് തർക്കങ്ങള്‍ക്ക് തുടക്കമിട്ടത്. വീണ എസ് നായർ ഉള്‍പ്പടേയുള്ള പല കോണ്‍ഗ്രസ് നേതാക്കളും സംഘപരിവാർ എന്ന് എടുത്ത് പറയാന്‍ മടിക്കുകയോ വിട്ടുപോവുകയോ ചെയ്തപ്പോള്‍ സംഘപരിവാർ നീക്കം എന്ന് തന്നെ വ്യക്തമാക്കി മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതോടെ വീണയ്ക്കെതിരെ വിമർശനവുമായി ഇടത് സൈബർ അണികളും രംഗത്ത് എത്തി.

'കേന്ദ്ര സർക്കാറിനെതിരെ യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു നടത്തിയ മാർച്ചില്‍ പിണറായി പൊലീസിന്റെ നരനായാട്ട്'- എന്ന കുറിപ്പും വീണ പങ്കുവെച്ചു. ഇത്തവണ വീണയുടെ പോസ്റ്റിനെതിരെ രംഗത്ത് എത്തിയവരില്‍ ഇടത് എം എല്‍ എയായ പിവി അന്‍വറുമുണ്ടായിരുന്നു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ നടപ്പിലാക്കപ്പെട്ടത് മോദി സർക്കാരിന്റെയും,സംഘപരിവാറിന്റെയും,അവർ നയിക്കുന്ന ബി ജെ പിയുടെയും രാഷ്ട്രീയ അജണ്ടയാണെന്നായിരുന്നു പിവി അന്‍വർ വീണയുടെ കമന്റ് ബോക്സില്‍ കുറിച്ചത്.
രാജ്‌ഭവനും ഗവർണ്ണറുമൊക്കെ ഭരണഘടനാ സ്ഥാപനങ്ങളാണ്.
അങ്ങോട്ടേക്കല്ല രാത്രി മാർച്ച് ചെയ്യേണ്ടത്. രാജ്‌ഭവന് സുരക്ഷ നൽകേണ്ടത് സംസ്ഥാന സർക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും ബാധ്യതയാണ്. ഇക്കാര്യത്തിൽ വീഴ്ച്ച വന്നാൽ,രാജ്‌ഭവനിലെ ഒരു ജനൽ ചില്ലെങ്കിലും പൊട്ടിയെന്നാൽ,അതിന്റെ പേരിൽ നാളെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ നോക്കിയിരിക്കുന്ന കേന്ദ്ര സർക്കാരിനെ സഹായിക്കുകയാണ് യൂത്ത് കോൺഗ്രസും കെ എസ് യുവുമൊക്കെ.!
കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് ഒരു മാർച്ച് സംഘടിപ്പിക്കാൻ ശേഷിയോ, ധൈര്യമോ ഉള്ള ഒരു യൂത്ത് കോൺഗ്രസുകാരനോ, കെ എസ് യുക്കാരനോ ഈ നാട്ടിലുണ്ടോ? ഒരുത്തനെങ്കിലും..?!- എന്നും പിവി അന്‍വർ കുറിച്ചു.
ഇതോടെ തർക്കം മുറുകി. പിവി അന്‍വറിന്റെ ഈ പോസ്റ്റിലെ രാഷ്ട്രപതി ഭരണം ഉള്‍പ്പടേയുള്ള പരാമർശങ്ങള്‍ക്ക് മറുപടിയുമായി വീണ എസ് നായരും രംഗത്ത് വന്നു. രാജ്ഭവൻ മാർച്ചിൽ കെ എസ് യൂ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ഞാൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ പി വി അൻവർ എം എൽ എ നൽകിയ കമന്റാണിത് . കമന്റിൽ അദ്ദേഹം കുറിച്ച ചില കാര്യങ്ങൾ ശ്രദ്ധേയമാണെന്നുമാണ് വീണ കുറിക്കുന്നത്.
യൂത്ത് കോൺഗ്രസ് രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ ഒരു ജനൽ ചില്ലെങ്കിലും പൊട്ടിയാൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തും എന്ന ആശങ്ക ആദ്ദേഹം പങ്കുവയ്ക്കുകയാണ്.! രാജ്ഭവനും ഗവർണറും ഭരണഘടനാ സ്ഥാപനമാണ് അതുകൊണ്ട് തന്നെ അവിടെ പ്രശ്നമുണ്ടായാൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താം എന്നതാണ് അദ്ദേഹത്തിന്റെ ആശങ്ക.
ഗവർണർ കേന്ദ്ര സർക്കാരിന്റെ ഏജന്റാണ് എന്ന് പറഞ്ഞ സി പി എമ്മിന്റെ ഈ പിന്മാറ്റം അമ്പരപ്പിക്കുന്നതാണ്. സീതാറാം യച്ചൂരിയടക്കം ഈ അടുത്ത കാലത്ത് രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത് എം എൽ എ മറന്നുപോയോ? അന്ന് എന്തുകൊണ്ട് ബി ജെ പി ഓഫീസിലേക്ക് മാർച്ച് നടത്തിയില്ല??പിന്നെ ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച നിങ്ങൾ അടിച്ചു തകർത്ത ബി. ജെ. പി ഓഫീസുകളുടെ എണ്ണം ഞങ്ങൾ എണ്ണിയതാണെന്നും പരിഹസിച്ചുകൊണ്ട് വീണ കുറിക്കുന്നു.
മറ്റൊരു സുപ്രധാന കാര്യം കേന്ദ്ര ഭരണം ഏർപ്പെടുത്തുമെന്ന പേടിയിലാണ് ഇപ്പോഴും സി പി എം കഴിയുന്നത് എന്ന് പറയാതെ പറയുകയാണ് എം എൽ എ. ഈ പേടികൊണ്ടാണോ, ബി ജെ പി പ്രതികളെ രക്ഷിക്കാൻ സി പി എം ഒറ്റുകൊടുത്തു എന്ന് ഇ ചന്ദ്രശേഖരൻ എം എൽ എ നിയമസഭയിൽ പറഞ്ഞപ്പോൾ പി വി അൻവർ എം എൽ എ പ്രതികരിക്കാതിരുന്നത്? ഈ പേടിയാലാണോ ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീ കെ.സുരേന്ദ്രനെതിരെയുള്ള കേസിൽ നടപടിയില്ലാത്തത് എന്ന് വ്യക്തമാക്കണം .... ചുരുക്കം പറഞ്ഞാൽ സി പി എമ്മിനെ നയിക്കുന്നത് രാഷ്‌ട്രപതി ഭരണത്തിന്റെ ഭയമാണ്!
ഫാസിസ്റ്റുകൾക്കെതിരെയുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച നമ്മുടെ നേതാവിന് വേണ്ടിയാണ് ഞങ്ങൾ പോരാട്ടം നടത്തുന്നത്. പ്രതികരിച്ചാൽ കേന്ദ്രം രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുമോ എന്ന ഭയത്തിൽ കഴിയുന്ന നിങ്ങളുടെ ഉപദേശം ഞങ്ങൾക്ക് തത്കാലം വേണ്ടെന്നും വീണ എസ് നായർ കുറിച്ചു.












Click it and Unblock the Notifications