വയനാടിന് ആശ്വാസമായി വീണ്ടും രാഹുൽ ഗാന്ധി; ഇത്തവണ ജീപ്പ്, ഉൾവനങ്ങളിലേക്ക് മരുന്നെത്തും
വയനാട്; കൊവിഡ് പ്രതിസന്ധിയ്ക്കിടെ മണ്ഡലം സന്ദർശിക്കാനാകുന്നില്ലേങ്കിലും വയനാടിന് കൈയയിച്ച് സഹായമെത്തിക്കുകയാണ് രാഹുൽ ഗാന്ധി.കുടിവെള്ളം കിട്ടാതെ ദുരിതത്തിലായിരുന്ന വൈത്തിരിയിലെ കൂവലത്തോടിന് കോളനിയിലെ നിവാസികൾക്ക് കഴിഞ്ഞ ദിവസം രാഹുൽ ഇടപെട്ട് കുടിവെള്ള പൈപ്പ് സ്ഥാപിച്ചിരുന്നു.
ഇപ്പോഴിതാ വയനാട്ടിലെ വനങ്ങളിലെ ഉൾഗ്രാമങ്ങളിലേക്ക് മരുന്ന് എത്തിക്കാൻ എംപി ഫണ്ടിൽ നിന്നും ചെലവഴിച്ച് ജീപ്പ് വാങ്ങിച്ച് നൽകിയിരിക്കുകയാണ് അദ്ദേഹം. രാഹുൽ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

ഉൾവനങ്ങളിൽ
അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാത്ത കടുത്ത ദുരിതം അനുഭവിക്കുന്ന നിരവധി ആദിവാസി വിഭാഗങ്ങൾ ഇപ്പോഴും വയനാടിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. പ്രത്യേകിച്ച് ഉൾവനങ്ങളിൽ. വാഹന സൗകര്യം ഇല്ലാത്തിനാൽ പലപ്പോഴും ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്ക് പോലും ഇവർക്ക് പുറത്തേക്ക് പോകാൻ സാധിക്കാറില്ല. ആരോഗ്യപ്രവർത്തകർക്കും ഇവിടെ എത്തിച്ചേരാൻ ഏറെ ബുദ്ധിമുട്ടാണ്.

സന്തോഷം പങ്കുവെച്ച് രാഹുൽ
ഈ അവസ്ഥയ്ക്കാണ് ഇപ്പോൾ രാഹുൽ ഗാന്ധി ഇടപെട്ട് പരിഹാരം കണ്ടെത്തിയിരിക്കുന്നത്. ഉൾവനങ്ങളിൽ ഉളളവർക്ക് മരുന്ന് എത്തിക്കാനായി ജീപ്പ് വാങ്ങി നൽകിയിരിക്കുകയാണ് എംപി. ജീപ്പിലൂടെ ആരോഗ്യപ്രവർത്തകർ കാടുതാണ്ടി പോകുന്ന വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഈ സന്തോഷം രാഹുൽ ഗാന്ധി പങ്കുവെച്ചത്. രാഹുലിന്റെ വാക്കുകളിലേക്ക്

മാറ്റിയെടുക്കാൻ സാധിക്കും
എന്റെ എംപിഎൽഡിഎസ് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഈ 4x4 ജീപ്പ്, എന്റെ പാർലമെൻറ് മണ്ഡലമായ വയനാടിലെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസി സമൂഹങ്ങളുടെ ജീവിതത്തെ മാറ്റിയെടുക്കാൻ സഹായിക്കും. അവരുടെ വീട്ടുപടിക്കൽ അവർക്കാവശ്യമായ വൈദ്യസഹായങ്ങൾ എത്തിക്കാൻ ഇതിലൂടെ സാധിക്കും.

ബുദ്ധിമുട്ടേറിയ കാര്യമാണ്
കാട്ടിന് നടുവിലുള്ള ഈ ഗ്രാമങ്ങളിലേക്ക് എത്തിച്ചേരാൻ എത്രത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഈ ചെറിയ വീഡിയോയിലൂടെ നിങ്ങൾക്ക് കാണാൻ സാധിക്കും. എന്റെ നിയോജകമണ്ഡലത്തിലെ ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. അവരാണ് യഥാർത്ഥ ഹീറോസ്.

നിസ്വാർത്ഥ സേവനം
ആരോഗ്യപ്രവർത്തകരുടെ നിസ്വാർത്ഥ സേവനം നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നു. അവരെ സഹായിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്, ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ രാഹുൽ ഗാന്ധി കുറിച്ചു. ഉൾവനങ്ങളിൽ എത്തിച്ചേരാനുള്ള ദുരിതങ്ങൾ ആരോഗ്യ ഓഫീസർ വിവരിക്കുന്നതും വീഡിയോയിൽ ഉണ്ട്.

ആദിവാസി വിഭാഗങ്ങൾ
ഈ പഞ്ചായത്തിന്റെ നാലിൽ മൂന്ന് ഭാഗം കാടാണ്. ജനസംഖ്യയുടെ 43 ശതമാനവും ആദിവാസി വിഭാഗത്തിൽ പെടുന്നവരാണ്. ഇവിടത്തെ ആർക്കെങ്കിലും അസുഖം വന്നാൽ ആശുപത്രികളിൽ പോകാൻ പലപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുന്ന പല കോളനികളും ഉണ്ട്. ഏകദേശം 250ഓളം കോളനികൾ ഇത്തരത്തിൽ ആണ് ഉള്ളത്. ഇതിൽ 20 ഓളം കോളനികൾ കാടിന്റെ തികച്ചും നടുക്കാണ് സ്ഥിതി ചെയ്യുന്നത്.

കിലോമീറ്ററുകളോളം നടക്കണം
ഈ കോളനിയിൽ ഉള്ളവർക്ക് ആർക്കെങ്കിലും അസുഖം വന്നാൽ അവർ കിലോമീറ്ററുകളോളം നടന്ന് വേണം ആശുപത്രിയിൽ എത്താൻ. ഈ അവസരത്തിലാണ് പ്രിയപ്പെട്ട രാഹുൽ ഗാന്ധി എംപിയോട് ഞങ്ങളൊരു വാഹനം ആവശ്യപ്പെട്ടത്. അതാണ് ഇപ്പോൾ സാധ്യമായിരിക്കുന്നത്.

വലിയ മാറ്റം ഉണ്ടാകുന്നു
ഇതിലൂടെ ഉണ്ടായ മാറ്റം വളരെ വലുതാണ്.
ഏകദേശം 26 ഓളം മെഡിക്കൽ ക്യാമ്പുകളാണ് ആദിവാസി കോളനികളിൽ നമ്മൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ആരോഗ്യ ഓഫീസർ ഡോക്ടർ ദഹര്‍ മുഹമ്മദ് വിഡിയോയിൽ പറയുന്നു. നേരത്തേയും നിരവധി സഹായങ്ങൾ വയനാടിനായി രാഹുൽ ഗാന്ധി ഇടപെട്ട് എത്തിച്ചിട്ടുണ്ട്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്കായി 350 ടിവി സെറ്റുകൾ രാഹുൽ ഗാന്ധി വിതരണം ചെയ്തിരുന്നു.












Click it and Unblock the Notifications