രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; നടപടി പത്തനംതിട്ട സ്വദേശിയായ യുവതിയുടെ പരാതിയിൽ..മൊഴി പുറത്ത്
രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി നൽകിയ പരാതിയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ അർധരാത്രി 12.30 ഓടെയാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കെപിഎം റീജൻസിയിൽ വെച്ചായിരുന്നു പോലീസിൻ്റെ അതീവ രഹസ്യനീക്കം. പത്തനംതിട്ട സ്വദേശി നൽകിയ ഇമെയിൽ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരായ പോലീസ് നീക്കം.
ഇന്നലെയാണ് പാലക്കാട് രാഹുൽ എത്തിയത്. ഫ്ളാറ്റ് ഒഴിഞ്ഞതിന് ശേഷം ഹോട്ടലിലാണ് രാഹുൽ കഴിഞ്ഞിരുന്നത്. പാലക്കാട് കാല് കുത്തിയത് മുതൽ രാഹുൽ പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയുമടക്കം എട്ടംഗ സംഘമാണ് രാത്രി ഹോട്ടലിലെത്തിയത്.

തുടർന്ന് രാത്രിയോടെ രണ്ട് ജീപ്പുകളിലായി പോലീസ് സംഘം റിസപ്ഷനിലെത്തി. റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്ത ശേഷമാണ് എംഎൽഎ താമസിക്കുന്ന റൂമിലെത്തിയത്. മുറിയിൽ നിന്ന് പുറത്തിറങ്ങാൻ രാഹുൽ ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നെ വഴങ്ങി. വക്കീലിനെ കാണാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പോലീസ് അനുവദിച്ചില്ല. രാഹുലിന്റെ ഡ്രൈവറും സഹായിയുമുൾപ്പെടെ പോയശേഷമായിരുന്നു പോലീസിന്റെ നടപടി.
മൂന്നാം പരാതിയിലും ഗുരുത ആരോപണങ്ങൾ
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉള്ളത്. . രാഹുൽ ക്രൂരമായ ലൈംഗിക പീഡനവും, സാമ്പത്തിക ചൂഷണവും നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. ഇ-മെയിലിലൂടെയാണ് യുവതി പരാതി നൽകിയത്. പരാതിയിൽ യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
രാഹുലിനെതിരെ ആദ്യം പരാതി നൽകിയ പെണ്‍കുട്ടി ഉയർത്തിയ സമാനമായ ആരോപണങ്ങൾ തന്നെയാണ് ഈ യുവതിയുടെ പരാതിയിലും ഉള്ളത്. താൻ വിവാഹമോചനം നേടി നിൽക്കുന്ന സമയത്താണ് രാഹുൽ സമൂഹമാധ്യമം വഴി പരിചയപ്പെട്ടതെന്നും പിന്നീട് താനുമായി പ്രണയം സ്ഥാപിക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. വിവാഹ ബന്ധം ഉപേക്ഷിക്കാൻ നിർബന്ധിച്ചു, വിവാഹ വാഗ്ദാനവും നൽകി,ബന്ധം ഉപേക്ഷിച്ച് പോകാതിരിക്കണമെങ്കിൽ നമ്മുക്കൊരു കുഞ്ഞ് വേണമെന്ന് രാഹുൽ നിർബന്ധിച്ചുവത്രേ.
ഒരു കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ ഉറപ്പ് പറഞ്ഞതായും യുവതി പറയുന്നു. നേരിൽ കാണാൻ രാഹുൽ ആവശ്യപ്പെട്ടു. റസ്റ്റോറൻ്റിൽ വെച്ച് കാണാമെന്ന് പറഞ്ഞെങ്കിലും പൊതുപ്രവർത്തകനായതിനാൽ പൊതുഇടത്ത് കാണുന്നത് ശരിയാവില്ലെന്ന് അറിയിച്ചു. തുടർന്ന് ഒരു ഹോട്ടലിൽ മുറി ബുക്ക് ചെയ്ത് അവിടേക്ക് വരാൻ ആവശ്യപ്പെട്ടു. വന്ന് കയറിപ്പോൾ ഒരു വാക്ക് സംസാരിക്കും മുൻപ് തന്നെ ക്രൂരമായ ലൈംഗിക്രമണമാണ് നടത്തിയതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഗർഭിണിയായപ്പോൾ അധിക്ഷേപിച്ചുവെന്നും ഭ്രൂണത്തിന്‍റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയെന്നതടക്കമുള്ള ആരോപണങ്ങളും യുവതി ഉയർത്തിയിട്ടുണ്ട്. ഇതിനെല്ലാം തൻ്റെ കൈയ്യിൽ തെളിവുകൾ ഉണ്ടെന്നും യുവതി പറഞ്ഞു. ഈ കേസോട് കൂടി മൂന്ന് ലൈംഗികാതിക്രമ കേസുകളാണ് രാഹുലിനെതിരെ നിലവിലുള്ളത്.












Click it and Unblock the Notifications