കുതിരക്കച്ചവട ശിബിരമാണ്; ഈ പാർട്ടി അപമാനം, കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എംവി ജയരാജന്‍
കണ്ണൂർ: രാജ്യസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ജയിക്കാവുന്ന എം എൽ എമാർ ഉണ്ടായിട്ടും ഹരിയാനയിൽ ഒരാൾ കൂറുമാറിയും ഒരാൾ അസാധുവാക്കിയും ബി ജെ പി യെ ജയിപ്പിച്ച കോൺഗ്രസ് ഹരിയാനയിലെ ഉദയ്പുരിൽ നടത്തിയ ചിന്തൻ ശിബിരത്തിനുശേഷം കുതിരക്കച്ചവട ശിബിരം രഹസ്യമായി നടത്തിയിട്ടുണ്ടോ എന്ന് അറിയാൻ ജനങ്ങൾക്ക് ആഗ്രഹം ഉണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
തിരഞ്ഞെടുപ്പില്‍ ജയിച്ചുവെന്ന് ട്വീറ്റ് ചെയ്യുകയും എഐസിസി ആസ്ഥാനം അടക്കം മധുരം വിതരണം ചെയ്യുകയും ചെയ്ത ശേഷമുള്ള മുതിർന്ന കോൺഗ്രസ് നേതാവിന്റെ ദയനീയമായ തോൽവി കോൺഗ്രസിന്റെ രാഷ്ട്രീയ പതനമാണ്. കൂറു മാറിയ കുൽദീപ് ബിഷ്ണോയ് കോൺഗ്രസ് പ്രവർത്തക സമിതിയിലെ ക്ഷണിതാവാണ് എന്നത് ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും എംവി ജയരാജന്‍ വ്യക്തമാക്കുന്നു.

ഹരിയാനയിൽ നേരത്തെ കോൺഗ്രസ് ഭരണം നഷ്ടപ്പെട്ടപ്പോൾ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ അഴിച്ചുപണി നടത്തി. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ അനുയായിയെ സംസ്ഥാന അധ്യക്ഷൻ ആക്കിയതോടെയാണ് തമ്മിലടി ആരംഭിച്ചത്. റിസോർട്ടിൽ എത്തിച്ചിട്ടും പ്രവർത്തക സമിതി അംഗം കൂറു മാറി. മറ്റൊരു എംഎൽഎ വോട്ട് അസാധുവാക്കി. ഇതെന്തൊരു പാർട്ടി അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതാര് ജയിംസ് ബോണ്ട് നായികയോ; കിടുക്കന്‍ ലുക്കില്‍ അമ്പരിപ്പിച്ച് റിതു മന്ത്ര
അതേസമയം, പ്രവാചകനിന്ദ നടത്തിയ ദേശീയ വക്താക്കൾക്കും അത് ഇപ്പോഴും ജനങ്ങൾക്ക് ഇടയിൽ ഭിന്നത ഉണ്ടാക്കാൻ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനു പകരം ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയ ഇക്കൂട്ടർക്കെതിരെ പ്രതിഷേധിച്ചവർക്ക് വെടിവെപ്പും അക്രമവും നേരിടേണ്ടി വരുന്നത് സംഘപരിവാറിന്റെ ഭീകരമുഖം വ്യക്തമാക്കപ്പെടുകയാണെന്നും എംവി ജയരാജന്‍ വിമർശിച്ചു.
ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ 16 വയസ്സുകാരൻ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. യു.പിയിലെ സഹാറൻപൂരിൽ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത രണ്ടു പേരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് കളഞ്ഞു. ഒരിടത്ത് ജീവൻ എടുത്തപ്പോൾ മറ്റൊരിടത്ത് ജീവിതമാണ് ഇല്ലാതാക്കിയത്.
ശാസ്ത്രജ്ഞന്മാരുടെയും വിദഗ്ദ്ധന്മാരുടെയും വംശശുദ്ധി പഠിക്കാൻ കോടികൾ മുടക്കുന്നതും ജനങ്ങളെ ഭിന്നിപ്പിക്കാനാണ്. ഇതിനെല്ലാം ഇടയാക്കും വിധത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമാസക്തമായ രീതിയിൽ നവമാധ്യമങ്ങളിലൂടെ ബിജെപി നേതാക്കൾ തന്നെ പ്രതികരണങ്ങൾ നടത്തി വരുന്നു. ചങ്ങലയ്ക്ക് ഭ്രാന്ത് ഇളകിയ മട്ടിലാണ് സംഘപരിവാറിന്റെ ചെയ്തികളെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications