വീണ്ടും ശ്രീനിവാസനിലൂടെ ഇരുട്ടടി? ഹൈക്കമാന്‍ഡ് നീക്കത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ അതൃപ്തി ശക്തം
തിരുവന്തപുരം: കേരളത്തില്‍ നിന്നും ഒഴിവ് വരുന്ന രാജ്യസഭ സീറ്റുകളില്‍ ജയിക്കാന്‍ കഴിയാവുന്ന ഏക സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ വലിയ ചരട് വലികളാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ തന്നെ നടന്നിരുന്നത്. കെവി തോമസും എംഎം ഹസ്സനുമൊക്കെ സജീവമായി തന്നെ സീറ്റിനായി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ യുവരക്തം എന്ന പരിഗണനയില്‍ എം ലിജുവിനെ രാജ്യസഭയിലേക്ക് അയക്കാന്‍ പാർട്ടി ഏകദേശ തീരുമാനത്തിലുമെത്തിയിരുന്നു.
എം ലിജുവിന്റെ പേര് രാജ്യസഭയിലേക്ക് പരിഗണിക്കുന്നതായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇടിവെട്ടായി ശ്രീനിവാസന്‍ കൃഷ്ണന്റെ പേരുമായി എ ഐ സി സി നേതൃത്വം രംഗത്ത് എത്തുന്നത്. ഹൈക്കമാന്‍ഡിന്റെ ഈ നീക്കം സംസ്ഥാന നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്കാണ് ഇടയാക്കിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ശ്രീനിവാസനിലൂടെ എ ഐ സി സി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിക്കുന്നത്.

ശ്രീനിവാസന്റെ പേര് നിർദേശിച്ച ഹൈക്കമാന്‍ഡ് നീക്കത്തോട് ഗ്രൂപ്പ് ഭേദമന്യേയുള്ള എതിർപ്പാണ് സംസ്ഥാന കോണ്‍ഗ്രസില്‍ നിന്നും ഉയർന്ന് വന്നിരിക്കുന്നത്. പാർട്ടിക്ക് വേണ്ടി കഠിനപ്രയത്നം നടത്തുന്ന നിരവധി നേതാക്കള്‍ സംസ്ഥാനത്തുണ്ട്. ആ സാഹചര്യത്തില്‍ ദില്ലിയില്‍ നിന്നും ഒരാളെ കെട്ടിയിറക്കേണ്ട രീതി അംഗീകരിക്കാനാവില്ലെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പൊതു നിലപാട്.

ഹൈക്കമാന്‍ഡ് ശ്രീനിവാസന്റെ പേരില്‍ കടുംപിടുത്തം നടത്തിയാല്‍ അത് സംസ്ഥാനത്തെ പാർട്ടിക്ക് തന്നെ ദോഷമായി ബാധിക്കും. പൊതുസമൂഹത്തിന് മുന്നില്‍ പാർട്ടി നേതൃത്വം ഉത്തരം പറയേണ്ടി വരും. ഇപ്പോള്‍ അതൃപ്തി പാർട്ടിക്കുള്ളില്‍ പ്രകടിപ്പിക്കുന്ന പല നേതാക്കളും ശ്രീനിവാസന്റെ പേര് രാജ്യസഭയിലേക്ക് പ്രഖ്യാപിച്ചാല്‍ പരസ്യമായി തന്നെ വിമർശനം ഉന്നയിക്കാനും സാധ്യതയേറെയാണ്.

കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന ആളുകളുടെ പാനല്‍ അയക്കുമ്പോള്‍ ശ്രീനിവാസന്‍ കൃഷണയെക്കൂടി ഉള്‍പ്പെടുത്തണമെന്നാണ് എ ഐ സി സി, കെ പി സി സി നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിർദേശം. സ്ഥാനാർത്ഥിയെ അന്തിമമായി തീരുമാനിക്കുന്ന ഹൈക്കമാന്‍ഡ് ആയതിനാല്‍ ശ്രീനിവാസന് നറുക്ക് വീഴുമോയെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ആശങ്ക. ലോക്സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി സീറ്റിലേക്ക് നേരത്തേ അദ്ദേഹത്തിന്റെ പേര് പരിഗണിച്ചപ്പോഴും വലിയ എതിർപ്പ് കോണ്‍ഗ്രസില്‍ നിന്നും ഉയർന്നിരുന്നു.

നേരത്തെ ശ്രീനിവാസനെ എ ഐ സി സി ജനറല്‍ സെക്രട്ടറിയാക്കിയപ്പോഴും കേരളത്തില്‍ നിന്ന് വലിയ വിമർശനം ഉയർന്നിരുന്നു. കെ പി സി സി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍ ഉള്‍പ്പടേയുള്ളവരായിരുന്നു മുന്‍പില്‍. ഒരു ശ്രീനിവാസൻ എഐസിസി സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അദ്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസിനെ സ്നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞതെന്നായിരുന്നു വിഎം സുധീരന്‍ അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.

ആരാണീ ശ്രീനിവാസൻ എന്ന ചോദ്യമാണ് വ്യാപകമായി പാർട്ടി പ്രവർത്തകരുടെ മനസ്സിൽ ഉയരുന്നത്. കോൺഗ്രസ് പ്രവർത്തനരംഗത്തു മതിയായ പശ്ചാത്തലം ഇല്ലാത്ത ഇപ്രകാരം ഒരാൾ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു? ഏതായാലും പിൻവാതിലിൽ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും വിഎം സുധീരന്‍ അന്ന് വ്യക്തമാക്കിയിരുന്നു. രാജ്യസഭയിലേക്ക് അത്തരമൊരു പ്രഖ്യാപനം ഉണ്ടായാല്‍ സമാനമായ വിമർശനം ഇത്തവണയും നേതൃത്വത്തിന് നേർക്ക് ഉയർന്നേക്കും.
Recommended Video

1995ല്‍ കെ കരുണാകരന്‍ കേന്ദ്ര വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ശ്രീനിവാസന് ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. എറണാകുളം സ്വദേശിയാണ് ശ്രീനിവാസനെ തെലങ്കാനയുടെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറിയായി നിയമിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വം സജീവ രാഷ്ട്രീയത്തിലിറക്കിയത്. ൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ശ്രീനിവാസന്‍ അഖിലേന്ത്യാ പ്രഫഷനൽ കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റായും ചുമതല നിർവ്വഹിച്ചിട്ടുണ്ട്.












Click it and Unblock the Notifications