രാജ്യസഭയും ജിഎസ്ടി ബില്‍ പാസാക്കി; ഇനി വേണ്ടത് സംസ്ഥാനങ്ങളുടെ അംഗീകാരം...
യാതൊരു ഭേദഗതിയും വരുത്താതെയാണ് രാജ്യസഭയും ജിഎസ്ടി ബില്‍ പാസാക്കിയത്.
ദില്ലി: ചരക്കുസേവന നികുതിയുമായി (ജിഎസ്ടി) ബന്ധപ്പെട്ട എല്ലാ ബില്ലുകളും രാജ്യസഭ പാസാക്കി. മാര്‍ച്ച് 29ന് ലോക്‌സഭ പാസാക്കിയ നാലു ജിഎസ്ടി ബില്ലുകളാണ് രാജ്യസഭ അതേപടി അംഗീകരിച്ചത്. ഇനി സംസ്ഥാന നിയമസഭകളും ജിഎസ്ടി ബില്‍ പാസാക്കിയാല്‍ രാജ്യത്ത് ചരക്കുസേവന നികുതി നിലവില്‍ വരും.
കേന്ദ്രീകൃത ചരക്കുസേവന നികുതി, ജിഎസ്ടിയിലെ നഷ്ടപരിഹാരം തുടങ്ങിയവയടക്കം ഉള്‍ക്കൊള്ളുന്ന നാലു വ്യത്യസ്ത ബില്ലുകള്‍ക്കാണ് രാജ്യസഭ അംഗീകാരം നല്‍കിയത്. ബില്‍ അന്തിമ വോട്ടിനിട്ടപ്പോള്‍ സഭയില്‍ ആരും എതിര്‍ത്തില്ല. യാതൊരു ഭേദഗതിയും വരുത്താതെയാണ് രാജ്യസഭയും ജിഎസ്ടി ബില്‍ പാസാക്കിയത്.

രാജ്യത്ത് ആകമാനം ഒറ്റ പരോക്ഷ നികുതി സമ്പ്രദായം നടപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ആവിഷകരിച്ചതാണു ചരക്കു സേവന നികുതി അഥവാ ജിഎസ്ടി. കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന പരോക്ഷ നികുതികള്‍ക്കു പകരമാണിത്. ജിഎസ്ടി വരുന്നതോടെ എക്‌സൈസ് തീരുവയും സര്‍വീസ് ടാക്‌സും വാറ്റുമൊക്കെ ഇല്ലാതാകും. പകരം കേന്ദ്ര ജിഎസ്ടിയും സംസ്ഥാന ജിഎസ്ടിയും മാത്രമാകും. ജിഎസ്ടി നിരക്കുകള്‍ നിശ്ചയിക്കുന്നതിനായി മെയില്‍ ജിഎസ്ടി കൗണ്‍സില്‍ ചേരുന്നുണ്ട്. സംസ്ഥാന നിയമസഭകളിലും അവതരിപ്പിച്ച് ജൂലൈ ഒന്നിന് മുന്‍പ് ചരക്കുസേവന നികുതി രാജ്യത്ത് പ്രാബല്യത്തില്‍ വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.












Click it and Unblock the Notifications