രാമക്ഷേത്ര ഉദ്ഘാടനം: മുസ്ലിം ലീഗിന്റെ മൗനം ആത്മവഞ്ചനയെന്ന് ഐഎൻഎല്‍, കോണ്‍ഗ്രസിനും വിമർശനം
കോഴിക്കോട്: ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രപ്രതിഷ്ഠാ ചടങ്ങ് ബി ജെ പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ഐ എന്‍ എല്‍. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിെൻറ പ്രചാരണോദ്ഘാ ടനമായാണ് ഹിന്ദുത്വ ശക്തികൾ ഇതിനെ മാറ്റിയെടുക്കാൻ ശ്രമിക്കുകയാണ്. ഇക്കാര്യം തിരിച്ചറിഞ്ഞിട്ടും ഈ വിഷയത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന അഴകൊഴമ്പൻ നിലപാടിനെ കുറിച്ച് മുസ്ലിം ലീഗ് മൗനം ദീക്ഷിക്കുന്നത് ആത്മവഞ്ചനയാണെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
ഭരണഘടനാ ധാർമികതയും മതനിരപേക്ഷ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് ഈ വിഷയത്തെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്ന കാര്യത്തിൽ മതേതര ശക്തികൾ ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്ന് ലീഗ് ദേശീയ നേതൃത്വം ആഹ്വാനം ചെയ്യുമ്പോൾ തന്നെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള കോൺഗ്രസിെൻറ നീക്കത്തിനെതിരെ ഒരക്ഷരം ഉരിയാടത്തത് തനി കാപട്യമാണെന്ന് പ്രമേയത്തിൽ പറഞ്ഞു.

ബാബരി മസ്ജിദ് വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ച ഇരട്ടത്താപ്പിെൻറയും വഞ്ചനയുടെയും ഇതേ നയമാണ് ദേശീയ ദുരന്തങ്ങൾക്ക് വഴിവെച്ചത്. ചരിത്രം അതിെൻറ എല്ലാ വിഹ്വലതകളോടെയും ആവർത്തിക്കപ്പെടുകയാണ്. ഈ ദുരന്ത പരമ്പരയിൽനിന്ന് കോൺഗ്രസോ മുസ്ലിം ലീഗോ പാഠമൊന്നും പഠിച്ചില്ല. രാമക്ഷേത്രം മുന്നിൽവെച്ച് പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്ന ബി ജെ പി അനായാസം ജയിച്ചുകയറുന്നതോടെ രാജ്യത്തിെൻറ മതേതര -ജനാധിപത്യ വ്യവസ്ഥ പൂർണമായും വിപാടനം ചെയ്യപ്പെടുമ്പോൾ ഒന്ന് വിലപിക്കാൻ പോലും ഈ പാർട്ടികൾക്ക് അവസരമുണ്ടാകില്ലെന്ന് ഐ എൻ എൽ നേതൃയോഗം മുന്നറിയിപ്പ് നൽകി.
യോഗത്തിൽ പാർട്ടി സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് ' മതത്തിന് തീ കൊടുക്കരുത്, മതേതര ഇന്ത്യയെ കൊല്ലരുത്' എന്ന മുദ്രാവാക്യമുയർത്തി വിവിധ രാഷ്ട്രീയ, മത, സാംസ്കാരിക നേതാക്കളെ പങ്കെടുപ്പിച്ച് 'സൗഹാർദ സംഗമം 'നടത്താൻ യോഗം തീരുമാനിച്ചു. ജനുവരിൽ ഒന്നുമുതൽ 15വരെ മണ്ഡലം തലങ്ങളിൽ ഇതുമായ ബന്ധപ്പെട്ട പ്രചാരണ സംഗമങ്ങൾ സംഘടിപ്പിക്കും.
22െൻറ പരിപാടിയിൽ സമുന്നതരായ രാഷ്ട്രീയ -സാംസ്കാരിക വ്യക്തിത്വങ്ങൾ പങ്കെടുക്കും. സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുക്കുന്ന പരിപാടിയിൽ മതേതര പ്രതിജ്ഞ പുതുക്കും. ജനുവരി 26ന് ഭരണഘടനാ സംരക്ഷണ ദിനമായി കൊണ്ടാടാനും തീരുമാനിച്ചു. യോഗത്തിൽ ജന.സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ബി.ഹംസ ഹാജി, എം.എ ലത്തീഫ്, അഷറഫലി വല്ലപ്പുഴ, ഒ.ഒ. ശംസു, എ.എം ശരീഫ് , എം. ഇബ്രാഹീം, സി.പി അൻവർ സാദാത്ത്, എം.കെ അബൂബക്കർ ഹാജി, കുഞ്ഞാവൂട്ടി ഖാദർ, സമദ് നരിപ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു.












Click it and Unblock the Notifications