ബഡ്ജറ്റില്‍ കാല്‍ കാശ് നീക്കി വയ്ക്കാതെ വാക്സീന്‍ സൗജന്യമായി നല്കുമെന്ന് പ്രഖ്യാപനം, ഐസകിനെതിരെ ചെന്നിത്തല
തിരുവനന്തപുരം: ബഡ്ജറ്റില്‍ കാല്‍ കാശ് നീക്കി വയ്ക്കാതെയാണ് വാക്സീന്‍ സൗജന്യമായി നല്കുമെന്ന് പ്രഖ്യാപിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക് സമ്മതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സൗജന്യമായി കിട്ടുമ്പോൾ അത് വാങ്ങി നമുക്കും സൗജന്യമായി നല്കാം എന്ന ധൈര്യത്തിലാണ് തോമസ് ഐസക്ക് ബഡ്ജറ്റില്‍ പ്രഖ്യാപനം നടത്തിയത് എന്നും ചെന്നിത്തല പരിഹസിച്ചു.
രമേശ് ചെന്നിത്തലയുടെ പ്രതികരണം: ' ബഡ്ജറ്റില്‍ വാക്സീന്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപിച്ച ശേഷം എന്തിനാണ് വാക്സീന്‍ ചലഞ്ച് എന്ന എന്റെ ചോദ്യം ധനമന്ത്രി തോമസ് ഐസക്കിനെ വല്ലാതെ വിഷമിപ്പിക്കുന്നു എന്ന് തോന്നുന്നു. തന്റെ നിലപാട് ന്യായീകരിക്കാന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ അദ്ദേഹം പലവിധ അഭ്യാസങ്ങള്‍ നടത്തിയിട്ടും താഴെത്തന്നെ വീണു കിടക്കുകയാണ്. ഏതായാലും ബഡ്ജറ്റില്‍ കാല്‍ കാശ് നീക്കി വയ്ക്കാതെയാണ് വാക്സീന്‍ സൗജന്യമായി നല്കുമെന്ന് പ്രഖ്യാപിച്ചതെന്ന് ധനമന്ത്രി സമ്മതിച്ചിരിക്കുകയാണ്. അത് പുതുമയുള്ള കാര്യമല്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇതുപോലെ എത്രയെത്ര ഉണ്ടയില്ലാ വെടികളാണ് തോമസ് ഐസക്ക് ബഡ്ജറ്റുകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 5000 കോടിയുടെ ഇടുക്കി പാക്കേജ്, 3400 കോടിയുടെ കുട്ടനാട് പാക്കേജ്, 2000 കോടിയുടെ വയനാട് പാക്കേജ്, 3000 കോടിയുടെ തീരദേശപാക്കേജ്. അങ്ങനെ എത്രയെത്ര പ്രഖ്യാപനങ്ങള്‍.

ബഡ്ജറ്റില്‍ പണം നീക്കി വയ്ക്കാതെ വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്ന തോമസ് ഐസക്കിന്റെ സ്ഥിരം കലാപരിപാടി വാക്‌സീന്റെ കാര്യത്തിലും ആവര്‍ത്തിച്ചെന്നേയുള്ളു. അതില്‍ ഇത്രവേഗം പിടിവീഴുമെന്ന് അദ്ദേഹം കരുതിക്കാണില്ല. മാത്രമല്ല, വാക്സീന്‍ സൗജന്യമായി നല്‍കുമെന്നാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാന്‍ പ്രഖ്യാപിച്ചിരുന്നത്. അവിടെ നിന്ന് സൗജന്യമായി കിട്ടുമല്ലോ, അപ്പോള്‍ അത് വാങ്ങി നമുക്കും സൗജന്യമായി നല്കാം എന്ന ധൈര്യത്തിലാണ് തോമസ് ഐസക്ക് ബഡ്ജറ്റില്‍ പ്രഖ്യാപനം നടത്തിയത് എന്ന് വ്യക്തമാണ്. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ പാലം വലിച്ചുകളഞ്ഞു. കേന്ദ്രം സൗജന്യമായി തന്നെ വാക്‌സീന്‍ നല്‍കണമെന്ന കാര്യത്തില്‍ സംശയമില്ല.
ട്രഷറിയില്‍ നിന്നുള്ള പണമെടുത്ത് വാങ്ങുമെന്ന് പറയുന്ന ധനമന്ത്രി അടുത്ത ശ്വാസത്തില്‍ പറയുന്നത് ഈ അധികച്ചെലവിനുള്ള പണം എവിടെ നിന്നു കണ്ടെത്തുമെന്നാണ്. 'നമ്മുടെ ബഡ്ജറ്റിന്റെ മൊത്തം ചെലവ് 1.60 ലക്ഷം കോടിയാണ്. അതില്‍ ഏതെങ്കിലും ഇനത്തില്‍ പണം കുറവ് വരുത്തണം. അല്ലെങ്കില്‍ അധികവരുമാനം കണ്ടെത്തണം' എന്നാണ് ഡോ. തോമസ് ഐസക് പറയുന്നത്. ഇത് എന്തുതരം ബഡ്ജറ്റിംഗ് ആണ് ഡോക്ടറേ? ബഡ്ജറ്റില്‍ നടത്തിയ ഒരു പ്രഖ്യാപനം നടപ്പില്‍ വരുത്തുന്നതിന് മറ്റു പദ്ധതികളെല്ലാം വെട്ടിക്കുറയ്ക്കണമെന്ന് പറയുന്നത് എന്തുതരം ബഡ്ജറ്റിംഗ് ആണാവോ.
ധനമന്ത്രിയ്ക്ക് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ വാക്സീന്‍ വാങ്ങുന്നതിന് കുറേ പണം നീക്കി വയ്ക്കാമായിരുന്നു. അത് തികയാതെ വന്നാല്‍ ഉപധനാഭ്യര്‍ത്ഥന വഴി കൂടതല്‍ ചെലവാക്കുകയും ചെയ്യാമായിരുന്നു. അതായിരുന്നു സത്യസന്ധമായ വഴി. ഇത് അതല്ലല്ലോ? തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് തട്ടാന്‍ ഒരു ബഡായി അടിച്ചതല്ലേ? അത് ഇപ്പോള്‍ തിരിഞ്ഞു കുത്തുന്നു എന്നേയുള്ളു. ബജറ്റിംഗ് രീതിയെക്കുറിച്ചുള്ള വിവരം കമ്മിയായതുകൊണ്ടുള്ള പ്രശ്നമാണെന്നാണ് ഐസക്ക് പറയുന്നത്. ഐസക്കിന്റെ ഇത്തരത്തിലുള്ള ബഡ്ജറ്റ് സര്‍ക്കസില്‍ ആര്‍ക്കാണ് വിവരമുണ്ടാവുക?
ഒരു പൊതു പ്രവര്‍ത്തകന്റെ ശക്തി സത്യസന്ധതയാണെന്ന് ഐസക്കിനെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ. കേന്ദ്രം സൗജന്യമായി വാക്സീന്‍ തന്നില്ലെങ്കില്‍ കേരളം മറ്റ് ചിലവുകള്‍ വെട്ടിച്ചുരുക്കിയും പൊതുജനങ്ങളുടെ സഹായത്തോടെയും വാക്സീന്‍ വാങ്ങി സൗജന്യമായി നല്‍കുമെന്ന ബഡ്ജറ്റ് പ്രസംഗത്തില്‍ തന്നെ അദ്ദേഹത്തിന് പ്രഖ്യാപിക്കാമായിരുന്നു. അല്ലാതെ വാക്സീന്‍ വരട്ടെ, ആയിരമല്ല, രണ്ടായിരം കോടിയായാലും ഒരു ബുദ്ധിമുട്ടുമില്ല എന്നൊക്കെ വെറുതെ വീമ്പിളക്കിയതാണ് ഐസക്കിന് തന്നെ വിനയായത്''.












Click it and Unblock the Notifications