ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നുണ്ടോ ഇല്ലയോ? മുഖ്യമന്ത്രിയോട് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സിപിഎമ്മിന്റെ തനിനിറം പുറത്ത് വന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ ശബരിമല വിഷയത്തിൽ ഖേദപ്രകടനം നടത്തിയത് എന്തിനെന്ന് തനിക്ക് മനസ്സിലായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതിന് പിറകേയാണ് രമേശ് ചെന്നിത്തല സിപിഎമ്മിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം
'' വിജയൻ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടനം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഈ നടപടിയോടെ ശബരിമല കാര്യത്തിൽ സിപിഎമ്മും സർക്കാരും വിശ്വാസി സമൂഹത്തിനെതിരായ തങ്ങളുടെ നിലപാടിൽ യാതൊരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല, എന്ന് വ്യക്തമായിരിക്കുകയാണ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ശബരിമല വിഷയത്തിൽ കടകംപള്ളി സുരേന്ദ്രനെ തള്ളി പറഞ്ഞിരുന്നു. ഇതോടെ സിപിഎമ്മിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണ്''.

സിപിഎമ്മും സർക്കാരും ചേർന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ശബരിമല കാര്യത്തിൽ സുപ്രീം കോടതി ഇളവു വരുത്തിയതിനാൽ ശബരിമലയിൽ ഇപ്പോൾ യാതൊരു പ്രശ്നവുമില്ലാതെ കാര്യങ്ങൾ നടക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശബരിമലയുടെ കാര്യത്തിൽ സുപ്രീംകോടതി വിധിയിൽ എന്ത് മാറ്റമാണ് വരുത്തിയത് എന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം എന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
'' സുപ്രീം കോടതി വിധിയിൽ തൽസ്ഥിതി തുടരുകയാണ്. ശബരിമല വിധിയിൽ സുപ്രീംകോടതി ഇളവ് നൽകിയതുകൊണ്ടല്ല മറിച്ച് നിർബന്ധപൂർവ്വം യുവതികളെ ശബരിമലയിൽ കയറ്റണമെന്ന സർക്കാർ നിലപാട് മയപ്പെടുത്തിയതു കൊണ്ടാണ് ശബരിമലയിലെ പ്രശ്നങ്ങൾ ഇല്ലാതായത്. ശബരിമലയിലെ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് സർക്കാരും മുഖ്യമന്ത്രിയും ചേർന്നാണ്. ശബരിമല വിഷയത്തിൽ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അടിസ്ഥാനപരമായ നിലപാടിൽ യാതൊരു മാറ്റവും വന്നിട്ടില്ല എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. വിധി വന്ന ശേഷം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിധി വന്നതിനു ശേഷം പിന്നെ എന്താണ് ചർച്ച ചെയ്യാൻ സാധിക്കുക എന്ന് കൂടി മുഖ്യമന്ത്രി വ്യക്തമാക്കണം. വിധി വന്നതിനുശേഷം വിധി നടപ്പാക്കാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ട് എന്ന ന്യായം പറഞ്ഞ് കൈകഴുകാനാണ് യഥാർത്ഥത്തിൽ മുഖ്യമന്ത്രിയുടെ ശ്രമം'' എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വിശ്വാസി സമൂഹത്തോട് എന്തെങ്കിലും ആത്മാർത്ഥതയുണ്ടെകിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയാൻ സർക്കാർ തയ്യാറാകണം എന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. അല്ലാതെ വെള്ളം ഒഴുകി പോയതിനു ശേഷം അണ കെട്ടിയിട്ട് കാര്യമില്ല. മാത്രമല്ല ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നുണ്ടോ ഇല്ലയോ എന്ന് കൂടി മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതാണ്. ഈ വിഷയത്തിലെ തന്റെ നിലപാട് പ്രഖ്യാപിക്കാനുള്ള ആർജ്ജവം അദ്ദേഹം കാണിക്കണം. യുഡിഎഫ് എന്നും വിശ്വാസ സമൂഹത്തോടൊപ്പം ഉറച്ചുനിൽക്കും. അധികാരത്തിലെത്തുമ്പോൾ യുഡിഎഫ് കൊണ്ടുവരാൻ പോകുന്ന ശബരിമല വിശ്വാസ സംരക്ഷണ നിയമം ഇതിന്റെ ഭാഗമാണ് എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.












Click it and Unblock the Notifications