വേറിട്ട തന്ത്രവുമായി കോണ്‍ഗ്രസ്; ചെന്നിത്തലയ്ക്ക് 2 സംസ്ഥാനങ്ങളുടെ ചുമതല, 70 സെക്രട്ടറിമാര്‍ വരും
തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ദേശീയ പദവി നല്‍കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ആലോചന. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളുടെ ചുമതല അദ്ദേഹത്തിന് നല്‍കും. ഏതൊക്കെ സംസ്ഥാനങ്ങള്‍ എന്നത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്.
എഐസിസി ജനറല്‍ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിക്കാനും നീക്കം നടക്കുന്നുണ്ട്. അതിനിടെ കേരളത്തില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കെപിസിസി ഭാരവാഹി പട്ടികക്ക് പുറമെ 70 സെക്രട്ടറിമാരെ കൂടി നിയമിക്കും. നിലവിലെ അതൃപ്തര്‍ക്ക് ആ വേളയില്‍ പരിഗണ നല്‍കും. വിശദാംശങ്ങള്‍ ഇങ്ങനെ...

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരികയാണ്. നാല് മാസത്തിനകം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഇതില്‍ ഒരു സംസ്ഥാനത്ത് മാത്രമാണ് കോണ്‍ഗ്രസ് ഭരണമുള്ളത്. ബാക്കി അഞ്ചിടത്തും ബിജെപിയാണ് ഭരിക്കുന്നത്. ഉത്തര്‍ പ്രദേശിന്റെ തിരഞ്ഞെടുപ്പ് ചുമതല എഎല്‍ പുനിയക്കാണ് നല്‍കിയത്.

ഉത്തര്‍ പ്രദേശിന് പുറമെ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. തൊട്ടുപിന്നാലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയ്ക്ക് ദേശീയ തലത്തില്‍ പ്രത്യേക ചുമതല നല്‍കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ആലോചിക്കുന്നത്. കേരളത്തില്‍ പ്രതിപക്ഷ നേതൃ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട സാഹചര്യത്തില്‍ ചെന്നിത്തലയുമായി അടുപ്പമുള്ളവര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു.

ഏറെ കാലം ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള നേതാവാണ് രമേശ് ചെന്നിത്തല. പലഘട്ടങ്ങളിലായി അദ്ദേഹം 20ലധികം സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിരുന്നു. പിന്നീട് അദ്ദേഹം കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായി രമേശ് ചെന്നിത്തലയെ നിയോഗിക്കാന്‍ ഹൈക്കമാന്റ് ആലോചിക്കുന്നുണ്ട്. എന്നാല്‍ നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് അല്‍പ്പം വൈകിയേക്കും.

നവംബര്‍ ഒന്ന് മുതല്‍ സംഘടനാ തിരഞ്ഞെടുപ്പിനുള്ള പ്രഥമിക നടപടികള്‍ ആരംഭിക്കാനാണ് ഹൈക്കമാന്റ് തീരുമാനിച്ചിരിക്കുന്നത്. അംഗത്വ കാമ്പയിന്‍ ഉള്‍പ്പെടെ നവംബറില്‍ ആരംഭിക്കും. അടുത്ത വര്‍ഷം സെപ്തംബറിനകം പുതിയ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കും. അടുത്ത ആഗസ്റ്റിന് ശേഷമാകും ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങുക. അതിന് മുമ്പ് താഴേതട്ടിലുള്ള പുനഃസംഘടന പൂര്‍ത്തിയാക്കും.

എഐസിസി പുനഃസംഘടന വൈകുന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയ്ക്ക് പുതിയപദവി നല്‍കുന്നത്. പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതലയാകും നല്‍കുക. ഇതില്‍ പഞ്ചാബ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നു എന്ന തോന്നലുണ്ടാക്കിയ സംസ്ഥാനമാണ് ഗുജറാത്ത്.

പഞ്ചാബില്‍ കോണ്‍ഗ്രസ് നേരിടുന്ന വലിയ വെല്ലുവിളി ഗ്രൂപ്പ് പോരാണ്. അമരീന്ദ്രര്‍ സിങിനെ മാറ്റിയെങ്കിലും സിദ്ദുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനെതിരെ ഒരു വിഭാഗം എതിര്‍ശബ്ദം ഉയര്‍ത്തുന്നുണ്ട്. സിദ്ദുവാകട്ടെ ഒട്ടേറെ നിബന്ധനകള്‍ ഹൈക്കമാന്റിന് മുന്നില്‍ വച്ചിട്ടുമുണ്ട്. ഇതിനിടെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വരുന്നത്. ഭരണം നിലനിര്‍ത്തുക എന്ന ദൗത്യമാകും രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കമാന്റ് നല്‍കുക.
ഇത്ര സിംപിളാണോ നയന്‍താര; ആളുകള്‍ നോക്കി നില്‍ക്കെ കുസൃതിച്ചിരി... പിന്നിട്ട ആറ് വര്‍ഷങ്ങള്‍

അതേസമയം, കേരളത്തില്‍ അതൃപ്തരെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കെപിസിസി ഭാരവാഹി പട്ടികയില്‍ സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല. വൈസ് പ്രസിഡന്റുമാര്‍, ട്രഷറര്‍, ജനറല്‍ സെക്രട്ടറിമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരെയാണ് പ്രഖ്യാപിച്ചത്. 56 അംഗ സമിതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വൈകാതെ സെക്രട്ടറിമാരെ പ്രഖ്യാപിക്കും. രണ്ട് മണ്ഡലങ്ങള്‍ക്ക് ഒരു സെക്രട്ടറി എന്ന നിലയില്‍ സംസ്ഥാനത്ത് 70 സെക്രട്ടറിമാരെ നിയമിക്കാനാണ് കെപിസിസി ആലോചന. നേരത്തെ മാറ്റി നിര്‍ത്തിയവരെയെല്ലാം ഈ വേളയില്‍ പരിഗണിക്കും.












Click it and Unblock the Notifications