പൗരത്വ നിയമം കൊണ്ട് മോദി ഉദ്ദേശിച്ചത് നടന്നുകഴിഞ്ഞു; കടുത്ത ഭാഷയില്‍ രഞ്ജി പണിക്കര്‍
കൊച്ചി: പൗരത്വ നിയമത്തിന്റെ മറവില്‍ മോദി സര്‍ക്കാരിന് നിഗൂഢ ലക്ഷ്യമുണ്ടെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍. ഹിന്ദു മുസ്ലിം ധ്രുവീകരണമാണ് ബിജെപിയുടെ ലക്ഷ്യമെന്നും അത് ഇതിനകം അവര്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രഞ്ജി പണിക്കര്‍.

പൗരത്വ ഭേദഗതി നിയമം നടപ്പാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. ഈ ബില്ല് നടപ്പാക്കല്‍ അല്ല മോദിയുടെയും ബിജെപിയുടെയും ലക്ഷ്യം. മത ധ്രുവീകരണം രാജ്യത്തുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അത് നേടി കഴിഞ്ഞു.
ഹിന്ദുവിനെയും മുസ്ലിമിനെയും രണ്ടു ചേരികളിലാക്കുകയാണ് ലക്ഷ്യം. പരസ്പരം ആയുധമെടുക്കുന്ന ജനങ്ങളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന് അപ്പുറത്ത് മറ്റെന്തെങ്കിലും ലക്ഷ്യം നിയമത്തിന് പിന്നിലുണ്ട് എന്ന് താന്‍ കരുതുന്നില്ല. ജനങ്ങളെ മതപരമായി വിഭജിക്കുന്ന ഈ ശ്രമത്തെ ചെറുക്കണമെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ വിഭജിക്കപ്പെട്ടാല്‍ എത്ര സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടും കാര്യമില്ല. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ഒരു ചേരിതിരിവുണ്ടായാല്‍ പ്രധാനമന്ത്രി മോദി എങ്ങനെയാണ് ഇന്ത്യയുടെ അഖണ്ഡത നിലനിര്‍ത്തുക എന്നും രഞ്ജി പണിക്കര്‍ ചോദിച്ചു.












Click it and Unblock the Notifications