അടുത്ത ജന്മത്തില്‍ ബ്രാഹ്മണനാകാന്‍ കൊതിക്കുന്നവര്‍; സോറി, തൃശൂര്‍ക്കാര്‍ക്ക് തെറ്റുപറ്റി എന്ന് വേടന്‍
ജന്മം കൊണ്ട് വിവേചനം നേരിടുന്ന സമൂഹത്തിലാണ് ജീവിക്കുന്നതെന്ന് റാപ്പര്‍ വേടന്‍. സ്‌കൂളുകളില്‍ നിന്നാണ് തനിക്ക് ജാതീയത കൂടുതല്‍ വ്യക്തമായതെന്ന് അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പിതാവിനെയും മാതാവിനെയും പറ്റി വിശദീകരിച്ച വേടന്‍, സമൂഹത്തില്‍ വരേണ്ട മാറ്റം സംബന്ധിച്ചും പ്രതികരിച്ചു.
വേടന്റെ പാട്ടുകള്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ താരതമ്യ പഠനവിഷയമായിരിക്കുകയാണ്. സ്‌കൂള്‍ പഠനം മാത്രം നേടിയിട്ടുള്ള തന്റെ പാട്ടുകള്‍ ഇങ്ങനെ അംഗീകരിക്കുമ്പോള്‍ സന്തോഷം തോന്നുന്നുവെന്ന് വേടന്‍ പറഞ്ഞു. തന്നെ പറ്റി പത്താംക്ലാസിലെ കുട്ടികള്‍ക്ക് പഠിക്കാനുന്ന കാലം വരുമെന്ന് തമാശരൂപത്തില്‍ മുമ്പ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും വേടന്‍ ഓര്‍ക്കുന്നു.

തൃശൂരിലെ വിവിധ പട്ടികജാതി കോളനികളിലാണ് താമസിച്ചിരുന്നത്. ഒരുപാട് സുഹൃത്തുക്കളെ കിട്ടാന്‍ ഇത് സഹായിച്ചു. റെയില്‍വേയോട് ചേര്‍ന്നുള്ള കോളനിയായിരുന്നു. അതുകൊണ്ടുതന്നെ ട്രെയിനിന്റെ ശബ്ദം കേട്ടില്ലെങ്കില്‍ ഉറക്കം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നുവെന്നും വേടന്‍ പറയുന്നു.
അപ്പന്‍ ലോട്ടറി വിറ്റിട്ടില്ല
അപ്പന്‍ ലോട്ടറി വില്‍പ്പനക്കാരനായിരുന്നുവെന്ന് ചില യുട്യൂബ് ചാനലുകളില്‍ വന്നിരുന്നു. അത് ശരിയല്ല, വാര്‍ക്ക പണിക്കാണ് അപ്പന്‍ പോയിരുന്നത്. സിനിമകളില്‍ കാണുന്ന അമ്മ ആയിരുന്നില്ല എനിക്ക്. പട്ടിണി മാറ്റാന്‍ വേണ്ടി ഓടി നടന്ന് ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു അമ്മ. തന്നെ പോലെ ജീവിച്ച കുട്ടികളുടെ എല്ലാ അമ്മമാരും ഇങ്ങനെയായിരിക്കും. അമ്മയുമായി വലിയ ആത്മബന്ധമുണ്ടായിരുന്നില്ല. അപ്പനൊപ്പമാണ് താമസിക്കുന്നത്. ഇപ്പോഴാണ് അപ്പനോട് ആത്മബന്ധം വരുന്നത്.
പാട്ട് എഴുതിയതിന് ശേഷവും വാര്‍ക്ക പണിക്ക് പോയിട്ടുണ്ട്. താനും അച്ഛനും സുഹൃത്തുക്കളുമെല്ലാം ഒരുമിച്ചായിരുന്നു ജോലിക്ക് പോയിരുന്നത്. അച്ഛന്‍ നല്ല പാട്ടുകാരനാണ്. അതിരാവിലെ എഴുന്നേറ്റ് ഭക്ഷണമുണ്ടാക്കി പിന്നീട് ജോലി പോകുന്ന അച്ഛനായിരുന്നു എനിക്ക്. എപ്പോഴും അച്ഛനോടും അമ്മയോടും സംസാരിക്കുന്ന ബന്ധമില്ലായിരുന്നു.
വേടന്‍ എന്ന പേര്
ചെറുപ്പം മുതലേ സുഹൃത്തുക്കള്‍ വേടന്‍ എന്ന് വിളിക്കുമായിരുന്നു. ആ പേര് തന്നെ പാട്ടുപാടാന്‍ തുടങ്ങിയപ്പോള്‍ പിന്നീട് സ്വീകരിക്കുകയായിരുന്നു. സമത്വവാദിയാണ് താന്‍. സമൂഹത്തില്‍ നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്‌ക്കെതിരാണ്. ഇപ്പോഴും ജാതിയുണ്ടോ എന്ന് ചോദിക്കുന്ന കാലം കൂടിയാണിത്. ഇത്രയും പച്ചയായി ജാതി കാണുന്നിടത്താണ് ഈ ചോദ്യം.
ഒരുപാട് പ്രതിസന്ധികളില്‍ കൂടിയാണ് കടന്നുവന്നത്. അതുകൊണ്ടുതന്നെ അറസ്റ്റ് ചെയ്തപ്പോള്‍ ഭയം തോന്നിയില്ല. കുടുംബത്തെ കുറിച്ച് മാത്രമായിരുന്നു ആശങ്ക. ഉദ്യോഗസ്ഥര്‍ മാന്യമായിട്ടാണ് പെരുമാറിയത്. തന്നെ കുടുക്കിയതിന് പിന്നില്‍ ചിലരുണ്ടാകണം. തന്റെ പാട്ടുകള്‍ അസ്വസ്ഥമാക്കുന്നവര്‍ തന്നെ വലയിലാക്കാന്‍ ശ്രമിക്കും.
അടുത്ത ജന്മമുണ്ടെങ്കില്‍ ബ്രാഹ്മണനായി ജനിക്കണം എന്ന് ആഗ്രഹിക്കുന്നവരുള്ള നാടാണിത്. സോറി, തൃശൂര്‍ക്കാര്‍ക്ക് ഒരു തെറ്റുപറ്റി. പേടിയും സഹതാപവുമാണ് ആ വാക്കുകള്‍ കേട്ടപ്പോള്‍ തോന്നിയത്. ഏത് നൂറ്റാണ്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. പിറവിയാല്‍ ഒരു മനുഷ്യന്‍ ഉന്നതനാണ് എന്ന് വിചാരിക്കുന്നത് എനിക്ക് മനസിലാകാത്ത ഒന്നാണ് എന്നും വേടന്‍ പറയുന്നു.












Click it and Unblock the Notifications