നിറതുള്ളിയിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി രതീഷ് താടിക്കാരൻ!
തിരുവനന്തപുരം: നിറതുള്ളികൾ കൊണ്ട് ചിത്രകലയിൽ വർണ്ണ വിസ്മയം തീർക്കുകയാണ് കൊട്ടാരക്കര സ്വദേശി രതീഷ് താടിക്കാരൻ. കൊച്ചിയിലെ താടിക്കാരൻസ് ആർട്ട് ഗാലറിയിൽ ജീവൻ തുടിക്കുന്ന നൂറോളം ചിത്രങ്ങൾ രതീഷിൻ്റെ കരവിരുതിൽ പിറന്നിട്ടുണ്ട്. 18 വർഷത്തോളമായി ചിത്രകലയ്ക്കൊപ്പം സഞ്ചരിക്കുന്ന രതീഷ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവും കൂടിയാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ചിത്രമാണ് രതീഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം

കഴിഞ്ഞ 18 വർഷത്തോളമായി വരയുടെ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് രതീഷ് താടിക്കാരൻ. മറ്റു കലാകാരിൽ നിന്ന് വ്യത്യസ്തനായി ചിത്രകലയിൽ നിറങ്ങളുടെ തുള്ളികൾ കൊണ്ടാണ് രതീഷ് ചിത്രം വരയ്ക്കുന്നത്.ഇത്തരത്തിൽ പിറന്ന നൂറോളം ചിത്രങ്ങൾ തൻ്റെ സ്ഥാപനമായ കൊച്ചി കാക്കനാട്ടുള്ള താടിക്കാരൻസ് ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

പത്താംക്ലാസ് കഴിഞ്ഞ ശേഷമാണ് രതീഷ് വരയ്ക്കാൻ തുടങ്ങുന്നത്. ചിത്രകലയിൽ പുതിയ സാധ്യതകൾ ഉണ്ടെന്ന് മനസ്സിലാക്കിയതോടെ ഫൈൻ ആർട്സ് കോളേജിൽ പഠിക്കാൻ ചേർന്നു. തുടർന്ന്,സാധാരണ ഗതിയിൽ നിന്ന് വ്യത്യസ്തമായി ആദ്യം തുള്ളികൾ കൊണ്ട് ചിത്രം വരയ്ക്കൽ പരീക്ഷിച്ചു. പിന്നീടത് നിറങ്ങളുടെ തുള്ളികൾ കൊണ്ടാക്കിയെന്നും രതീഷ് മനസ് തുറന്നു.

ശ്രദ്ധേയമായ രീതിയിലാണ് ചിത്രം വരയ്ക്കുന്നത്. അതിൽ തന്നെ ഒരു സെൻ്റീമീറ്ററും, അഞ്ച് സെൻ്റീമീറ്ററും അളവിലുള്ള ചിത്രങ്ങളുടെ പരീക്ഷണവും നടത്തിയിട്ടുണ്ട്. - രതീഷ് പറയുന്നു. ക്യാൻവാസുകൾ ഒരുക്കാൻ അക്രലിക്, വാട്ടർകളർ എന്നിവയാണ് രതീഷ് കൂടുതൽ ഉപയോഗിക്കുന്നത്. പഞ്ചാബി സ്ത്രീ, പാൽ കച്ചവടക്കാരൻ, പഴക്കുല,കഥകളി, ദൈവ വിഗ്രഹങ്ങൾ, ലോറി, സൈക്കിൾ, മയിൽ, ഗാന്ധിജി, അരുവികൾ, നദികൾ തുടങ്ങി വ്യത്യസ്ത തരം ചിത്രങ്ങളാണ് രതീഷിൻ്റെ പക്കലുള്ളത്.

പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ചിത്രം വരച്ചതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കാനുള്ള അപൂർവ ഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. തനിക്ക് മുന്നേ വഴികാട്ടിയായ ചിത്രകാരന്മാരാണ് ഈ മേഖലയിലേക്ക് കടന്നുവരാൻ കൂടുതൽ ഊർജം നൽകിയത്. പുതിയൊരു ആശയം ഉണ്ടാവുകയും അതിലൂടെ പുതിയ കാര്യങ്ങൾ ചെയ്യുകയും ചെയ്താൽ തീർച്ചയായും അത് ജനങ്ങൾ അംഗീകരിക്കുമെന്ന് ഇതിലൂടെ പറയാൻ കഴിയുമെന്നും രതീഷ് പറഞ്ഞു.

ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ക്രിയാത്മകമായ രീതിയിൽ പതിവ് വരകൾക്കുമപ്പുറം എന്ത് ചെയ്യാമെന്ന ആലോചനയിലേക്ക് രതീഷ് എത്തിയപ്പോൾ അത് സമ്മാനിച്ചത് വ്യത്യസ്തമായ ആശയമായിരുന്നു. അതിൽ നിന്നാണ് മുഖത്ത് ധരിക്കുന്ന മാസ്കിൽ പോലും മുഖം വരച്ച് പരീക്ഷണം നടത്താമെന്ന തരത്തിലേക്ക് വഴിമാറിയത്. ഇത് ലോകഡൗൺ കാലത്തെ വിരസതകൾ മാറ്റിയെന്നും രതീഷ് പറയുന്നു.കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെത്തിയ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവ് കൂടിയായ രതീഷിന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് ആദരവും നൽകി.












Click it and Unblock the Notifications