400 കോടി രൂപ നൽകണം, നാല് ദിവസത്തിനിടെ മുകേഷ് അംബാനിക്ക് മൂന്നാമത്തെ വധഭീഷണി
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. 400 കോടി രൂപ നല്‍കിയില്ലെങ്കില്‍ മുകേഷ് അംബാനിയെ വധിക്കുമെന്നാണ് ഭീഷണി. കഴിഞ്ഞ 4 ദിവസങ്ങള്‍ക്കിടെ ഇത് മൂന്നാം തവണയാണ് മുകേഷ് അംബാനിക്ക് വധഭീഷണി ലഭിക്കുന്നത്. ഒക്ടോബര്‍ 27 മുതല്‍ക്കാണ് മുകേഷ് അംബാനിക്ക് ഇ മെയില്‍ വഴി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ച് തുടങ്ങിയത്.
ഇതുവരെ ലഭിച്ച മൂന്ന് സന്ദേശങ്ങളും ഒരേ ഇമെയില്‍ ഐഡിയില്‍ നിന്നാണ് വന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല മൂന്ന് മെയിലിലും പണം ആവശ്യപ്പെട്ട് കൊണ്ടാണ് ഭീഷണി. വെള്ളിയാഴ്ച ലഭിച്ച ആദ്യത്തെ ഭീഷണി മെയിലില്‍ ആവശ്യപ്പെട്ടിരിക്കുന്നത് 20 കോടി രൂപയാണ്. രണ്ടാമത്തെ മെയിലില്‍ ആവശ്യപ്പെട്ടിരിക്കുന്നത് 200 കോടി രൂപയാണ്. പണം നല്‍കിയില്ലെങ്കില്‍ അംബാനിയെ വെടിവെച്ച് കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് മുംബൈ പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ബെല്‍ജിയത്തില്‍ നിന്നാണ് മൂന്ന് മെയിലുകളും അയച്ചിരിക്കുന്നത്. ഭീഷണി സന്ദേശം അയച്ചത് ഷദാബ് ഖാന്‍ എന്നയാളാണ് എന്നാണ് മുംബൈ പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ മെയില്‍ ഐഡിയുടെ ആധികാരികത പോലീസ് അന്വേഷിക്കുന്നുണ്ട്. വ്യാജ ഇ മെയില്‍ വിലാസമാകാനുളള സാധ്യതയാണ് പോലീസ് പരിശോധിക്കുന്നത്. ഇതിനായി ബെല്‍ജിയന്‍ ഇ മെയില്‍ സേവന ദാതാക്കളുമായി പോലീസ് ബന്ധപ്പെടാന്‍ ശ്രമം നടത്തുന്നുണ്ട്.
മുകേഷ് അംബാനിയുടെ സുരക്ഷാ വിഭാഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗാംദേവി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിസി 387, 506(2) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. മുകേഷ് അംബാനിയേയും കുടുംബത്തേയും ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതിന് കഴിഞ്ഞ വര്‍ഷം ബീഹാര്‍ ദര്‍ഭംഗ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications