ദിലീപിനൊപ്പം നിൽക്കുന്നത് ന്യൂനപക്ഷം.. തങ്ങൾക്കൊപ്പം ആയിരങ്ങൾ.. നമിതയേയും മംമ്തയേയും തള്ളി റിമ
Recommended Video

കൊച്ചി: പീഡനക്കേസുകളില്‍ ആര്‍ക്കൊപ്പം എന്ന ചോദ്യത്തിന് പ്രസക്തി തീരെയില്ല. തീര്‍ച്ചയായും സമൂഹം നില്‍ക്കേണ്ടത് ഇരയായ പെണ്‍കുട്ടിക്കൊപ്പമാണ്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തികച്ചും അസാധാരണമായി ഒരു വ്യത്യാസമുണ്ടായി. ഇരയായ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കേണ്ട സിനിമാ രംഗത്തെ പ്രമുഖര്‍ പലരും കുറ്റാരോപിതന് പിന്നില്‍ അണി നിരന്നു.
റിമ കല്ലിങ്കല്‍ അടക്കം ചിലരാണ് തുടക്കം മുതല്‍ നടിക്കൊപ്പം ഉറച്ച് നില്‍ക്കുന്നത്. എന്നാല്‍ സിനിമാ രംഗത്തെ ചില സ്ത്രീകളടക്കം കേസിലെ പ്രതിയായ ദിലീപിനെ പിന്തുണയ്ക്കുന്നു എന്നത് വിചിത്രമാണ്. ഇതിനെതിരെ റിമ കല്ലിങ്കല്‍ രംഗത്ത് വന്നിരിക്കുന്നു.

സംഘടന ആവശ്യമില്ലെന്ന്
പ്രമുഖ നായികമാരായ മിയ, മംമ്ത മോഹന്‍ദാസ്, ശ്വേത മേനോന്‍, നമിത പ്രമോദ് എന്നിവര്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിന് എതിരെ രംഗത്ത് വന്നിരുന്നു. അത്തരമൊരു സംഘടന ആവശ്യമില്ല എന്നതായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടിമാരുടെ പ്രതികരണം.

കൈകാര്യം ചെയ്യാനറിയാം
മംമ്ത അടക്കമുളളവര്‍ പറഞ്ഞത് തങ്ങള്‍ക്ക് ഇത്തരം മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല, അതിനാല്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പോലൊരു സംഘടന ആവശ്യമില്ലെന്നായിരുന്നു.പ്രശ്‌നമുണ്ടായാല്‍ കൈകാര്യം ചെയ്യാന്‍ അറിയാമെന്നും സംഘടന ആവശ്യമില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞിരുന്നു.

പ്രതികരണവുമായി റിമ
ഈ നിലപാടുകള്‍ക്ക് എതിരെയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ സജീവ പ്രവര്‍ത്തക കൂടിയായ റിമ കല്ലിങ്കല്‍ രംഗത്ത് വന്നിരിക്കുന്നത്. നടിക്ക് സംഭവിച്ചത് പോലെ ഒരു അനുഭവം തനിക്കും നേരത്തെ സംഭവിച്ചിട്ടില്ല എന്ന് റിമ പറയുന്നു.

മറ്റുള്ളവർക്ക് ഇത് സംഭവിക്കരുത്
അത്തരം കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് സംഭവിക്കാതിരിക്കാനാണ് തങ്ങള്‍ സംസാരിക്കുന്നത് എന്ന് റിമ വ്യക്തമാക്കുന്നു. അവള്‍ക്കൊപ്പം ആരുമുണ്ടാകില്ല എന്ന പേടിയൊന്നും തങ്ങള്‍ക്കില്ലെന്നും റിമ തുറന്നടിക്കുന്നു.

അവർ ന്യൂനപക്ഷം
അവള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ കാര്യങ്ങളൊന്നും തിരിച്ചറിഞ്ഞില്ലല്ലോ എന്ന സഹതാപം മാത്രമേ തങ്ങള്‍ക്കുള്ളൂ. ജയിലിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ചവരും ലഡു വിതരണം ചെയ്തവരും വളരെ ചെറിയ ന്യൂനപക്ഷമാണ്.

അവൾക്കൊപ്പം ആയിരങ്ങൾ
അക്കൂട്ടരുടെ ആയിരം ഇരട്ടി തങ്ങള്‍ക്കൊപ്പമുണ്ടെന്ന് റിമ പറയുന്നു. ഒരു പൊതു പരിപാടിയില്‍ പങ്കെടുത്താല്‍ അവരുടെ പിന്തുണ മനസ്സിലാക്കാന്‍ കഴിയും. പെണ്ണുങ്ങള്‍ മാത്രമല്ല, ആണുങ്ങളും തങ്ങള്‍ക്കൊപ്പമുണ്ട്. അവള്‍ക്കൊപ്പവുമെന്നും റിമ പറഞ്ഞു.

സംഘടന വന്ന വഴി
വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്നൊരു സംഘടന സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി രൂപീകരിക്കാനുണ്ടായ സാഹചര്യവും റിമ വിശദീകരിക്കുന്നു. വിമന്‍ കളക്ടീവ് പോലുള്ള ഒരു സംഘടനയുടെ അനിവാര്യത തങ്ങളുടെ മനസ്സില്‍ നേരത്തെ ഉണ്ടായിരുന്നു.

ഒരുമിച്ച ശബ്ദങ്ങളുടെ ശക്തി
അങ്ങനെ ഒരു സംഘടന വേണമെന്ന് തങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കിരുന്ന് പലപ്പോഴായി പലവട്ടം പറഞ്ഞിട്ടുള്ളതാണ്. തങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഒരുമിക്കണമെന്ന് തോന്നി. ഇന്ന് ആ ശബ്ദത്തിന് ശക്തി ഏറെയാണെന്ന് റിമ പറയുന്നു.

കൂട്ടായ ശബ്ദങ്ങൾ
ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈന് എതിരായ ലൈംഗികാരോപണ കേസ് ഒരു മാതൃകയായി റിമ ചൂണ്ടിക്കാട്ടുന്നു. പല കാലത്ത് പലയിടത്തിരുന്ന് പലരും ഒറ്റയ്ക്കാണ് ആദ്യം കാര്യങ്ങള്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ കൂട്ടായ ഒരൊറ്റ ശബ്ദമായി മാറി ആഞ്ഞടിക്കുന്നു.

നിശബ്ദതയാണ് പ്രശ്‌നം
സമാനമായ സംഗതി തന്നെയാണ് ഇവിടെയും നടന്നതെന്നും റിമ പറയുന്നു. നിശബ്ദതയാണ് പ്രശ്‌നം. ഒരുമിച്ച് നി്ന്നാല്‍ അതിന്റെ മൂല്യം വലുതാണ്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് റിമ കല്ലിങ്കലിന്റെ ഈ പ്രതികരണം.












Click it and Unblock the Notifications