മുസ്ലിം ലീഗ് എംഎല്‍എയുമായി ചര്‍ച്ച നടത്തിയെന്ന് ആര്‍എസ്എസ്; ഇല്ലെന്ന് പിഎംഎ സലാം

കൊച്ചി/കോഴിക്കോട്: മുസ്ലിം ലീഗിന്റെ സിറ്റിങ് എംഎല്‍എയുമായി ചര്‍ച്ച നടത്തിയെന്ന് ആര്‍എസ്എസ് നേതാക്കള്‍. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കളുടെ വെളിപ്പെടുത്തല്‍. മലപ്പുറത്ത് വച്ചാണ് ചര്‍ച്ച നടന്നതെന്നും അവര്‍ പറയുന്നു. ആര്‍എസ്എസ് പ്രാന്ത സംഘ ചാലക് കെകെ ബാലറാം, പ്രാന്തകാര്യവാഹക് പിഎന്‍ ഈശ്വരന്‍, സഹ പ്രാന്ത പ്രചാര്‍ പ്രമുഖ് പി ഉണ്ണി കൃഷ്ണന്‍ തുടങ്ങിയ നേതാക്കളാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. പിഎന്‍ ഈശ്വരനാണ് മുസ്ലിം ലീഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞത്.
മുസ്ലിം ലീഗിനെ ജനാധിപത്യ പാര്‍ട്ടിയായിട്ടാണ് കാണുന്നത്. അവര്‍ക്ക് വര്‍ഗീയ താല്‍പ്പര്യങ്ങളുണ്ട്. എന്നാല്‍ തീവ്രവാദ പാര്‍ട്ടികളുടെ നിലപാട് ലീഗിനില്ല. ദേശവിരുദ്ധ നിലപാടുള്ളവരുമായി ചര്‍ച്ച നടത്താന്‍ ആര്‍എസ്എസ് ഒരുക്കമല്ല. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ നിലപാട് തുടര്‍ന്നാല്‍ അവരുമായി ചര്‍ച്ച നടത്തില്ല. ഡല്‍ഹിയില്‍ ചര്‍ച്ച നടന്നത് ജമാഅത്തുമായിട്ടല്ല. മറ്റു മുസ്ലിം പ്രതിനിധികള്‍ക്കൊപ്പം അവരുടെ പ്രതിനിധിയും വരികയായിരുന്നു. മലപ്പുറത്ത് വച്ചാണ് മുസ്ലിം ലീഗിന്റെ എംഎല്‍എമായി ചര്‍ച്ച നടത്തിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മുസ്ലിം ലീഗിനെ അംഗീകരിക്കുന്നുവെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു.
അതേസമയം, ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയെന്ന വാദം മുസ്ലിം ലീഗ് തള്ളി. ഇങ്ങനെ ഒരു ചര്‍ച്ച നടന്നിട്ടില്ല. ചര്‍ച്ച നടത്താന്‍ ഒരു എംഎല്‍എയെയും ചുമതലപ്പെടുത്തിയിട്ടില്ല. ആ വാദം നിഷേധിക്കുന്നു. ഫാഷിസ്റ്റുകളുമായി ഒരിക്കലും മുസ്ലിം ലീഗ് ചര്‍ച്ച നടത്തില്ലെന്നും ചര്‍ച്ച എന്റെ അറിവില്‍ നടന്നിട്ടില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കോഴിക്കോട് മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന ഭാരവാഹികളെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രഖ്യാപിക്കുകയായിരുന്നു പിഎംഎ സലാം.

ആര്‍എസ്എസ് നേതാക്കളെ സമ്മേളനത്തിന് വിളിച്ചതും ജമാഅത്തും ആര്‍എസ്എസും തമ്മില്‍ ചര്‍ച്ച നടത്തി എന്ന റിപ്പോര്‍ട്ടുമെല്ലാം അടുത്തിടെ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം ലീഗ് എംഎല്‍എമായി ആര്‍എസ്എസ് ചര്‍ച്ച നടത്തിയെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമായാല്‍ മുസ്ലിം ലീഗ് പ്രതിസന്ധിയിലാകും.
അതേസമയം, കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു. ആര്‍എസ്എസിനെ ക്രിസ്ത്യന്‍ സമൂഹത്തിന് ഭയമില്ല. സഭയുമായി ചര്‍ച്ച നടത്താന്‍ സംസ്ഥാന-ജില്ലാ തലത്തില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കേരളത്തിന്‍ പ്രത്യേക പദ്ധതി ആര്‍എസ്എസ് ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications