ശബരിമലയില്‍ പുതിയ ക്ഷേത്രം വേണ്ടെന്ന് മന്ത്രി ,പുതിയ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത് എന്തിന്
സംസ്ഥാന സര്‍ക്കാരിനോട് ചോദിക്കാതെ വനഭൂമി ആവശ്യപ്പെടാന്‍ ദേവസ്വം ബോര്‍ഡിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
തിരുവനന്തപുരം: ശബരിമല പൊന്നമ്പലമേട്ടില്‍ പുതിയ ക്ഷേത്രം നിര്‍മ്മിക്കുമെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഏക്കര്‍കണക്കിന് വനഭൂമി നശിപ്പിച്ച പുതിയൊരു ക്ഷേത്രം നിര്‍മ്മിക്കുന്നത് നടപ്പില്ലെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പൊന്നമ്പലമേട്ടില്‍ പുതിയ ക്ഷേത്രം നിര്‍മ്മിക്കുമെന്നും, ഇതിനായി ഒരേക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ വനം-പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ശബരിമല ശ്രീധര്‍മ്മ ശാസ്താവിന്റെ പൂങ്കാവനമായ വനഭൂമിയില്‍ ക്ഷേത്രം പണിയുമെന്ന് പറയാനും, സംസ്ഥാന സര്‍ക്കാരിനോട് ചോദിക്കാതെ വനഭൂമി ആവശ്യപ്പെടാനും ദേവസ്വം ബോര്‍ഡിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ദേവസ്വം ബോര്‍ഡിനെ ആരാണ് ചുമതലപ്പെടുത്തിയത്...
ശബരിമല ശ്രീധര്‍മ്മ ശാസ്താവിന്റെ പൂങ്കാവനം എന്നാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ വനഭൂമി അറിയപ്പെടുന്നത്. അയ്യപ്പഭക്തര്‍ പരിപാവനമായി കാണുന്ന ആ പൂങ്കാവനത്തിന്റെ ഭാഗമായ പൊന്നമ്പലമേട്ടില്‍ പുതിയ ക്ഷേത്രം പണിയുമെന്ന് പറയാന്‍ ദേവസ്വം ബോര്‍ഡിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നാണ് മന്ത്രി ചോദിക്കുന്നത്.

ആചാരവിരുദ്ധമെന്ന്...
കാട് വെട്ടിതെളിച്ച് പുതിയ ക്ഷേത്രം പണിയുമെന്ന് പറഞ്ഞ പ്രയാര്‍,അവിടെ ആരാധന അനുവദിക്കില്ലെന്നും പറഞ്ഞിരുന്നു. അപ്പോള്‍ പുതിയ ക്ഷേത്രം ആര്‍ക്കു വേണ്ടിയാണെന്നും മന്ത്രി ചോദിക്കുന്നു. ശബരിമല ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കുന്ന രീതിയില്‍ പുതിയ ക്ഷേത്രം പണിയുന്നത് ആചാരവിരുദ്ധമാണെന്ന് പന്തളം രാജകുടുംബം വ്യക്തമാക്കിയതായും മന്ത്രി പറയുന്നു.

ദേവസ്വം ബോര്‍ഡിന്റെ ചുമതലയല്ല...
1950ലെ ട്രാവന്‍കൂര്‍-കൊച്ചി ഹിന്ദു റിലീജിയസ് ആക്ട് പ്രകാരം നിലവിലെ ആചാരക്രമങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടോ എന്നു ഉറപ്പുവരുത്തുക മാത്രമാണ് ദേവസ്വം ബോര്‍ഡിന്റെ ചുമതല. സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാതെ, സംസ്ഥാനത്തെ വനഭൂമി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാന്‍ ദേവസ്വം ബോര്‍ഡിന് എന്ത് അധികാരമാണുള്ളതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.












Click it and Unblock the Notifications