രഹന ഫാത്തിമയും കവിതയും ഇറങ്ങിയപ്പോള്‍ മേരിസ്വീറ്റി കയറാനെത്തി; പുലിവാല് പിടിച്ച് പോലീസ്
പമ്പ: മല കയറി അയ്യപ്പ ദര്‍ശനം നടത്താന്‍ എത്തിയ രണ്ട് യുവതികളെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പോലീസ് തിരിച്ചിറക്കിയതിന് തൊട്ടുപിന്നാലെ മറ്റൊരു സ്ത്രീ. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റിയാണ് ഒറ്റയ്ക്ക് ദര്‍ശനം നടത്താന്‍ വന്നത്. ഇവരുമായി പോലീസ് സമവായ ചര്‍ച്ച നടത്തി. നേരത്തെ യുവതികള്‍ വന്നപ്പോഴുണ്ടായ സാഹചര്യം ബോധ്യപ്പെടുത്തി. ആദ്യം ദര്‍ശനം നടത്തുമെന്ന് വാശി പിടിച്ച അവര്‍ പിന്നീട് നിലപാട് മയപ്പെടുത്തി. ഒടുവില്‍ പോലീസ് സംരക്ഷണത്തില്‍ തിരിച്ചുപോരുകയായിരുന്നു.

പോലീസ് സംരക്ഷമില്ലാതെയാണ് മേരി സ്വീറ്റി ശബരിമലയിലേക്ക് വന്നത്. വിദ്യാരംഭ ദിവസമായതിനാല്‍ ഇന്നുതന്നെ ദര്‍ശനം നടത്തണമെന്നായിരുന്നു അവരുടെ ആഗ്രഹം. ആറ് വര്‍ഷം മുമ്പ് താന്‍ പമ്പവരെ വന്നിരുന്നുവെന്നും മേരി സ്വീറ്റി പറഞ്ഞു.
യുവതികള്‍ വന്നപ്പോഴുള്ള പ്രശ്‌നങ്ങള്‍ പോലീസ് വിശദമാക്കിയെങ്കിലും ദര്‍ശനം നടത്തണമെന്ന വാശിയിലായിരുന്നു മേരി സ്വീറ്റി. സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്ന് പോലീസ് അവരെ അറിയിച്ചതോടെയാണ് നിലപാട് മയപ്പെടുത്തിയത്. മുന്നോട്ട് പോകുമെന്ന് മേരി സ്വീറ്റി ആവര്‍ത്തിച്ചപ്പോള്‍ ശരണം വിളി ശക്തമായി. ഒടുവില്‍ തിരിച്ചുപോരാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.
യുവതികള്‍ ശ്രീകോവിലിന് മുമ്പിലെത്തിയാല്‍ നട അടച്ചിടുമെന്ന് തന്ത്രി അറിയിച്ചതോടെയാണ് മല കയറിയെത്തിയ രഹന ഫാത്തിമയും കവിതയും പിന്‍മാറിയത്. മാത്രമല്ല, രഹനയുടെ പശ്ചാത്തലം പരിശോധിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി കുറ്റപ്പെടുത്തി.
എറണാകുളത്ത് ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹന ഫാത്തിമ ആക്ടിവിസ്റ്റാണ്. കവിത ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയും. ഇരുവരെയും തിരിച്ചു പമ്പയിലേക്ക് കൊണ്ടുവരുന്ന വേളയിലാണ് മേരി സ്വീറ്റി എത്തിയത്. വനിതകള്‍ എത്തുന്നതില്‍ പോലീസ് പുലിവാല് പിടിച്ചിരിക്കുകയാണിപ്പോള്‍. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല എന്ന് കടകംപള്ളി പറഞ്ഞു.












Click it and Unblock the Notifications