എസ്എസ്എൽസി പാസായ പലർക്കും എഴുതാനും വായിക്കാനുമറിയില്ലെന്ന് സജി ചെറിയാൻ; നിഷേധിച്ച് ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി പാസായ കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജയിച്ചവരിൽ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ലെന്നും പണ്ടൊക്കെ എസ് എസ് എൽ സിക്ക് 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ എല്ലാവരും ജയിക്കുകയാണെന്നും ആരെങ്കിലും എസ് എസ് എൽ സി തോറ്റാൽ സർക്കാരന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാർട്ടികൾ സമരത്തിന് ഇറങ്ങും. അതുകൊണ്ട് തന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സർക്കാരിന് നല്ല കാര്യമെന്നും മന്ത്രി പറയുന്നു. ഈ പ്രവണത നല്ലതെന്ന് പുതിയ വിദ്യാഭ്യാസ മന്ത്രി മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം കുറഞ്ഞതിനാൽ കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാതായെന്നും മന്ത്രി പറഞ്ഞു.

അതേ സമയം, എസ് എസ് എൽ സി കഴിഞ്ഞ് ഉപരി പഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന നിരീക്ഷണം വസ്തുത വിരുദ്ധമാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കി. കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പഠന നിലവാരം കൂടുതൽ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതു സമൂഹം ഉൾക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതൽ പദ്ധതികൾ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ് സി ഇ ആർ ടി അടക്കമുള്ള വിദ്യാഭ്യാസ ഏജൻസികൾ നടത്തിവരികയാണ്.
പ്രീപൈമറി തലം തൊട്ട് പാഠ്യ പദ്ധതി പരിഷ്കരണം അടക്കമുള്ള കാര്യങ്ങൾ നടപ്പാക്കി വരികയാണ്. അധ്യാപകർക്ക് സമായാസമയം പരിശീലനം ലഭ്യമാക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നൂതന ശാസ്ത്ര, സാങ്കേതിക മേഖലകളിൽ അധ്യാപക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകുകയാണ്. ഒന്നാം ക്ലാസ് പിന്നിടുന്ന വിദ്യാർത്ഥി മലയാളം അക്ഷരമാല പഠിക്കുന്നുവെന്ന് ഉറപ്പാക്കുന്ന രീതിയിലുള്ള
പാഠ്യപദ്ധതി പദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നതെന്നും മന്ത്രി പറയുന്നു.
രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പ്രീ പ്രൈമറി , പ്രൈമറി അപ്പർ പ്രൈമറി ഹൈസ്കൂൾ , ഹയർ സെക്കന്ററി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരള. അക്കാദമിക് മികവിന്റെ കാര്യത്തിൽ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സ്കൂൾ വിദ്യാഭ്യാസത്തിന്റെ അടക്കം കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വികസന സൂചികകളിൽ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലുണ്ടെന്നും അദ്ദേഹം പറയുന്നു












Click it and Unblock the Notifications