'മഞ്ജുവാര്യരുടെ അമ്മയെ വിളിച്ചു; എന്താണ് ശല്യം ചെയ്തത് എന്നറിയണമല്ലോ', പോലീസ് മുംബൈക്ക്
കൊച്ചി: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ മുംബൈ പോലീസിന്റെ കസ്റ്റഡിയില്‍. എളമക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സനല്‍കുമാറിനെതിരെ പോലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരമാണ് മുംബൈ വിമാനത്താവളത്തില്‍ തഞ്ഞതും സഹാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയതും.
അമേരിക്കയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വരുന്നു എന്ന് കഴിഞ്ഞ ദിവസം സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. മുംബൈ വഴിയായിരുന്നു യാത്ര. മുംബൈയില്‍ ഇറങ്ങിയ വേളയിലാണ് തടഞ്ഞുവച്ചത്. ഇനി എളമക്കര പോലീസ് എത്തി കസ്റ്റഡിയില്‍ വാങ്ങി എറണാകുളത്തേക്ക് കൊണ്ടുവരും. ഫേസ്ബുക്കില്‍ ഓരോ കാര്യങ്ങളും സനല്‍കുമാര്‍ വിശദീകരിക്കുന്നുണ്ട്.

സനല്‍കുമാര്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ശല്യം ചെയ്യുന്നു എന്ന പരാതി മഞ്ജുവാര്യര്‍ നല്‍കിയിരുന്നുവത്രെ. പിന്നീട് മറ്റൊരു കേസ് കൂടി ശശിധരനെതിരെ എടുത്തിരുന്നു. എന്നാല്‍ വിദേശത്തേക്ക് പോയ സാഹചര്യത്തില്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. അമേരിക്കയില്‍ വച്ചും വിഷയത്തില്‍ സനല്‍കുമാര്‍ പ്രതികരിച്ചിരുന്നു.
സനല്‍കുമാറിനെ മുംബൈയില്‍ തടഞ്ഞുവച്ചുവെന്നും കൊച്ചിയില്‍ നിന്ന് പോലീസ് മുംബൈയിലെത്തി കസ്റ്റഡിയില്‍ വാങ്ങി നാട്ടിലേക്ക് കൊണ്ടുവരുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സനല്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ച ഒരു പോസ്റ്റില്‍ മഞ്ജുവാര്യരുടെ അമ്മയെയും സഹോദരനെയും വിളിച്ച കാര്യം പറയുന്നുണ്ട്.
പോസ്റ്റ് വായിക്കാം: ''മഞ്ജു വാര്യരെ ബന്ധപ്പെടാന്‍ ശ്രമിക്കരുത് എന്നത് മാത്രമായിരിക്കും ഇന്നും എളമക്കര പോലീസിന്റെ ആവശ്യം. പക്ഷെ എനിക്കെതിരെ മഞ്ജു വാര്യര്‍ കൊടുത്തു എന്ന് പറയുന്ന കേസില്‍ മൊഴിയെടുക്കാനോ ചാര്‍ജ് കൊടുക്കാനോ വിചാരണ നടത്താനോ അവര്‍ തയാറുമല്ല. അവര്‍ക്ക് ആകെ വേണ്ടത് ഞാന്‍ ഈ വിഷയം ഇനി സംസാരിക്കരുത് എന്നത് മാത്രം.
മഞ്ജു വാര്യരുടെ വോയിസ് റെക്കോര്‍ഡ് ഞാന്‍ പങ്കുവെച്ചപ്പോള്‍ അവളുടെയും മകളുടെയും ജീവന് ഭീഷണിയുണ്ട് എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും എന്നെ കളിയാക്കുകയായിരുന്നു. ഒരു മാധ്യമം പോലും ആ ശബ്ദരേഖയില്‍ കഴമ്പുണ്ടോ എന്ന് അന്വേഷിച്ചില്ല. ഞാന്‍ മാത്രം സംസാരിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് മാത്രമാണ് എനിക്ക് നേരെ ഇപ്പോള്‍ ഈ വേട്ട. കൊന്നിട്ടല്ലാതെ എന്നെ ഈ വിഷയത്തില്‍ നിശബ്ദനാക്കാന്‍ കഴിയുമെന്ന് ആരും കരുതേണ്ടതില്ല.
ഭീതിക്ക് വഴങ്ങി മൗനം പാലിക്കുന്ന മഞ്ജു വാര്യര്‍ ഒരുപക്ഷെ എന്റെ മരണമാവും കാണാനിരിക്കുന്നത്. ഇന്ന് ഞാന്‍ അവളുടെ അമ്മയെയും സഹോദരനെയും വിളിച്ചു. എന്താണ് ഇത്ര വലിയ ശല്യം എന്റെ ഭാഗത്തു നിന്ന് ഉണ്ടായത് എന്ന് അവരെങ്കിലും പറയണമല്ലോ. അതല്ലെങ്കില്‍ എന്തുകൊണ്ട് അവളുടെ പേരില്‍ എനിക്ക് നേരെ ഇത്ര വലിയ വേട്ട എന്ന് അവര്‍ അന്വേഷിക്കേണ്ടതല്ലേ. മാധ്യമങ്ങളും ബന്ധുക്കളും സമൂഹവും എല്ലാം നിശബ്ദരാണ്. എല്ലാവരും ഭീതിയില്‍ കഴിയുന്ന കേരളമാണ് ഈ ഓണക്കാലത്തിന്റെ ആഘോഷം!''












Click it and Unblock the Notifications