'തലച്ചോറുള്ള സംഘിയുണ്ടെങ്കില്‍ അത് ശസ്ത്രക്രിയ വഴി നീക്കം ചെയ്യണം'; ബിജെപിയെ ട്രോളി എസ് സുദീപ്
കോഴിക്കോട്: ഹലാല്‍ വിഷയത്തില്‍ ബി ജെ പി വക്താവ് സന്ദീപ് വാര്യര്‍ സ്വീകരിച്ച നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ബി ജെ പിക്കുള്ളില്‍ നിന്നു തന്നെ വലിയ വിമര്‍ശനങ്ങള്‍ നേരിട്ട പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് അദ്ദേഹം പിന്‍വലിച്ചിരുന്നു.
സന്ദീപ് വാര്യരുടെ നിലപാട് തള്ളുകയാണ് സംസ്ഥാന നേതൃത്വം ചെയ്തത്. പാര്‍ട്ടി നേതാക്കള്‍ പാര്‍ട്ടിയുടെ പൊതു നിലപാടിനൊപ്പം അഭിപ്രായം പറയണം. സന്ദീപ് വാര്യര്‍ പറഞ്ഞത് പാര്‍ട്ടി പരിശോധിക്കും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറയുന്നതാണ് ബിജെപിയുടെ നിലപാടെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് സന്ദീപ് വാര്യര്‍ പോസ്റ്റ് പിന്‍വലിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച സന്ദീപ് വാര്യര്‍ക്കെതിരെ മുന്‍ ജഡ്ജി എസ് സുദീപ് രംഗത്തെത്തിയിരിക്കുകയാണ്. സംഘപരിവാറുകാരന്‍ സ്വന്തം അച്ഛനാണെന്നു പറഞ്ഞ് ആരെയെങ്കിലും പരിചയപ്പെടുത്തിയാല്‍ പോലും വിശ്വസിക്കരുതെന്ന് സുദീപ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. വിശദാംശങ്ങളിലേക്ക്...

വിഷയത്തില്‍ വ്യക്തിപരമായ അഭിപ്രായമാണന്ന് പറഞ്ഞാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. കുറിപ്പ് ഇങ്ങനെയായിരുന്നു, ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത് . മുസല്‍മാന്റെ സ്ഥാപനത്തില്‍ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തില്‍ മുസല്‍മാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിങ്ങള്‍ക്കൊരു നിമിഷത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് മതിയാകും .

എന്നാല്‍ ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും . ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരന്‍ , അവിടേക്ക് പച്ചക്കറി നല്‍കിയിരുന്ന വ്യാപാരി , പാല്‍ വിറ്റിരുന്ന ക്ഷീരകര്‍ഷകന്‍ , പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് ... ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ ? അല്ല ... അവരില്‍ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം- സന്ദീപ് വാര്യര്‍ കുറിച്ചു.

എന്നാല്‍ ഈ പോസ്റ്റ് വൈറലായതോടെയാണ് ബിജെപി സന്ദീപ് വാര്യര്‍ക്കെതിരെ തിരിഞ്ഞത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമായിരുന്നു ഇത്. ഇതേ തുടര്‍ന്നുള്ള വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദീപ് പോസ്റ്റ് പിന്‍വലിച്ചത്. പാര്‍ട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ. കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനായ ഞാന്‍ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിന്‍വലിക്കുന്നു എന്നാണ് സന്ദീപ് പോസ്റ്റ് പിന്‍വലിച്ചതിന് ശേഷം പ്രതികരിച്ചത്.

കോഴിക്കോട്ടെ പ്രമുഖ റസ്റ്റോറന്റായ പാരഗണിനെതിരെ മത മൗലികവാദികള്‍ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ അക്രമണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വ്യക്തിപരമായ ഒരു പ്രതികരണം പങ്കു വച്ചിരുന്നു. ആയിരത്തറനൂറ് തൊഴിലാളികളുള്ള ആ ഹോട്ടല്‍ ശൃംഖല കെട്ടിപ്പടുക്കാന്‍ അതിന്റെ ഉടമസ്ഥന്‍ ശ്രീ.സുമേഷ് ഗോവിന്ദ് എത്ര കഷ്ടപ്പെട്ടിരിക്കും എന്ന ചിന്തയില്‍ നിന്നാണ് ആ പോസ്റ്റ് ഇട്ടത്. എന്നാല്‍ എന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങള്‍ അത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കുകയും പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ടെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റ് പിന്‍വലിച്ചതോടെ സന്ദീപ് വാര്യര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഈ വിഷയത്തില്‍ മുന്‍ ജഡ്ജി എസ് സുദീപ് പങ്കുവച്ച പോസ്റ്റ് ഇങ്ങനെ, സന്ദീപ് വാര്യര്‍ അദ്ദേഹത്തിന്റെ മനുഷ്യത്വ (?) പോസ്റ്റ് പിന്‍വലിച്ചതില്‍ നിന്ന് നാം മനസിലാക്കേണ്ട കാര്യങ്ങള്‍: കാട്ടാളന് വാല്മീകിയാകാം, പക്ഷേ സംഘപരിവാറുകാരന് ഒരിക്കലും ഒരു മനുഷ്യനാകാന്‍ കഴിയില്ല. വിവേകമല്ല, (പൂങ്കുന്നം) വികാരങ്ങളാണ് സംഘപരിവാറുകാരെ നയിക്കുന്നത്.

ഉത്തരവാദിത്തമില്ലായ്മയാണ് സംഘപരിവാറുകാരന്റെ മുഖമുദ്ര. ഓരോ മനുഷ്യായുസിന്റെയും പ്രയത്‌നം മുഴുവന്‍ ഒറ്റനിമിഷംകൊണ്ട് തകര്‍ക്കുക എന്നതാണ് സംഘപരിവാറുകാരന്റെ കര്‍ത്തവ്യം. സംഘപരിവാറുകാരന്‍ ചിന്തിക്കരുത്, തലച്ചോറുള്ള സംഘിയുണ്ടെങ്കില്‍ അത് ശസ്ത്രക്രിയ വഴി നീക്കം ചെയ്യണം. സംഘപരിവാറുകാരന്‍ സ്വന്തം അച്ഛനാണെന്നു പറഞ്ഞ് ആരെയെങ്കിലും പരിചയപ്പെടുത്തിയാല്‍ പോലും വിശ്വസിക്കരുത്.

മാപ്പ്: ഒരു സംഘപരിവാറുകാരന്റെ പോസ്റ്റില്‍ ജീവിതത്തില്‍ ആദ്യമായും അവസാനമായും കുമ്മോജിയല്ലാത്ത ഒരു റിയാക്ഷന്‍ ഇടാന്‍ ഇടയായതില്‍ ഞാന്‍ എല്ലാ ഇന്ത്യക്കാരോടും നിരുപാധികം മാപ്പു ചോദിക്കുകയും എന്നെ ഞാന്‍ പരസ്യമായി ശാസിക്കുകയും ചെയ്യുന്നു. ജയ് സവര്‍ക്കര്‍! - സുദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ സന്ദീപ് വാര്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കമന്റുകളുടെ ബഹളമാണ്. ചില കമന്റുകള്‍ ഇങ്ങനെയാണ്, പാരഗണ്‍ റെസ്റ്റോറന്റിനെ വിവാദത്തിലേക്ക് വലിച്ചു കൊണ്ടുവന്നത് ആരാ? സംഘികള്‍ തന്നെയല്ലേ? ഹലാലല്ലാത്ത ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളുടെ ലിസ്റ്റ് വര്‍ഗ്ഗീയ സംഘികള്‍ പുറത്തുവിട്ടപ്പോള്‍ ലിസ്റ്റിലെ ആദ്യ പേരു തന്നെ പാരഗണായിരുന്നു! സംഘികളുടെ ചാണകക്കെണിയില്‍ പെട്ടു ഉള്ള കച്ചവടവും പോയിക്കിട്ടിയപ്പോള്‍ ഹോട്ടലുകാര്‍ വിശദീകരണവുമായി ഇറങ്ങിയിരിക്കുന്നു ഈ സംഭവവും താങ്കളുടെ മുക്കിയ പോസ്റ്റും തമ്മിലെന്ത് ബന്ധം? സുരയും കൂട്ടരും നന്നായി ഭീഷണിപ്പെടുത്തി അല്ലേ??? അല്ലേലും ചാണകങ്ങള്‍ ഭീരുക്കള്‍ തന്നെ എന്നായിരുന്നു ഒരാള്‍ കുറിച്ച കമന്റ്.

നന്നായി അത്. വായില്‍ തോന്നിയത് വാര്യര്‍ക്ക് പറയാം. പക്ഷെ രാജ്യം ഭരിയ്ക്കുന്ന എറ്റവും ശക്തം ആയ പ്രസ്ഥാനത്തിന്റെ വക്താവിന് പറയാന്‍ ചില ഉത്തരവാദിത്വങ്ങള്‍ പാലിക്കേണ്ടതില്ലേ ? സഹവര്‍ത്തിത്വം ,സഹജീവനം ഒക്കെ വണ്‍ വെ അല്ലല്ലൊ വാര്യരെ അത് ഭാരതത്തിലെ ബഹുസ്വര പൊതു സമൂഹത്തിന് വില്‍ക്കുന്ന ഭക്ഷണത്തില്‍ പോലും വര്‍ഗീയ മുദ്ര വേണം എന്ന് ശഠിക്കുന്നവരോടാണു പറയേണ്ടത് ഹിന്ദുവിനോടല്ല അവിടെ ആണ് വാര്യര്‍ക്ക് തെറ്റിയത് തെറ്റ് തിരുത്തിയത് നല്ലത് എന്നാണ് ഒരു ബിജെപി അനുഭാവി പങ്കുവച്ച കമന്റ്. സന്ദീപ് വാര്യര്‍ ആദ്യം പങ്കുവച്ച നിലപാടാണ് ശരിയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.












Click it and Unblock the Notifications