'വേണേല്‍ അടുത്ത വാര്‍ത്തക്ക് സ്‌കോപ്പുണ്ട്..'; പുറത്താക്കിയതിന് പിന്നാലെ നേതാക്കളെ ട്രോളി സന്ദീപ് വാര്യര്‍
കോട്ടയം: ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ പാര്‍ട്ടി നേതാക്കളെ പരോക്ഷമായി ട്രോളി സന്ദീപ് ജി. വാര്യര്‍. പാര്‍ട്ടിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിച്ചെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സന്ദീപ് വാര്യരെ ബി ജെ പി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയത്. കഴിഞ്ഞ ദിവസം തന്നെ സന്ദീപ് വാര്യര്‍ക്കെതിരെ നടപടി ഉണ്ടായേക്കും എന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ സന്ദീപ് വാര്യര്‍ നേതൃത്വത്തെ പരോക്ഷമായി ട്രോളി പോസ്റ്റ് പങ്കുവെച്ചത്. സന്ദീപ് വാര്യര്‍ക്കെതിരെ നടപടി സംബന്ധിച്ച ആ സമയത്ത് ഔദ്യോഗിക അറിയിപ്പ് ഒന്നും ഇല്ലായിരുന്നു. പട്ടാമ്പി കൊപ്പത്ത് രായിരനെല്ലൂര്‍ മലയുടെ താഴ്‌വാരത്ത് മൊബൈല്‍ ടവര്‍ സ്ഥാപിച്ച വിവരം പങ്കുവെച്ചായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഇതിന്റെ ഏറ്റവും അവസാനം 'വേണേല്‍ അടുത്ത വാര്‍ത്തക്ക് സ്‌കോപ്പുണ്ട്. സന്ദീപ് വാര്യര്‍ക്ക് മുകേഷ് അംബാനിയുമായി ബന്ധം. 80 ലക്ഷത്തിന്റെ അനധികൃത ടവര്‍ കൊണ്ട് വന്നു എന്ന വാചകവും ഉണ്ടായിരുന്നു. പോസ്റ്റ് പങ്കുവെച്ചപ്പോള്‍ തന്നെ അവസാനം പറഞ്ഞത് നേതൃത്വത്തെ ഉദ്ദേശിച്ചാണ് എന്ന തരത്തില്‍ ചിലര്‍ കമന്റ് ചെയ്തിരുന്നു.

ഇതിന് ശേഷമാണ് കോട്ടയത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം സന്ദീപ് വാര്യരെ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചത്. സംഘടനാപരമായ നടപടിയാണെന്നും പുറത്ത് പറയേണ്ട കാര്യമില്ല എന്നും പറഞ്ഞാണ് സുരേന്ദ്രന്‍ വിവരം അറിയിച്ചത്. പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികള്‍ ആണ് സന്ദീവ് വാര്യര്‍ക്കെതിരെ ബി ജെ പി നേതൃത്വത്തിന് പരാതി നല്‍കിയത്.

നാല് ജില്ലാ അധ്യക്ഷന്മാരാണ് സന്ദീപ് വാര്യര്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ സന്ദീപ് വാര്യര്‍ മടങ്ങുകയും ചെയ്തിരുന്നു. പാര്‍ട്ടിയെ ഉപയോഗിച്ച് സന്ദീപ് ലക്ഷങ്ങള്‍ തട്ടിയെന്നാണ് സന്ദീപ് വാര്യര്‍ക്കെതിരായ പരാതി. പെട്രോള്‍ പമ്പിന്റെ പേരില്‍ പണം പിരിച്ചുവെന്ന പേരില്‍ പരാതിയാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഉയര്‍ന്നത്.

ജില്ലാ പ്രസിഡന്റുമാര്‍ തന്നെ പരാതിയുമായി എത്തിയതോടെ ആണ് വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ബി ജെ പി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. നേരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള ഷാജ് കിരണും സന്ദീപ് വാര്യരും കര്‍ണാടക ഊര്‍ജ്ജമന്ത്രി വി സുനില്‍ കുമാറിന്റെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തായതും വിവാദമായിരുന്നു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'പട്ടാമ്പി കൊപ്പത്ത് രായിരനെല്ലൂര്‍ മലയുടെ താഴ് വാരത്ത് മൊബൈല്‍ റേഞ്ച് ഇല്ലാതെ പഠിക്കാന്‍ പോലും കുട്ടികള്‍ കഷ്ടപ്പെട്ടിരുന്നു. ബിഎസ്എന്‍എല്‍ അട്ടപ്പാടിയിലെ ഊരുകള്‍ക്ക് പരിഗണന നല്കുന്നതിനാലും സാങ്കേതിക പ്രശ്‌നങ്ങളാലും ടവര്‍ ഉടന്‍ സ്ഥാപിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുന്നു. ഒടുവില്‍ അവിടത്തെ പഞ്ചായത്ത് മെമ്പര്‍ ബന്ധപ്പെട്ടു.

കേരളത്തിലെ മുഴുവന്‍ സര്‍വീസ് പ്രൊവൈഡര്‍മാരുമായും സംസാരിച്ചു. ആ പ്രദേശത്ത് ടവര്‍ സ്ഥാപിക്കുന്നത് സാങ്കേതികമായി വലിയ ചിലവുള്ള കാര്യമായതിനാല്‍ ആരും തയ്യാറായില്ല. കുട്ടികളുടെ വിദ്യാഭ്യാസം മുതല്‍ ആശുപത്രി ആവശ്യങ്ങള്‍ വരെ നടത്താന്‍ ആ ഗ്രാമം അനുഭവിച്ച പ്രയാസം വളരെ വലുതാണ്. ഒടുവില്‍ മുംബൈയില്‍ ശങ്കരേട്ടനെ ബന്ധപ്പെട്ടു. മുകേഷ് അംബാനിയുടെ ടീമിലെ അദ്ദേഹവുമായി വളരെ അടുത്ത മലയാളി.

അംബാനിയുടെ ഓഫിസില്‍ നിന്നും നിര്‍ദേശം വന്നു. 80 ലക്ഷം രൂപ ചിലവില്‍ ജിയോ ഇന്നലെ അവിടെ പുതിയ ടവര്‍ തുടങ്ങി. മൊബൈല്‍ റേഞ്ച് വന്നത് ആ ഗ്രാമം അക്ഷരാര്‍ത്ഥത്തില്‍ ആഘോഷിച്ചു.
വേണേല്‍ അടുത്ത വാര്‍ത്തക്ക് സ്‌കോപ്പുണ്ട് . സന്ദീപ് വാര്യര്‍ക്ക് മുകേഷ് അംബാനിയുമായി ബന്ധം . 80 ലക്ഷത്തിന്റെ അനധികൃത ടവര്‍ കൊണ്ട് വന്നു ...''












Click it and Unblock the Notifications