സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ബിജെപി കൗണ്‍സിലര്‍ അറസ്റ്റില്‍
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ബി ജെ പി കൗണ്‍സിലര്‍ അറസ്റ്റില്‍. വി ജി ഗിരികുമാറാണ് അറസ്റ്റിലായത്. പിടിപി നഗര്‍ വാര്‍ഡ് കൗണ്‍സിലറാണ് ഗിരികുമാര്‍. ഇദ്ദേഹത്തിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതിന് മുമ്പ് അറസ്റ്റിലായവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

നേരത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകനായ കരുമംകുളം സ്വദേശി ശബരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാത്രിയായിരുന്നു ശബരിയെ അറസ്റ്റ് ചെയ്തത്. ആശ്രമം കത്തിച്ച ദിവസം ശബരി നേരിട്ടെത്തിയതായി കണ്ടിരുന്നു. നേരത്തെ അറസ്റ്റിലായവരെ കുറിച്ച് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു ഇത്. സംഭവം നടന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ എന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനായത്. ഇടത് സഹയാത്രികനായ സന്ദീപാനന്ദഗിരി സംഘപരിവാറിന്റെ നിശിത വിമര്‍ശകനായിരുന്നു. സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന നാല് കാറും ആശ്രമത്തിന്റെ മുന്‍വശവുമായി അഗ്‌നിക്കിരയാക്കിയത്.
ആശ്രമത്തില്‍ 50 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായി എന്നാണ് കണക്ക്. സംഭവം നടക്കുമ്പോള്‍ സന്ദീപാനന്ദഗിരിയും അനുയായികളും ആശ്രമത്തിലുണ്ടായിരുന്നു. . 2018 ഒക്ടോബര്‍ 27-ന് പുലര്‍ച്ചെയായിരുന്നു തീപിടുത്തമുണ്ടായത്. തീ കത്തിച്ച ശേഷം ആശ്രമത്തിന് മുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിട്ടുണ്ടായിരുന്നു.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനളില്‍ നിന്ന് ഭീഷണി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആശ്രമം കത്തിയത്. കേസില്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
തീ കത്തിച്ചത് പെട്രോളൊഴിച്ച് എന്നതിന് അപ്പുറം മറ്റ് തെളിവുകളൊന്നും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടില്ല. അന്തിമമായി ചില കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആറ് മാസത്തിലധികം പൊലീസിന്റെ പ്രത്യേകസംഘമാണ് കേസ് അന്വേഷിച്ചത്. പിന്നീടാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്ന് ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന ടോമിന്‍ തച്ചങ്കരി അടക്കമുള്ളവര്‍ നേരിട്ടെത്തിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്നത്.












Click it and Unblock the Notifications