'മമ്മൂട്ടിയുടെ നെഞ്ചത്ത് ഇവൻ ഇടിക്കുമോ? മഹേഷിന്റെ നെഞ്ച് ഇടിച്ച് കലക്കി,ആശുപത്രിയിലായി';ശാന്തിവിള ദിനേശ്
'മധുരനൊമ്പരക്കാറ്റ്' എന്ന സീരിയൽ ലൊക്കേഷനില്‍ വെച്ച് അസിസ്റ്റൻറ് ഡയറക്‌ടർ പ്രമുഖ നടന്‍ മഹേഷിനെ അക്രമിച്ച സംഭവം കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. അക്രമം നടത്തിയ ജിജോ ജോൺസൺ എന്ന അസിസ്റ്റൻറ് ഡയറക്‌ടറെ സംവിധായകന്‍ ശരത് സത്യ ഉടന്‍ തന്നെ സീരിയലില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ എന്തുകൊണ്ട് ഇത്തരത്തിൽ അതിക്രമം കാണിച്ചൊരാൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ആത്മയോ ഫെഫ്ക-മലയാളം ഡിജിറ്റൽ ടെലിവിഷൻ യൂണിയനോ (എംഡിടിവി) തയ്യാറാകാത്തത് എന്ന് ചോദിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ലൈറ്റ് ആക്ഷൻ ക്യാമറ എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് വിഷയത്തെ കുറിച്ച് ശാന്തിവിള സംസാരിക്കുന്നത്.
ദിനേശിന്റെ വാക്കുകൾ ഇങ്ങനെ-'മമ്മൂട്ടി ഇപ്പോൾ വളരെ സോഫ്റ്റായി. എല്ലാവരോടും വഴങ്ങുന്ന ആളായി. മമ്മൂക്ക വന്ന 80 കാലഘട്ടം ഇപ്പോൾ ആയിരുന്നെങ്കിൽ അസിസ്റ്റന്റ് ഡയറക്ടർമാർ എന്ന് പറയുന്ന തെമ്മാടിക്കൂട്ടം അദ്ദേഹത്തിന്റെ മുഖത്തിട്ട് കുത്തിയേനെ. സീനിയർ ആണെന്നോ ബഹുമാനിക്കേണ്ട ആളാണെന്നോ , സഭ്യതയോടെ പെരുമാറണമെന്നോ എന്നുള്ള ബോധം ഇപ്പോഴത്തെ ആൾക്കാർക്ക് ഇല്ലെന്ന് തെളിയിക്കുന്ന നിരവധി കഥകളാണ് ദിവസവും കേൾക്കുന്നത്. ഞാൻ വലയം എന്ന സീരിയൽ ചെയ്യുന്ന സമയത്ത് എന്റെ നാട്ടിലെ ഒരു പയ്യനെ പ്രൊഡക്ഷൻ മാനേജരാക്കി. അവൻ നിരന്തരം എന്നെ അവസരം ചോദിച്ച് ശല്യം ചെയ്തിരുന്നു. അഭിനയിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ അത് അവനെ കൊണ്ട് കഴിയില്ല. അതിനാൽ ഈ പണി കൊടുത്തു. ഞാൻ ചെയ്ത തെറ്റാണത്.

ആ സീരിയലിൽ മീനാക്ഷി എന്ന പെൺകുട്ടിയാണ് നടിയായി അഭിനയിച്ചത്. ആ സമയത്ത് തന്നെ ജ്വാല എന്ന സീരിയലിലും മീനാക്ഷി ചെയ്യുന്നുണ്ട്. ഒരിക്കൽ നമ്മുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് പിന്നാലെ തനിക്ക് കോഴിക്കോട് പോകണമെന്ന് മീനാക്ഷി പറഞ്ഞു. ചോദിച്ചപ്പോൾ പറഞ്ഞത് ജ്വാല എന്ന സീരിയലിൽ അടുത്ത ദിവസം ഷൂട്ടുണ്ട്, സീരിയലിന് വേണ്ട വസ്ത്രം കോഴിക്കോടാണെന്ന്. അതെടുത്ത് അടുത്ത ദിവസം തിരുവനന്തപുരത്തേക്ക് മടങ്ങുമെന്ന്. അവർ കഷ്ടപ്പെടേണ്ടെന്ന് ഓർത്ത് ഭർത്താവിനോട് പോകാൻ പറയൂവെന്ന് ഞാൻ നിർദേശിച്ചു. അങ്ങനെ അദ്ദേഹം പോയി.
അടുത്ത ദിവസം മീനാക്ഷി എന്നെ വന്ന് കണ്ടു. ചേട്ടാ ലൊക്കേഷനിലേക്ക് കൊണ്ടുവരുന്ന വഴി പ്രൊഡക്ഷൻ മാനേജർ പയ്യൻ തന്നോട് വൃത്തികേട് പറഞ്ഞെന്ന്. ഭർത്താവ് ഇല്ലല്ലോ വേണമെങ്കിൽ ഞാൻ വന്ന് കിടക്കാമെന്നാണത്രേ അവൻ പറഞ്ഞത്. അവൾ പരാതി പറഞ്ഞപ്പോൾ ഞാൻ സമാധാനിപ്പിച്ചു വിട്ടു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെ വിളിച്ച് ഞാൻ പറഞ്ഞു ഞാൻ ഇന്ന് ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങി വരുമ്പോൾ ഞാൻ മാനേജരായി വെച്ചിരിക്കുന്ന ആ പയ്യനെ എന്റെ മുന്നിൽ കാണാൻ പാടില്ലെന്ന്. പക്ഷെ ഞാൻ വൈകീട്ട് എത്തിയപ്പോൾ അവൻ ഗസ്റ്റ് ഹൗസിന് മുന്നിലുണ്ട്.
ചേട്ടാ എനിക്കൊരു അബദ്ധം പറ്റി, മാപ്പ് തരണമെന്ന് പറഞ്ഞു. പക്ഷെ ഞാൻ അപ്പോൾ തന്നെ പറഞ്ഞുവിട്ടു. ഇതുപോലെ താന്തോന്നികളായ പലരും സിനിമയിലും സീരിയലിലുമൊക്കെ ജോലി ചെയ്യുന്നുണ്ട്. 40 വർഷമായി സിനിമ മേഖലയിൽ ഉള്ള നടൻ മഹേഷ് കുമാറിനെയാണ് അടുത്തിടെ മധുരനൊമ്പരക്കാറ്റ് എന്ന സീരിയലിലെ സംവിധാന സഹായി ആക്രമിച്ചത്. സ്ക്രിപ്റ്റ് വായിക്കാൻ ചോദിച്ചതായിരുന്നു. അതുകൊടുത്തില്ല. അവസാനം സീൻ എടുക്കാൻ നേരം സ്ക്രീപ്റ്റ് ഇല്ലാതെ അഭിനയിക്കാനാകില്ലെന്ന് പറഞ്ഞപ്പോൾ ഇയാൾ നെഞ്ചിൽ ഇടിച്ചു. ഹാർട്ടിൽ ബ്ലോക്ക് കാരണം ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ ആളാണ് മഹേഷ്. മഹേഷ് ഒരു പാവം ആയതുകൊണ്ട് ഒന്നും ചെയ്തില്ല.
മഹേഷ് എന്നെ വിളിച്ച് പറഞ്ഞു, കരയുന്ന അവസ്ഥയിലായിരുന്നു. ഞാൻ ആത്മയിൽ വിളിച്ചു. അപ്പോൾ ആത്മ ജനറൽ സെക്രട്ടറി ദിനേഷ് പണിക്കർ പറഞ്ഞത് ഫെഫ്കയിൽ പരാതി കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന്. പോലീസിൽ പരാതി കൊടുക്കാൻ പോലും അവർ ചയ്യാറായിട്ടില്ല. കൂടെ അഭിനയിക്കുന്ന ഒരുത്തൻ പോലും ഈ അതിക്രമത്തിനെതിരെ പ്രതികരിച്ചില്ല.
ഈ അടിച്ചവനെ ഞാൻ വിളിച്ചു, മമ്മൂട്ടിയെ ആണെങ്കിലും നീ തിരിച്ചടിക്കുമോയെന്ന് ചോദിച്ചു. അവൻ ചോദിച്ചത് സാറിനെയാണ് അടിച്ചതെങ്കിൽ താൻ തിരിച്ചടിക്കുമോയെന്നാണ്. അവൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് തോന്നുന്നു. എന്തായാലും ഫെഫ്കയുടെ ടിവി സംഘടന ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രസ്താവനയിൽ പറയുന്നത്. അക്രമ വാസനയുള്ളവർക്ക് ഫെഫ്ക അംഗത്വം കൊടുക്കില്ലെന്നുമൊക്കെ പറയുന്നുണ്ട്. ഞാൻ ചോദിക്കുന്നത് എന്തുകൊണ്ടാണ് ആ തെമ്മാടിക്കെതിരെ പോലീസിൽ പരാതികൊടുക്കാത്തത്. ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ ഇന്ന് മഹേഷിന് സംഭവിച്ചത് മറ്റുള്ള താരങ്ങൾക്കും സംഭവിക്കാം', ശാന്തിവിള ദിനേശ് പറഞ്ഞു.












Click it and Unblock the Notifications