ശാസ്ത്ര സാഹിത്യ പരിഷത്ത് അശാസ്ത്രീയത പ്രചരിപ്പിക്കുന്നു; തീവ്ര ഇടതുപക്ഷക്കാരുടെ പിടിയിലെന്ന് സിപിഎം
ആലപ്പുഴ: ശാസ്ത്ര സാഹിത്യ പരിഷത്തിനെതിരെ ആഞ്ഞടിച്ച് സി പി ഐ എം ആലപ്പുഴ ജില്ല സെക്രട്ടറി. അശാസ്ത്രീയതയുടെ പ്രചാരകരായി ശാസ്ത്ര സാഹിത്യ പരിഷത്ത് മാറിയിരിക്കുകയാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ആരോപിച്ചു. കെ - റെയിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെതിരായ നിലപാട് ശാസ്ത്ര സാഹിത്യ പരിഷത്ത് സ്വീകരിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി സി പി ഐ എം രംഗത്തെത്തിയത്. ശാസ്ത്ര സാഹിത്യ പരിഷത്തിലെ ഒരു വിഭാഗം തീവ്ര ഇടതുപക്ഷക്കാരുടെ പിടിയിലായതായി സംശയിക്കുന്നുവെന്നാണ് നാസര്‍ പറയുന്നത്.
ലോകത്താകെ ഇത്തരക്കാരുടെ മുന്നേറ്റമുണ്ടെന്നും സ്റ്റാലിനെ മുന്‍നിര്‍ത്തി, റഷ്യയിലുള്‍പ്പെടെ തീവ്ര ഇടതുപക്ഷം വളരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ പ്രതിഫലനവും അനുരണനങ്ങളുമാകാം ശാസ്ത്ര സാഹിത്യ പരിഷത്തിലും കാണുന്നതെന്നും നാസര്‍ പറഞ്ഞു. കെ - റെയില്‍ പോകുന്നതിന്റെ ഇരു വശത്തുമുള്ളവരെ കണ്ട് സര്‍വേ നടത്തിയാല്‍ അവര്‍ അനുകൂലിക്കില്ല. ഇത് ശാസ്ത്ര സാഹിത്യ പരിഷത്തുകാര്‍ക്ക് ബോധ്യമാകാത്തത് കഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യായമായ നഷ്ടപരിഹാരം കിട്ടുമ്പോള്‍ പലരും പിന്മാറുമെന്നും ദേശീയപാതയ്ക്കായി സ്ഥലമെടുപ്പിന് പണം കിട്ടിയവര്‍ക്ക് ഇത് ബോധ്യമായിട്ടുണ്ടെന്നും നാസര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കടം, കടഭാരം എന്നിവ സംബന്ധിച്ചു ശാസ്ത്ര സാഹിത്യ പരിഷത്ത് പരത്തുന്നത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ വിഭജിക്കുമെന്നും നീരൊഴുക്ക് തടസപ്പെടുത്തുമെന്നുമെല്ലാം കെ - റെയിലിന്റെ പേരില്‍ പ്രചരിപ്പിക്കുന്നുണ്ട്. റെയില്‍വേ വികസനത്തിന് തടസം ഇവിടത്തെ സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യമില്ലായ്മയാണെന്നും വാദിക്കുന്നു.

ഇത് ആര്‍ എസ് എസ്, ജമാ അത്തെ ഇസ്ലാമി, കോണ്‍ഗ്രസ്, ബി ജെ പി സംഘടനകള്‍ ആയുധമാക്കുകയാണ് എന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സി പി ഐ എം നിലപാട് തള്ളി ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തെത്തി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പാരിസ്ഥിതിക - സാമൂഹിക ആഘാത പഠനത്തിന്റെ റിപ്പോര്‍ട്ട് വരുന്നത് മുന്നില്‍ കണ്ടാണ് തങ്ങള്‍ക്കെതിരായ ഇത്തരം പ്രതികരണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി പി ഗോപകുമാര്‍ പറഞ്ഞു. എന്നാല്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് ഇത് സംബന്ധിച്ച് ലഘുലേഖയിറക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങള്‍ കെ - റെയില്‍ സംബന്ധിച്ച് ലഘുലേഖയിറക്കുക അല്ലാതെ ഒരു പ്രതിഷേധത്തിനും പോയിട്ടില്ല. പരിഷത്തിന്റെ നേതൃത്വത്തില്‍ കെ - റെയിലിന്റെ ഇരുവശത്തും താമസിക്കുന്നവരുടെ വിവരങ്ങളും പാരിസ്ഥിതിക സവിശേഷതകളും സംബന്ധിച്ചു പഠനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനങ്ങള്‍ നിലവില്‍ വിശകലനം ചെയ്ത് വരികയാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠന റിപ്പോര്‍ട്ട് ഉടനെ പുറത്തു വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശാസ്ത്രീയമായി കാര്യങ്ങള്‍ അപഗ്രഥിച്ച് ജനങ്ങള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായാണിതെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി പി ഗോപകുമാര്‍ വിശദീകരിച്ചു. നേരത്തെ ജനങ്ങളുമായി ചര്‍ച്ചചെയ്യാതെ കെ - റെയിലുമായി മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വിമര്‍ശിച്ചിരുന്നു. കെ - റെയില്‍ സമ്പന്നരുടെ പദ്ധതിയെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിമര്‍ശനം. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിമര്‍ശനം യു ഡി എഫും ആയുധമാക്കിയിരുന്നു. ഇതോടെയാണ് സി പി ഐ എം ശാസ്ത്ര സാഹിത്യ പരിഷത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്.












Click it and Unblock the Notifications