രഹസ്യ ധാരണ 'പുറത്ത്'... ഒന്ന് 'പൊളിഞ്ഞു'; സിപിഎമ്മിന് എന്ത് അവകാശമെന്ന് മുരളീധരന്‍, കളി രണ്ടിടത്ത്
കൊച്ചി: പത്രികാ സമര്‍പ്പണം പൂര്‍ത്തിയാക്കി പ്രചാരണം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കെ വ്യത്യസ്തമായ രാഷ്ട്രീയ നീക്കങ്ങളാണ് കേരളത്തില്‍. രഹസ്യധാരണകള്‍ വഴി അന്തര്‍ധാര സജീവമാണ് എന്ന ആരോപണവുമായി ഇടതുപക്ഷവും യുഡിഎഫും രംഗത്ത്. രണ്ട് മണ്ഡലങ്ങളില്‍ ബിജെപിയെ ജയിപ്പിക്കാന്‍ സിപിഎം ഡീല്‍ ഉണ്ടാക്കി എന്നാണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ പറയുന്നത്.
അതേസമയം, എസ്ഡിപിഐയുമായി കോണ്‍ഗ്രസ് മറ്റൊരു ഡീലുണ്ടാക്കി എന്നാണ് സിപിഎം ആരോപണം. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഈ ആരോപണം ഉന്നയിച്ച പിന്നാലെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവര്‍ത്തിച്ചു. അധികം വൈകാതെ എസ്ഡിപിഐയുടെ വോട്ട് വേണ്ട എന്ന് വ്യക്തമാക്കി യുഡിഎഫ് നേതൃത്വം രംഗത്തുവന്നു.

തൃശൂരിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്ന് കരുവന്നൂര്‍ ബാങ്ക് അഴിമതിയാണ്. ബിജെപിയാണ് വിഷയം പ്രധാനമായും ഉന്നയിക്കുന്നത്. ഒരു ഗ്രാമത്തെ മാത്രം ബാധിക്കുന്ന വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഉന്നയിക്കുന്നതിന് പിന്നില്‍ മറ്റു ചില അജണ്ടകളാണ് എന്ന് ഇടതുപക്ഷം പറയുന്നു. കരുവന്നൂരില്‍ ഇഡി നീക്കം തുടങ്ങിയതോടെയാണ് രഹസ്യഡീല്‍ ആരോപിച്ച് മുരളീധരന്‍ രംഗത്തെത്തിയത്.
കരുവന്നൂരിലെ ഇഡിയുടെ വരവ് ഡീലിന്റെ ഭാഗമാണ് എന്ന് യുഡിഎഫ് ക്യാംപ് സംശയിക്കുന്നു. നേതാക്കളുടെ അറസ്റ്റ് ഒഴിവാക്കുന്നതിന് ബിജെപിയെ സഹായിക്കാന്‍ സിപിഎം തയ്യാറാകുമെന്നതാണത്രെ ഡീല്‍. തൃശൂരും തിരുവനന്തപുരവും വോട്ട് മറിക്കാനാണ് തീരുമാനം എന്നും കെ മുരളീധരന്‍ പറയുന്നു. എന്നാല്‍ തനിക്ക് ഇതിലൊന്നും യാതൊരു ഭയവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ സിപിഎമ്മിന് എന്ത് അവകാശം എന്നായിരുന്നു കെ മുരളീധരന്റെ മറുചോദ്യം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് സിപിഎം സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിക്കാണ് വോട്ട് ചെയ്തത് എന്ന് എസ്ഡിപിഐ വ്യക്തമാക്കിയിരുന്നല്ലോ എന്നും മുരളീധരന്‍ പറഞ്ഞു.
യുഡിഎഫും എസ്ഡിപിഐയും തമ്മിലുണ്ടാക്കിയത് ഒരു ഡീല്‍ ആണ് എന്ന് സിപിഎം ആരോപിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡീല്‍ ആണ് എന്നാണ് ആരോപണം. ഇതില്‍ മുസ്ലിം ലീഗിനും പങ്കുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഡിപിഐ പിന്തുണ ആദ്യം വിവാദമാക്കിയത് ബിജെപിയായിരുന്നു. പിന്നെ ഇടതുപക്ഷവും ഏറ്റെടുത്തു. ഇതോടെ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ് നേതൃത്വം അറിയിക്കുകയായിരുന്നു.
ദേശീയ തലത്തില്‍ ബിജെപി ഇത്തരം വിഷയങ്ങള്‍ വലിയ പ്രചാരണ ആയുധമാക്കുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ പ്രതികരിക്കുകയും ചെയ്തു. ഇടതുപക്ഷവും സജീവ ചര്‍ച്ചയാക്കിയതോടെയാണ് എസ്ഡിപിഐ പിന്തുണ വേണ്ട എന്ന് വിഡി സതീശനും എംഎം ഹസനും വ്യക്തമാക്കിയത്. എന്നാല്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം വിഷയം ചര്‍ച്ച ചെയ്യുമെന്ന് എസ്ഡിപിഐ പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പ്രതികരിച്ചു.












Click it and Unblock the Notifications