നടൻ പുല്ലേരി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു
കണ്ണൂർ; ചലച്ചിത്ര നടൻ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. കണ്ണൂരിൽ വെച്ചായിരുന്നു അന്ത്യം.കൊവിഡ് ബാധിതനായ അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു.
Recommended Video
മൂന്ന് ആഴ്ച മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. തുടർന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.ആ സമയത്ത് കൊവിഡ് നെഗറ്റീവായിരുന്നു. ഇതോടെ ന്യുമോണിയ ഭേദമായതിനെ തുടർന്ന് വീട്ടിലെത്തി. എന്നാൽ രണ്ട് ദിവസത്തിന് ശേഷം വീണ്ടും പനി ബാധിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസറ്റീവായത്. രണ്ട് ദിവസം ഐസിയുവിൽ തുടർന്നെങ്കിലും ആരോഗ്യം വീണ്ടെടുത്തു വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്.

തന്റെ 76ാം വയസിലാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി സിനിമയില് അഭിനയിക്കുന്നത്. 1996ല്‍ ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന സിനിമയിലായിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ചത്. ഒരാള്‍ മാത്രം, കൈക്കുടന്ന നിലാവ്, ഗര്‍ഷോം, കല്യാണരാമന്‍ എന്നിവയുള്‍പ്പെടെ പന്ത്രണ്ടോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ചന്ദ്രമുഖി ഉള്‍പ്പെടെ മൂന്ന് തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്.
ഭാര്യ: അന്തരിച്ച ലീല അന്തർജനം. മക്കൾ: ദേവകി, ഭവദാസൻ (കർണാടക ബാങ്ക് റിട്ട. സീനിയർ മാനേജർ), യമുന, ജസ്റ്റിസ്. പി.വി കുഞ്ഞികൃഷ്ണൻ (കേരള ഹൈക്കോടതി ജഡ്ജി).
മുഖ്യമന്ത്രി അനുശോചിച്ചു
ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഐ എമ്മിനോട് ആത്മബന്ധം പുലര്‍ത്തി.
കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications