'മുകേഷ് രാജിവെക്കുന്നതാണ് നല്ലത്'; കടുത്ത സമ്മര്‍ദ്ദവുമായി സിപിഐ, മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ബിനോയ് വിശ്വം
തിരുവനന്തപുരം: സിനിമാ നടിയുടെ ലൈംഗിക പീഡന ആരോപണം നേരിടുന്ന നടന്‍ മുകേഷ്, എം എല്‍ എ സ്ഥാനം രാജി വെക്കണമെന്ന് സിപിഐ. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുകേഷ് രാജി വെക്കാനായി ബിനോയ് വിശ്വം കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
മുകേഷ് രാജി വെക്കുന്നതാണ് ഉചിതം എന്ന പാര്‍ട്ടിയുടെ നിലപാട് മുഖ്യമന്ത്രിയെ ബിനോയ് വിശ്വം നേരിട്ടറിയിച്ചു എന്നാണ് വിവരം. സംസ്ഥാന നിര്‍വാഹക സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരില്‍ കണ്ടത്. മുകേഷിനെതിരെ ഇന്ന് പൊലീസ് കേസെടുത്തു. ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത് ഇടത് നിലപാട് അല്ലെന്ന വികാരമാണ് സിപിഐ യോഗത്തില്‍ ഉയര്‍ന്നത്.

ഇതാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചത്. നേരത്തെ ആനി രാജ മുകേഷ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം അത്ര കടുപ്പിച്ച നിലപാടല്ല സ്വീകരിച്ചിരുന്നത്. എന്നാല്‍ വ്യാഴാഴ്ച ചേര്‍ന്ന സിപിഐ നിര്‍വാഹക സമിതിയില്‍ ഭിന്നത ഉണ്ടായിരുന്നെങ്കിലും മുകേഷ് എംഎല്‍എ സ്ഥാനമൊഴിയണമെന്ന നിലപാടാണ് പൊതുതീരുമാനമായി വന്നത്.
അതേസമയം മുകേഷ് ഉടന്‍ എംഎല്‍എ സ്ഥാനം ഒഴിയേണ്ടതില്ല എന്ന നിലപാടായിരുന്നു എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോന്‍ വണ്‍ഇന്ത്യ മലയാളത്തോട് പങ്ക് വെച്ചിരുന്നത്. മുകേഷിന്റെ എംഎല്‍എ സ്ഥാനം രാജി വെക്കുന്നത് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് എന്നും രാജി വെച്ച ശേഷം നിരപരാധിയാണ് എന്ന് തെളിഞ്ഞാല്‍ തിരികെ എംഎല്‍എയാകാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ മുകേഷിനെതിരായ ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിനിടെ മുകേഷിന്റെ അറസ്റ്റ് അടുത്ത മാസം 3 വരെ കോടതി തടഞ്ഞിട്ടുണ്ട്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. താരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെപ്തംബര്‍ മൂന്നിന് വിശദവാദം കേള്‍ക്കും എന്നും അതുവരെ അറസ്റ്റ് പാടില്ല എന്നുമാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
താരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ചാണ് കോടതിയുടെ ഇടപെടല്‍. ഐ പി സി 376(1) (ബലാത്സംഗം), ഐ പി സി 354 (സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം), ഐ പി സി 452 (അതിക്രമിച്ച് കടക്കല്‍), ഐ പി സി 509 (സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications