'എസ്എഫ്ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ല, പല വിഭാഗക്കാരുണ്ട്'; തിരുത്തൽ വേണമെന്നും എകെ ബാലൻ
തിരുവനന്തപുരം: ഇടത് വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐക്കെതിരെ നിരന്തരം ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ. സംഘടനയിൽ തിരുത്തൽ വേണമെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എകെ ബാലൻ അഭിപ്രായപ്പെട്ടത്. എസ്എഫ്ഐ ഒരിക്കലും സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെറ്റായ പ്രവണതകൾ തിരുത്തേണ്ടത് സംഘടനയുടെ ഉത്തരവാദിത്തം ആണെന്നും എകെ ബാലൻ പറഞ്ഞു. ഇടത് സംഘടനയുടെ അടിസ്ഥാന സ്വഭാവത്തില്‍ ഉള്‍പ്പെടാത്തവരും സംഘടനയിൽ പ്രവർത്തിക്കുണ്ടെന്നും അദ്ദേഹം പറയുന്നു. വിവിധ വിഷയങ്ങളിൽ എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ ശക്തമാവുന്ന ഘട്ടത്തിലാണ് എകെ ബാലന്റെ പ്രതികരണം.

'അന്യവര്‍ഗ വിഭാഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഉണ്ടായതുപോലെയുള്ള ചാപല്യങ്ങൾ എസ്എഫ്‌ഐയെ മുന്‍പും ബാധിച്ചിട്ടുള്ളതാണ്. എന്നാൽ അപ്പോഴെല്ലാം തിരുത്തല്‍ നടപടികളും നിലപാടുകളും ഉണ്ടായി. ഇപ്പോഴത്തെ പ്രവണതകള്‍ നേതൃത്വത്തിന്റെ അറിവോടെ ആകണമെന്നില്ല' ബാലൻ വ്യക്തമാക്കി.
'മറ്റ് വിദ്യാർഥി സംഘടനകളുടെ ജീർണതകൾക്കെതിരെ വിദ്യാർഥി മനസിന്റെ പിന്തുണ നേടിയ പ്രസ്ഥാനമാണ് എസ്എഫ്ഐ. അതിൽ നിന്ന് ഒരുതരി പോലും പിന്നാക്കം പോകരുത്. എസ്എഫ്ഐയിൽ ഇപ്പോൾ പല വിഭാഗക്കാരുമുണ്ട്. എന്നാൽ സഖാക്കളായ സംഘടനാ പ്രവർത്തകരെ തിരുത്താൻ മാത്രമേ സിപിഎമ്മിനു കഴിയൂ' എകെ ബാലൻ കൂട്ടിച്ചേർത്തു.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ നടപടിയെടുത്തത് ചൂണ്ടിക്കാട്ടിയ എകെ ബാലൻ, പക്ഷേ കൊയിലാണ്ടി ഗുരുദേവ കോളേജിൽ നടന്ന സംഭവത്തിൽ പ്രിൻസിപ്പലിനെ കുറ്റപ്പെടുത്തി. പ്രിൻസപ്പലിന്റെ ഭാഗത്ത് നിന്ന് അരുതാത്തത് സംഭവിച്ചു എന്നായിരുന്നു എകെ ബാലന്റെ വിമർശനം.
അതേസമയം, വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഉൾപ്പെടെ എസ്എഫ്ഐ പ്രതിരോധത്തിലായിരുന്നു. ക്യാമ്പസുകളിലെ റാഗിങ് തടയാൻ നടപടി ആവശ്യപ്പെട്ടിരുന്ന എസ്എഫ്ഐ തന്നെ ഇത്തരത്തിലൊരു സംഭവത്തിന്റെ ഭാഗമായതോടെ വലിയ വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നത്.
ഇതിന് പിന്നാലെയാണ് കൊയിലാണ്ടി ഗുരുദേവ കോളേജിൽ പ്രിൻസിപ്പലിനെ മർദ്ദിച്ച സംഭവവും നാണക്കേടാവുന്നത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്റെ കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് പ്രിന്‍സിപ്പല്‍ സുനിൽ കുമാറിന്റെ ആരോപണം. എന്നാൽ എസ്എഫ്ഐ പ്രവർത്തകനെ പ്രിൻസിപ്പൽ മർദിച്ചുവെന്നാണ് പ്രവർത്തകർ നൽകിയ മറുപടി. ഇതോടെ സംഭവം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.












Click it and Unblock the Notifications