'ഓടി രക്ഷപ്പെട്ട താനാണ് അടിയുടെ കാര്യം പൊലീസിനെ അറിയിച്ചതെന്ന് നിഖില്‍'; കോടതിയില്‍ പ്രതിഷേധം
ഇടുക്കി: പൈനാവ് എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ് എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ കൊലപാതകത്തില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രതികളെ കോടതി വളപ്പിലേക്കെത്തിക്കുമ്പോള്‍ തന്നെ വന്‍ പ്രതിഷേധവുമായി എസ്എഫ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളും, പ്രതികളെ അസഭ്യം വിളിക്കുകയും ചെയ്തു. പ്രതികള്‍ക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇവരെ മാറ്റുകയായിരുന്നു. കോടതിക്ക് വെളിയിവച്ച് പ്രതികളുമായെത്തിയ വാഹനത്തിന് നേരെ മുദ്രാവാക്യം വിളികളുമായി ഇവര്‍ പാഞ്ഞടുക്കുകയായിരുന്നു. ഏകദേശം 15 ഓളം പ്രവര്‍ത്തകരാണ് കോടതി പരിസരത്ത് ഉണ്ടായിരുന്നത്.
ഇവര്‍ പ്രതിഷേധം സംഘടിപ്പിക്കും എന്ന് മനസിലാക്കി പൊലീസ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഈ മാസം 25 വരെ കട്ടപ്പന കോടതി റിമാന്‍ഡ് ചെയ്തു. കൊലപാതകത്തെക്കുറിച്ച് പൊലീസിന്റെ പ്രത്യേകാന്വേഷണസംഘം അന്വേഷിച്ചേക്കും. പ്രഖ്യാപനം ഇന്ന് തന്നെ വരുമെന്നാണ് സൂചന. പന്ത്രണ്ട് മണിയോടെയാണ് ധീരജ് വധക്കേസിലെ പ്രതികളായ നിഖില്‍ പൈലിയെയും ജെറിന്‍ ജോജോയെയും കട്ടപ്പന കോടതിയില്‍ ഹാജരാക്കിയത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉടന്‍ പ്രവര്‍ത്തകരെ തടഞ്ഞ് വാഹനം കോടതി വളപ്പിലേക്ക് കടത്തിവിട്ടു. കോടതി വളപ്പിലേക്ക് പ്രവര്‍ത്തകരെ കയറാന്‍ അനുവദിച്ചില്ല.

അന്യായമായി സംഘം ചേര്‍ന്ന് എത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെത്തന്നെയാണ് ധീരജിനെയും അമലിനെയും കുത്തിയതെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം സെക്രട്ടറി നിഖില്‍ പൈലിയാണ് കുത്തിയത് എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥലത്ത് കെഎസ്‌യു നേതാവ് ജെറിന്‍ ജോജോ ഉണ്ടായിരുന്നുവെന്നും പറയുന്നു. മറ്റ് നാല് പ്രതികളും ഒളിവിലാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ കൂട്ടം കൂടി നിരവധി പേര്‍ തന്നെ ആക്രമിക്കാന്‍ വന്നപ്പോള്‍ ഓടി രക്ഷപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് നിഖില്‍ പൈലി കോടതിയില്‍ പറഞ്ഞത്. ഓടി രക്ഷപ്പെട്ട താനാണ് അടി നടക്കുന്ന വിവരം പൊലീസിനെ അറിയിച്ചതെന്നും, ധീരജിനെയും കൊണ്ട് വാഹനം കടന്നുപോകുന്നത് വരെ കത്തിക്കുത്ത് നടന്നത് അറിഞ്ഞിട്ടേയില്ലെന്നും ജെറിന്‍ ജോജോ കോടതിയില്‍ പറഞ്ഞു. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഓടി രക്ഷപ്പെടുന്നതിനിടയില്‍ കാട്ടില്‍ എറിഞ്ഞു കളഞ്ഞുവെന്നാണ് നിഖില്‍ പൈലി പൊലീസിന് മൊഴി നല്‍കിയത്. നിഖിലിനെയുമായി പൊലീസ് ഇടുക്കി കളക്ടറേറ്റിന് മുന്നിലെ റോഡിലും കുറ്റിക്കാട്ടിലും തെരച്ചില്‍ നടത്തിയെങ്കിലും കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താനും സാധിച്ചില്ല.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലയ്ക്ക് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നാണ് സിപിഎം ആരോപിക്കുന്നത്. കോളേജിന് പുറത്ത് നിന്നെത്തിയവര്‍ ഒറ്റക്കുത്തിനാണ് ധീരജിനെ കൊന്നത്. പരിശീലനം കിട്ടിയവരാണ് ആക്രമണം നടത്തിയത്. ഇതെല്ലാം ആസൂത്രിതമാണെന്നും സിപിഎമ്മും എസ്എഫ്‌ഐയും ആരോപിച്ചു. ഇതോടെയാണ് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.അതേസമയം, ധീരജിനൊപ്പം കുത്തേറ്റ് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള അഭിജിത്തിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നെഞ്ചിലെ മുറിവില്‍ പഴുപ്പ് കണ്ടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. അഭിജിത്തിനും നെഞ്ചിലാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ സ്വദേശിയും ഇടുക്കി പൈനാവ് എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിയുമായി ധീരജ് കുത്തേറ്റ് മരിച്ചത്.












Click it and Unblock the Notifications