ഷഹലയുടെ മരണം; പ്രതികരിച്ച വിദ്യാർത്ഥിനിക്കും അച്ഛനും ഭീഷണി, അപായപ്പെടുത്തുമോയെന്ന് ഭയം!
വയനാട്: ബത്തേരി സര്‍വജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകർ അടക്കമുള്ള അധികൃതർക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. പലരും സോഷ്യൽ മീഡിയയിലും നേരിട്ടും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. സഹപാഠിയുടെ മരണത്തിന് കാരണക്കാരായ അധ്യാപകരുടെ നസംഗതയെ ചോദ്യം ചെയ്ത് അതേ സ്കൂളിലെ വിദ്യാർത്ഥികളും രംഗത്തെത്തിയിരുന്നു.
എന്നാൽ മാധ്യമങ്ങളോട് പ്രതികരിച്ച വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി നാട്ടുകാർ തന്നെ രംഗത്തെത്തി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പ്രതികരിച്ച രക്ഷിതാക്കൾക്കും ഭീഷണിയുണ്ട്. അച്ഛനെ അപായപ്പെടുത്തുമോയെന്ന് പേടിയുണ്ടെന്ന് ഷഹലയുടെ കൂട്ടുകാരി വിസ്മയ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

നാട്ടുകാരുടെ ഭീഷണി
വിസ്മയയുടെ പിതാവ് രാജേഷാണ് എഷ്യാനെറ്റിൽ നാട്ടുകിരിൽ ചിലർ ഭീഷണി മുഴക്കുന്നതായി പ്രതികരിച്ചത്. സ്കൂളിനെ തകർക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഭീഷമിക്കാരുടെ വാദം. ബാലാവകാശ കമ്മീഷനിൽ വിദ്യാർഥികൾ മൊഴി നൽകിയ സാഹചര്യത്തിലാണ് ഭീഷണിയുമായി നാട്ടുകാരിൽ ചിലർ രംഗത്ത് വന്നിരിക്കുന്നത്.

ഇനിയും പ്രതികരിക്കും
"മക്കളെ ഓരോന്ന് പറഞ്ഞ് പഠിപ്പിച്ച് സ്കൂളിനെ തകര്‍ക്കാനാണ് ശ്രമമെങ്കിൽ, ചാനലുകാര്‍ ഇന്നല്ലെങ്കിൽ നാളെയങ്ങ് പോകും, നിങ്ങൾ അനുഭവിക്കും", എന്നാണ് നാട്ടുകാരുടെ ഭീഷണി. എന്നാൽ ഷഹലയുടെ കുടുംബത്തിന് വേണ്ടി ഇനിയും പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞുകൊടുത്തിട്ടല്ല മകൾ മാധ്യമങ്ങളോട് സംസാരിച്ചതെന്ന് പറഞ്ഞ രാജേഷ്, മകളെ കുറിച്ച് അഭിമാനമേയുള്ളുവെന്നും പറഞ്ഞു.

അദ്ധ്യയനം പുനരാരംഭിക്കും
സർവജന സ്‌കൂളിൽ അദ്ധ്യയനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്നുണ്ടാകും. വൈകീട്ട് 5 മണിക്ക് ബത്തേരി നഗരസഭ സർകക്ഷി യോഗം ചേരും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. അതേസമയം ബത്തേരി താലൂക്ക് ആശുപത്രിയിൽ ആന്റി വെനം ഉണ്ടായിരുന്നില്ലെന്ന ഡോക്റ്ററുടെ വാദം തള്ളി ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.

ആശുപത്രിയിൽ ആന്റിവനം ഉണ്ടായിരുന്നു
ആവശ്യത്തിന് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നതായി മാനേജ്മെൻറ് കമ്മിറ്റി വ്യക്തമാക്കി. കഴിഞ്ഞ മാസവും ആശുപത്രിയിൽ വിഷചികിൽസ നൽകിയിരുന്നെന്നും ആശുപത്രി മാനേജ്‌മെന്റ് സമിതിയംഗം സുരേഷ് താളൂർ പറഞ്ഞു. പാമ്പുകടിയേറ്റ ഷഹലക്ക് ആന്റിവെനം നൽകാതിരുന്നത് ആവശ്യത്തിന് മരുന്നില്ലാത്തതിനാലാണെന്ന് ആയിരുന്നു ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ മൊഴി. ഷഹലയെ കൊണ്ടുവരുമ്പോൾ ബന്ധുക്കളുടെ സമ്മതി പത്രം ഒപ്പിട്ടുവാങ്ങാൻ ആവശ്യമായ പേപ്പർ പോലും ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും ഡോ. ജിസ മെറിൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications