ആദ്യം സമീപിച്ചത് സ്വർണ്ണക്കടത്തിന് വേണ്ടി;നിരുത്സാഹപ്പെടുത്തിയതോടെ വിവാഹാലോചനയുടെ രൂപത്തിലെന്ന് ഷംന
കൊച്ചി: കൊച്ചി ബ്ലാക്ക്മെയിലിംഗ് കേസിൽ കുടുതൽ വെളിപ്പെടുത്തലുമായി നടി ഷംന കാസിം. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം ആദ്യം സമീപിച്ചത് സ്വർണ്ണക്കടത്തിന് വേണ്ടിയാണെന്നാണ് നടി ഷംന കാസിമിന്റെ വെളിപ്പെടുത്തൽ. പെരുന്നാളിന് മുമ്പാണ് സ്വർണ്ണക്കടത്തുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘം നടിയെ സമീപിക്കുന്നത്. താൽപ്പര്യമില്ലെന്ന് അറിയിച്ചതിന് ശേഷമാണ് തനിക്ക് വിവാഹാലോചനയുമായി സംഘമെത്തുന്നതെന്നും ഷംന പറയുന്നു. ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് തട്ടിപ്പിനെക്കുറിച്ചുള്ള കുടുതൽ വിവരങ്ങൾ നടി വെളിപ്പെടുത്തുന്നത്. കേസിൽ പ്രധാന പ്രതികൾ ഉൾപ്പെടെ അഞ്ച് പേരാണ് ഇതിനകം അറസ്റ്റിലായിട്ടുള്ളത്.

സിനിമാ രംഗത്ത് ശത്രുക്കളില്ല
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ തട്ടിപ്പ് സംഘത്തിന് ഷംനയുടെ നമ്പർ ലഭിച്ചത് സിനിമാ രംഗത്തുള്ളവരിൽ നിന്നാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാൽ സിനിമാ മേഖലയിൽ ആർക്കും തന്നോട് ശത്രുത ഉണ്ടാകേണ്ട കാര്യമില്ലെന്നാണ് നടിയുടെ പ്രതികരണം. വിവാഹാലോചനയുടെ പേരിൽ ഷംനയുടെ വീട്ടിലെത്തിയ അഞ്ച് പേർ ഇതിനകം പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. വരനെന്ന് പരിചയപ്പെടുത്തിയ അൻവറിന് പുറമേ പിതാവ്, മാതാവ്, സഹോദരൻ എന്ന പേരിൽ ഒരാൾ ചെറിയ കുട്ടി എന്നിവരെല്ലാം ഫോണിൽ ഷംനയോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണ സംഘം തന്നെ പറയുകയും ചെയ്തിരുന്നു.

തട്ടിക്കൊണ്ട് പോകാൻ ശ്രമം
ബ്ലാക്ക്മെയിൽ കേസിൽ ഷംന പോലീസിന് മൊഴി നൽകിയതിനിടെയാണ് നടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു സംഘത്തിന്റെ പദ്ധതിയെന്ന്. വിവാഹാലോചനയുടെ പേരിൽ വീട്ടിലെത്തിയ ആറംഗം സംഘം വീടും ചുറ്റുപാടുകളും വീഡിയോയിൽ പകർത്തിയിരുന്നു. ഇതിന് പിന്നാലെ പെണ്ണ് കാണാനെത്തുമെന്ന് അറിയിച്ച സംഘം വരാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇവർ ഷംനയിൽ നിന്ന് ബിസിനസ് ആവശ്യങ്ങൾക്ക് എന്ന പേരിൽ പണം ആവശ്യപ്പെടുന്നത്. സംഘം വീട് ആക്രമിക്കുകയോ മറ്റോ ചെയ്യുമെന്ന് ഭയന്നാണ് പോലീസിനെ സമീപിച്ചതെന്നാണ് നടി പറയുന്നത്. സംഘത്തിന്റെ തട്ടിപ്പ് പുറത്താകുമെന്ന ഘട്ടത്തിലെത്തിയതോടെയാണ് നടിയെ ഭീഷണിപ്പെടുത്തിയത്.
Recommended Video

നമ്പർ ബ്ലോക്ക് ചെയ്തു
സ്വർണ്ണക്കടത്തിന് വേണ്ടി വിളിച്ച സംഘത്തെ നിരുത്സാഹപ്പെടുത്തിയ നടി ഇവരുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. സ്വർണ്ണക്കടത്ത് സംഘത്തിന്റെ ഫോൺ വന്ന് ഒരു മാസത്തിന് ശേഷമാണ് ഇപ്പോഴത്തെ തട്ടിപ്പ് സംഘം വിവാഹാലോചനയുമായി രംഗത്തെത്തുന്നതെന്നാണ് നടി നൽകുന്ന വിവരം. ആദ്യത്തെ സംഭവം പെരുന്നാളിന് മുമ്പും വിവാഹാലോചന സംഘം പെരുന്നാളിന് ശേഷവുമാണ് നടിയെ ഫോണിൽ ബന്ധപ്പെട്ടത്. തട്ടിപ്പ് സംഘത്തിന് ഫോണിൽ വിളിപ്പിച്ച് ആളുകളെ കാര്യം പറഞ്ഞ് വിശ്വസിപ്പിക്കാൻ പ്രത്യേക കഴിവ് തന്നെയുണ്ടെന്നും നടി പറയുന്നു.

ഓരോ തവണയും പറഞ്ഞത് കള്ളം?
മെയ് 25നാണ് അൻവറിനോട് സംസാരിച്ച് തുടങ്ങുന്നതെന്നാണ് ഷംന പറയുന്നത്. മെയ് 30ന് ആദ്യം സംഘം പെണ്ണുകാണലിനായി എത്തുമെന്ന് അറിയിച്ചെങ്കിലും പിന്നീട് മരണമുണ്ടെന്ന് പറഞ്ഞ് പെണ്ണുകാണൽ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. അതിന് ശേഷം ബുധനാഴ്ച വരുമെന്നാണ് അറിയിച്ചത്. ഇതിനിടെ വരനായി എത്തിയ ആൾ നടിയിൽ നിന്ന് ബിസിനസ് ആവശ്യത്തിനെന്ന പേരിൽ പണം ആവശ്യപ്പെടുകയായിരുന്നു. ഒരു ലക്ഷം രൂപയാണ് നടിയിൽ നിന്ന് ആവശ്യപ്പെടുന്നത്. വിവാഹാലോചന വിവാഹത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തിൽ എത്തിയതോടെയാണ് അൻവറിനോട് സംസാരിക്കാൻ ആരംഭിച്ചതെന്നും നടി പറയുന്നു.

ഫോട്ടോ എടുത്തത് സംശയത്തിന് ഇടയാക്കി
അച്ഛനും അമ്മയും സഹോദരനും ഭാര്യയും സഹോദരിയുമെല്ലാം പെണ്ണുകാണാനായി എത്തുമെന്നും സംഘം ഷംനയുടെ കുടുംബത്തെ ധരിപ്പിച്ചു. വരൻ പെണ്ണുകാണുന്നതിനായി എത്തുന്നതിന് മുമ്പ് കുറച്ച് ബന്ധുക്കൾ വരുമെന്നും തട്ടിപ്പ് സംഘം നടിയുടെ കുടുംബത്തെ അറിയിച്ചു. ഈ സംഘം എത്തിയതോടെയാണ് നടിയുടെ വീട്ടുകാർക്ക് സംശയം തോന്നിയത്. വീടിന് ചുറ്റും നടന്ന് ഇവർ ഫോട്ടോ എടുക്കുന്നതിനൊപ്പം വണ്ടികളുടെ ഫോട്ടോയും പകർത്തി. ഈ സംഘം മടങ്ങിയതിന് പിന്നാലെയാണ് ഷംനയുടെ കുടുംബം പോലീസിനെ സമീപിച്ച് പരാതി നൽകുന്നത്.












Click it and Unblock the Notifications