കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ്ണുവിന്റെ അമ്മ മഹിജയെ കൊല്ലുമെന്ന് എഎന്‍ ഷംസീറിന്റെ ഭീഷണി..!! സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണം!!

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് വിഷയത്തില്‍ ഡിവൈഎഫ്‌ഐ നേതാവും തലശ്ശേരി എംഎല്‍എയുമായ എഎന്‍ ഷംസീറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം. ജിഷ്ണുവിന്റെ മാതാപിതാക്കളെ കൊല്ലുമെന്ന് ഷംസീര്‍ വധഭീഷണി മുഴക്കിയെന്നാണ് പ്രചാരണം നടക്കുന്നത്. തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ഷംസീര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വ്യാജപ്രചാരണം..

സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടക്കുന്നു എന്നാരോപിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് എഎന്‍ ഷംസീര്‍ പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് നിന്നുള്ള വിദ്യ ബാലകൃഷ്ണന്‍ എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് പ്രചാരണം നടക്കുന്നത്.

പോലീസിന് പരാതി

തന്നെ തേജോവധം ചെയ്യുന്ന ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ അന്വേഷണം നടത്തി മുഴുവന്‍ കുറ്റക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. ജിഷ്ണുവിന്റെ കുടുംബത്തിന് നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പോലീസിനെ ന്യായീകരിച്ച് സംസാരിച്ചതിനെത്തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ ഷംസീറിനെതിരെ തിരിഞ്ഞത്.

വധഭീഷണിയെന്ന് പ്രചാരണം

കഴിഞ്ഞ രണ്ട് ദിവസമായി തനിക്കെതിരെ ചില കേന്ദ്രങ്ങള്‍ അപവാദ പ്രചാരണം നടത്തുന്നതായി ഷംസീര്‍ പറയുന്നു. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കെതിരെ താന്‍ വധഭീഷണി നടത്തിയെന്ന തരത്തിലുള്ള പ്രചാരണം. ഇത് അത്യന്തം നീചവും നിന്ദ്യവും ആണെന്ന് ഷംസീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വ്യക്തിഹത്യയാണ് ലക്ഷ്യം

ഇത്തരം പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യം തന്നെ വ്യക്തിഹത്യ നടത്തുക എന്നുള്ളതാണ്. താനെന്താണ് എന്ന് കേരളീയ ജനതയ്ക്ക് അറിയാം. തന്റെ സ്വന്തം കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ട വേദനയോടുകൂടിയാണ് ജിഷ്ണുവിന്റെ വേര്‍പാടിനെ താന്‍ കാണുന്നതെന്നും ഷംസീര്‍ പറയുന്നു.

ജിഷ്ണുവിന് നീതി ലഭിക്കും

ജിഷ്ണുവിന്റെ മരണ ശേഷം ഈ നിമിഷം വരെ കേസുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും പ്രോസിക്യൂട്ടറുമായും നിരന്തരം കാര്യങ്ങള്‍ അന്വേഷിക്കുന്ന പൊതുപ്രവര്‍ത്തകനാണ് താന്‍. ജിഷ്ണു തങ്ങളുടെ സഹോദരനാണ്. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്നും ഷംസീര്‍ പറയുന്നു.

പോലീസിന് ന്യായീകരണം

ജിഷ്ണുവിന്റെ അമ്മ മഹിജ അടക്കമുള്ളവരെ ഡിജിപി ആസ്ഥാനത്തിന് മുന്നില്‍ പോലീസ് വലിച്ചിഴച്ചതിനെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ പ്രതികരണത്തിനായി വിളിച്ചപ്പോഴാണ് എഎന്‍ ഷംസീര്‍ പോലീസ് നടപടിയെ ന്യായീകരിച്ച് സംസാരിച്ചത്. മാതൃഭൂമി അവതാരകയോട് പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു സംസാരം.
വിഷയത്തെക്കുറിച്ചല്ലാതെ അരിയെത്ര എന്നു ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന തരത്തിലായിരുന്നു സിപിഎം യുവനേതാവിന്റെ മറുപടി.

പോലീസ് നടപടി സ്വാഭാവികം

ജിഷ്ണുവിന്റെ കുടുംബത്തിന് എതിരെ നടന്ന പോലീസ് അതിക്രമത്തെ കുറിച്ചുള്ള ആദ്യ ചോദ്യത്തിന് ഉള്ള ഷംസീറിന്റെ ഉത്തരം സ്വാശ്രയ കോളേജുകളില്‍ ചൂഷണം പ്രോത്സാഹിപ്പിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നായിരുന്നു. നിലവിലെ പ്രശ്‌നത്തെക്കുറിച്ചുള്ള പ്രതികരണം എന്താണെന്നുള്ള ചോദ്യത്തിന് നിങ്ങള്‍ക്ക് വേണ്ട ഉത്തരം പറയാനല്ല താന്‍ വന്നിരിക്കുന്നത് എന്നായിരുന്നു മറുപടി. ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോഴാണ് സമരം തടഞ്ഞ പോലീസ് നടപടി സ്വാഭാവികമാണ് എന്ന പ്രതികരണം വന്നത്.

മനുഷ്യത്വം പഠിപ്പിക്കേണ്ട..

ഇന്ന് നടന്നത് രാഷ്ട്രീയ സമരമല്ലെന്നും മകന്‍ നഷ്ടപ്പെട്ട ഒരു അമ്മ നടത്തിയ സമരമാണെന്നും അവതാരക ചൂണ്ടിക്കാട്ടുകയുണ്ടായി. അത്തരമൊരു സമരത്തെ മനുഷ്യത്വത്തോടെ കാണേണ്ടതല്ലേ എന്ന ചോദ്യത്തിന് എനിക്ക് മനുഷ്യത്വമുണ്ടോ എന്ന് നിങ്ങളല്ല തീരുമാനിക്കേണ്ടത് എന്നായിരുന്നു മറുപടി.
ജിഷ്ണുവിന്റെ മരണശേഷം കുടുംബത്തെ സന്ദര്‍ശിച്ച ആളാണ് താന്‍. തന്നെ മനുഷ്യത്വം പഠിപ്പിക്കാന്‍ ശ്രമിക്കേണ്ടന്നും എഎന്‍ ഷംസീര്‍ അവതാരകയോട് പൊട്ടിത്തെറിച്ചു.

മാധ്യമങ്ങൾക്കും വിമർശനം

അത്തരത്തില്‍ മനുഷ്യത്വം ഉണ്ടായിരുന്നുവെങ്കില്‍ കൃഷ്ണദാസിനെതിരെ നടപടിയെടുക്കാമായിരുന്നില്ലേ എന്ന് അവതാരക ചോദ്യമുന്നയിച്ചു.
ഈ ചോദ്യത്തിനുള്ള ഷംസീറിന്റെ മറുപടി മാധ്യമങ്ങള്‍ക്കുള്ള വിമര്‍ശനം ആയിരുന്നു. കൃഷ്ണദാസിന് കോടതി ജാമ്യം നല്‍കിയതില്‍ മാധ്യമങ്ങള്‍ പ്രതികരിച്ചില്ല എന്നായി എംഎല്‍എയുടെ ആക്ഷേപം. നിങ്ങള്‍ക്ക് കോടതിയെ പേടിയല്ലേ എന്നായിരുന്നു ചോദ്യം.

പ്രതിഷേധം ശക്തം

മാധ്യമങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രതികരിക്കാമായിരുന്നല്ലോ എന്ന് അവതാരക മറുചോദ്യമുന്നയിച്ചു. ഞങ്ങള്‍ പ്രതികരിച്ചില്ലെന്ന് നിങ്ങള്‍ക്കെങ്ങനെ പറയാന്‍ സാധിക്കുമെന്ന് ഷംസീര്‍. അങ്ങനെയെങ്കില്‍ ഏതൊക്കെ ഘട്ടത്തിലെന്ന് വിശദീകരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഷംസീര്‍ കിടന്നുരുളുകയായിരുന്നു.
പോലീസ് ക്രൂരതയെ ന്യായീകരിച്ച എ എന്‍ ഷംസീറിനെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധവും പരിഹാസവും ഉയരുകയാണ്.

English summary
AN Shamseer MLA complaints against cyber attack in Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X