ഷെയിനിന്‍റേത് പ്രകോപനം; കൈവിട്ട് അമ്മയും ഫെഫ്കയും!! ഇനി ചര്‍ച്ചയ്ക്ക് ഇല്ല
തിരുവനന്തപുരം: നടന്‍ ഷെയ്ന്‍ വിവാദം ഉടനൊന്നും കെട്ടടങ്ങിയേക്കില്ല. നടന് ഏര്‍പ്പെടുത്തിയ വിലക്കില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്ന നിലപാടാണ് നിര്‍മ്മാതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്ന് കൊച്ചിയില്‍ അമ്മ-ഫെഫ്ക ഭാരവാഹികള്‍ ഷെയ്ന്‍ വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അനുനയത്തിന് തയ്യാറല്ലെന്ന നിലപാടാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.
അതിനിടെ നടന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ രംഗത്തെത്തിയതും പ്രശ്നപരിഹാരത്തിനിടെ മന്ത്രി എകെ ബാലനുമായി നടന്‍ കൂടിക്കാഴ്ച നടത്തിയതും അമ്മ-ഫെഫ്ക സംഘടന ഭാരവാഹികളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതോടെ ഇനി ഷെയിനുമായി യാതൊരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നാണ് സംഘടനകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാവരേയും കേള്‍ക്കണം
കഴിഞ്ഞ ദിവസം ഷെയിനുമായി അമ്മ ഭാരവാഹികളായ നടന്‍ സിദ്ധിഖും ഇടവേള ബാബുവും ചര്‍ച്ച നടത്തിയിരുന്നു. സിദ്ധിഖിന്‍റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും എതിരെ ഷെയിന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം തള്ളിക്കളയാന്‍ ആകില്ലെന്നും അതേസമയം സംവിധായകരുടെ ഭാഗം കൂടി കേള്‍ക്കേണ്ടതുണ്ടെന്നും ഇടവേള ബാബു വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിന്‍റെ നിലപാട്
കൂടിക്കാഴ്ചയില്‍ സംഘടന പറയുന്ന കാര്യങ്ങള്‍ അനുസരിയ്ക്കാമെന്ന നിലപാടായിരുന്നത്രേ ഷെയിന്‍ നിഗം സ്വീകരിച്ചിരുന്നത്. പ്രശ്നങ്ങള്‍ വളരെ വേഗം തന്നെ അവസാനിപ്പിക്കണമെന്നായിരുന്നു അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാലും അറിയിച്ചത്. ഇനി ഷെയിന്‍ മറ്റ് ചര്‍ച്ചകള്‍ നടത്തില്ല. അമ്മ തന്നെ നേരിട്ട് ഫെഫ്കയുമായും സംവിധായകരുമായും നിര്‍മ്മാതാക്കളുമായും ചര്‍ച്ച നടത്തുമെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.

കൊച്ചിയില്‍ ചര്‍ച്ച
ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ഉച്ചയ്ക്ക് കൊച്ചിയില്‍ വെച്ച് സംവിധായകനുമായും ഫെഫ്ക ഭാരവാഹികളുമായും ഇടവേള ബാബു ഉള്‍പ്പെടെയുള്ള അമ്മ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയത്. ഷെയിന്‍ നിഗവും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇതിന് തൊട്ട് പിട്ടാലെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയിന്‍ പരസ്യ വിമര്‍ശനം ഉയര്‍ത്തി.

ഖേദം പ്രകടിപ്പിക്കും
ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു നിര്‍മ്മാതാക്കള്‍ക്കെതിരെയുളള നടന്‍റെ പ്രതികരണം. വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നായിരുന്നു ഷെയിന്‍ പ്രതികരിച്ചത്. ഒത്ത് തീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിക്കും, അവിടെ നമ്മള്‍ ചെന്ന് ഇരിക്കും. എന്നാല്‍ അവര്‍ പറയുന്നത് റേഡിയോ പോലെ നമ്മള്‍ കേള്‍ക്കണം, ഷെയിന്‍ പറഞ്ഞു.

വിളിച്ച് ഖേദം പ്രകടിപ്പിക്കും
എന്നാല്‍ നമ്മള്‍ എന്തെങ്കിലും പ്രതികരിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ അത് കേള്‍ക്കില്ല. നിര്‍മ്മാതാക്കള്‍ ചെയ്യാനുള്ളതൊക്കെ ചെയ്യും. എന്നിട്ട് പത്രസമ്മേളനം വിളിച്ച് ഖേദം പ്രകടിപ്പിക്കും. അതുകൊണ്ടെന്താ കാര്യമെന്നും ഷെയിന്‍ ചോദിച്ചിരുന്നു.

സംവിധായകനെതിരേയും
അതേസമയം സിനിമയുടെ സംവിധായകനെതിരേയും ഷെയിന്‍ രംഗത്തെത്തി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശേഷം പിന്നീട് തന്നെ ദ്രോഹിച്ചത് നിര്‍മ്മാതാവല്ല, ആ പടത്തിന്‍റെ ക്യാമറാമാനും സംവിധായകനുമാണെന്നുമാണ് ഷെയിന്‍ പറഞ്ഞത്. അതേസമയം പരസ്യ വിമര്‍ശനത്തില്‍ കടുത്ത നിലപാടാണ് നിര്‍മ്മാതാക്കള്‍ ഷെയിനിനെതിരെ സ്വീകരിച്ചത്.

ഖേദം പ്രകടിപ്പിക്കണം
ഷെയിനിന്‍റേത് പ്രകോപനപരമായ സമീപനമാണെന്ന് നിര്‍മ്മാതാക്കള്‍ കുറ്റപ്പെടുത്തി. നിലവിലെ ചര്‍ച്ചകളുടെ പ്രസക്തി തന്നെ ഇല്ലാതാക്കിയിരിക്കുകയാണ് ഷെയിന്‍. ഇനി ഖേദം പ്രകടിപ്പിക്കാതെ മുന്‍പോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷെയിന്‍ പറഞ്ഞു.

പ്രതികരിച്ച് മന്ത്രി
അതിനിടെ വിഷയത്തില്‍ മന്ത്രി എകെ ബാലനും പ്രതികരണവുമായി രംഗത്തെത്തി. ഏതെങ്കിലും ഒരു പക്ഷം പിടിക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഷെയിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.വിലക്ക് ഇരുകൂട്ടരും രമ്യമായി പരിഹരിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

പരിഹരിക്കണം
ഇപ്പോഴത്തെ പ്രശ്നം താരസംഘടനയ്ക്ക് തന്നെ പരിഹരിക്കാനാകും. സിനിമാ വ്യവസായം പ്രതിസന്ധികള്‍ ഇല്ലാതെ മുന്‍പോട്ട് പോകേണ്ടതുണ്ടെന്നും മന്ത്രി പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്കാണ് കൊച്ചിയിലെ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഷെയിന്‍ മന്ത്രിയെ കാണാന്‍ എത്തിയത്.












Click it and Unblock the Notifications