ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ട് കൂടെന്ന് മന്നം പറഞ്ഞത് അനുഭവിക്കുന്നുവെന്ന് ശശി തരൂർ
കോട്ടയം: ചങ്ങനാശ്ശേരിയില്‍ മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുളള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവേ കോണ്‍ഗ്രസ് നേതൃത്വത്തിന് നേര്‍ക്ക് ശശി തരൂരിന്റെ ഒളിയമ്പ്. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ട് കൂടെന്ന് മന്നം പറഞ്ഞത് 80 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. രാഷ്ട്രീയത്തില്‍ താന്‍ ഇപ്പോഴത് അനുഭവിക്കുന്നുണ്ട് എന്നായിരുന്നു ശശി തരൂരിന്റെ വാക്കുകള്‍. വിഡി സതീശനും കെ സുധാകരനും നയിക്കുന്ന സംസ്ഥാന നേതൃത്വത്തിന് തന്നോടുളള അതൃപ്തിയെ സൂചിപ്പിച്ച് കൊണ്ടാണ് തരൂരിന്റെ പ്രതികരണം.
പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ മറ്റ് മുതിര്‍ന്ന നേതാക്കളെ ക്ഷണിച്ചിരുന്നില്ല. മാത്രമല്ല ശശി തരൂരിനെ പ്രകീര്‍ത്തിച്ച് കൊണ്ടാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസംഗിച്ചതും. തരൂര്‍ വിശ്വപൗരനാണെന്നും കേരള പുത്രന്‍ ആണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആ സ്ഥാനത്ത് മറ്റാരെയും കാണാന്‍ സാധിക്കില്ല. മുന്‍പ് താന്‍ തരൂരിനെ ദല്‍ഹി നായര്‍ എന്ന് വിളിച്ചിരുന്നു. ഇന്ന് തരൂരിനെ വിളിച്ചത് ആ തെറ്റ് തിരുത്താനാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും ആദ്യമായി തരൂര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോഴായിരുന്നു സുകുമാരന്‍ നായര്‍ വിമര്‍ശനവുമായി രംഗത്ത് വന്നത്. കേരള രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്ന തരൂരിനെ അന്ന് ഡല്‍ഹി നായര്‍ എന്നാണ് സുകുമാരന്‍ നായര്‍ പരിഹസിച്ചത്. തിരുവനന്തപുരത്ത് തരൂരിനെ മത്സരിപ്പിക്കുന്നത് നായര്‍ ക്വോട്ടയില്‍ ഉള്‍പ്പെടുത്തി വേണ്ട എന്നും കോണ്‍ഗ്രസ് നേതൃത്വത്തോട് സുകുമാരന്‍ നായര്‍ വ്യക്തമാക്കുകയുണ്ടായി.
ഈ അകല്‍ച്ച മാറ്റിയാണ് ഇത്തവണ മന്നം ജയന്തി പൊതുസമ്മേളനത്തിന് ഉദ്ഘാടകനായി ശശി തരൂരിനെ സുകുമാരന്‍ നായര്‍ എത്തിച്ചിരിക്കുന്നത്. നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി സുകുമാരന്‍ നായര്‍ അത്ര രസത്തിലല്ല എന്നതു കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. തിരഞ്ഞെടുപ്പില്‍ താന്‍ ഒരു സമുദായ സംഘടനയുടേയും പിന്തുണയോടെ അല്ല ജയിച്ചത് എന്ന് വിഡി സതീശന്‍ പറഞ്ഞതാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ ചൊടിപ്പിച്ചത്.
വിഡി സതീശനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് സുകുമാരന്‍ നായര്‍ രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് പിന്തുണ ആവശ്യപ്പെട്ട് സതീശന്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും മണിക്കൂറുകളോളം ഒപ്പമിരുന്ന് സഹായം അഭ്യര്‍ത്ഥിച്ചുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് സതീശന്‍ ആണെന്നും പ്രസ്താവന തിരുത്തിയില്ലെങ്കില്‍ അത് സതീശന്റെ ഭാവിക്ക് ഗുണം ചെയ്യില്ലെന്നും സുകുമാരന്‍ നായര്‍ അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications